അച്ഛനും മകളും ഒരേ സ്ക്രീനിൽ, വില്ലനായി അഭിഷേക് ബച്ചൻ: ഷാരൂഖ് ഖാൻ ചിത്രം ഒരുങ്ങുന്നു
ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും പ്രധാന വേഷത്തിൽ എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഒരുങ്ങുന്നു. പത്താൻ എന്ന സിനിമക്കു ശേഷം ഷാരൂഖ് ഖാനും സിദ്ധാർത്ഥ് ആനന്ദും ഒരുമിക്കുന്ന ചിത്രമാണിത്. മാത്രമല്ല സംവിധാനം ചെയ്യുന്നത് ബോളിവുഡിലെ സക്സസ് ചിത്രങ്ങളുടെ സൃഷ്ടാവ് സുജോയ് ഘോഷ് തന്നെ. 'കിംഗ്' എന്ന് പേരിട്ട ചിത്രത്തിൽ വില്ലനായി എത്തുന്നത് അഭിഷേക് ബച്ചൻ ആണെന്നാണ് റിപ്പോർട്ടുകൾ.
ഷാരൂഖ് ഖാൻറെ പ്രൊഡക്ഷൻ ഹൗസ് റെഡ് ചില്ലീസും, സിദ്ധാർത്ഥ് ആനന്ദിൻറെ മാർഫ്ലിക്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഹാന ഖാൻ തന്റെ ആദ്യ ഫീച്ചർ ഫിലിമിലൂടെ ബിഗ്സ്ക്രീനിലെത്തുന്നു എന്നത് വലിയൊരു സവിശേഷതയാണ്. അതും സ്വന്തം പിതാവിനൊപ്പം അഭിനയിക്കാനും അവസരം ലഭിച്ചു. ചിത്രം ഒരു പക്കാ ആക്ഷൻ രീതിയിലാവും ചിത്രീകരിക്കുന്നത്. അഭിഷേക് ബച്ചനൊപ്പം മറ്റൊരാൾ കൂടെ വില്ലൻ വേഷം കൈകാര്യം ചെയ്യുമെന്നാണ് പറയുന്നത്.

അഭിഷേക് ബച്ചന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാവും ഈ വേഷം. കാരണം അത്രക്കും പ്രത്യേകതകൾ ഉള്ള വില്ലൻ വേഷമാണിത്. അഭിഷേക് ബച്ചൻ എന്ന നടനിലെ മുഴുവൻ കഴിവുകളും പൂർണമായി ബോളിവുഡ് ഉപയോഗിച്ചിട്ടില്ല. ആദ്യ കാലങ്ങളിൽ ഫിർ മിലേങ്കേ, ദൂം, സർക്കാർ, കബി അൽവിദ നാ കഹനാ തുടങ്ങി നല്ല ചിത്രങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട്. എന്നാൽ അതിഗംഭീരം പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത് ഗുരു, പാ, ഗൂമർ തുടങ്ങിയ ചുരുക്കം ചില ചിത്രങ്ങളിലൂടെയാണ്.
സങ്കീർണ്ണമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കും. ഓവർ ആക്ടിംഗ് ഇല്ലാതെ വളരെ മിതമായ രീതിയിൽ അഭിനയിക്കുകയും ആ ഇമോഷനെ അതിനിരട്ടി ശക്തിയിൽ കാണുന്നവരിലേക്ക് എത്തിക്കുവാനും അദ്ദേഹത്തിന് കഴിയും. കിംഗിൽ അദ്ദേഹത്തിന്റെ നെഗറ്റീവ് വേഷം ഒരു ശക്തമായ കഥാപാത്രം തന്നെയാവും. മുഖ്യധാര സിനിമയിൽ ഇത്തരം ഒരു വേഷം അഭിഷേക് ആദ്യമായാണ്. ഇതിലെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലും സ്വാധീനം ചെലുത്തും.
ഈ ഓഫർ അറിയിച്ചപ്പോൾ അഭിഷേക് ആശ്ചര്യപ്പെട്ടു. എന്നാൽ തന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ മനസിലാക്കിയപ്പോൾ അദ്ദേഹം അത് സ്വീകരിച്ചു. ഇതൊരു പ്രത്യേക വേഷമാണ്, പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അഭിഷേകിനെ അവതരിപ്പിക്കാൻ സിദ്ധാർത്ഥ് ആനന്ദിന് വലിയ പദ്ധതികളുണ്ട്. മാത്രമല്ല ഇനിയും കാസ്റ്റിംഗ് പൂർത്തിയായിട്ടില്ല. മറ്റൊരു വില്ലൻ കഥാപാത്രത്തിനായുള്ള തിരച്ചിലും നടക്കുന്നുണ്ട്.

ചിത്രത്തിൽ അണ്ടർ വേൾഡ് ഡോൺ ആയാണ് ഷാരൂഖ് ഖാൻ എത്തുക. സുഹാന സുപ്രധാന വേഷത്തിൽ ചിത്രത്തിലുണ്ടാവും. സോയാ അക്തറിന്റെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത 'ദ് ആർച്ചീസ്' എന്ന ചിത്രത്തിൽ സുഹാന അഭിനയിച്ചിട്ടുണ്ട്. എന്നാൽ അതൊരു ഒടിടി റിലീസായിരുന്നു.
ചിത്രം ഈ വർഷം നവംബറോടെ ഷൂട്ടിംഗ് തുടങ്ങണമെന്നാണ് സിദ്ധാർത്ഥിന്റേയും സുജോയ് ഘോഷിന്റെയും പ്ലാൻ. അതിനായി വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ഉള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളുകളെല്ലാം ഏകദേശം പൂർത്തിയാക്കി. ലണ്ടനിൽ വെച്ചാവും കൂടുതലും ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത്. അടുത്ത വർഷം കിംഗ് റിലീസ് ചെയ്താലുടൻ ഷാരൂഖ് ഖാൻ- സിദ്ധാർത്ഥ് ആനന്ദ് കൂട്ടുകെട്ടിൽ പത്താൻ 2 ആരംഭിക്കും.


Click it and Unblock the Notifications











