അവളെ ഒരുപാട് കഷ്ടപ്പെടുത്തി, ഓടിരക്ഷപ്പെടുകയായിരുന്നു; ഭാനുപ്രിയ ബോളിവുഡില്‍ നേരിട്ടതിനെപ്പറ്റി സഹോദരി
ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ശാന്തിപ്രിയ. തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമെല്ലാം ശാന്തിപ്രിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് പിന്നിട്ട കരിയറില്‍ വലിയൊരു തിരിച്ചവരവിന് തയ്യാറെടുക്കുകയാണ് ശാന്തിപ്രിയ. തമിഴിലൂടെയാണ് ശാന്തിപ്രിയയുടെ തിരിച്ചുവരവ്. ബാഡ് ഗേള്‍ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും വരുന്നത്. അനുരാഗ് കശ്യപും വെട്രിമാരനും പിന്തുണയ്ക്കുന്ന സിനിമയാണ് ബാഡ് ഗേള്‍.
ഇതിനിടെ ഇപ്പോഴിതാ തന്റെ സിനിമാ യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തിപ്രിയ. താന്‍ കരിയര്‍ ആരംഭിച്ച സമയത്ത് ജയലളിതയും പിന്നീട് ശ്രീദേവിയുമായിരുന്നു സിനിമാ ലോകം ഭരിച്ചിരുന്നതെന്നാണ് ശാന്തിപ്രിയ ഓര്‍ക്കുന്നത്. നടി ഭാനുപ്രിയയുടെ സഹോദരിയുമാണ് ശാന്തിപ്രിയ. ഭാനുപ്രിയയ്ക്ക് ബോളിവുഡില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും ശാന്തിപ്രിയ സംസാരിക്കുന്നുണ്ട്.

തെന്നിന്ത്യന്‍ സിനിമ പൊതുവെ പുരുഷാധിപത്യം നിലനില്‍ക്കുന്ന ഇടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ എല്ലായിപ്പോഴും അത് അങ്ങനെയായിരുന്നില്ലെന്നാണ് ശാന്തിപ്രിയ പറയുന്നത്. ''നമ്മള്‍ പുരുഷ കേന്ദ്രീകൃതമായ ഇന്‍ഡസ്ട്രിയെക്കുറിച്ചും, ഇപ്പോള്‍ ഫെമിനിസത്തെക്കുറിച്ചും, സംസാരിക്കുന്നത് കുറച്ച് അധികമായിട്ടുണ്ട്. ഓരോരുത്തവരും അവരവര്‍ തിരഞ്ഞെടുത്ത മാര്‍ഗത്തിലൂടെയാണ് സഞ്ചരിച്ചത്. ആരേയും നിര്‍ബന്ധിച്ചിട്ടില്ല. ഞാനും എന്റെ സഹോദരിയും ഒരു തരത്തിലും കോംപ്രമൈസ് ചെയ്തിട്ടില്ല. ഷോര്‍ട്ട് കട്ടുകളും സ്വീകരിച്ചിട്ടില്ല'' എന്നാണ് ശാന്തിപ്രിയ പറയുന്നത്.
''സൗത്തില്‍ സംവിധായകനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പിന്നെ നായകനും നായികയ്ക്കും. അതേസമയം നായക കേന്ദ്രീകൃത സിനിമകള്‍ ചെയ്തിരുന്നത് ആളുകളെ തീയേറ്ററിലെത്തിക്കാനാണ്. പക്ഷെ ശ്രീദേവി സദ്മ പോലുള്ള സിനിമ ചെയ്ത് ആളുകളെ തീയേറ്ററിലെത്തിച്ചിരുന്നു. അന്ന് അവരായിരുന്നു ഇന്‍ഡസ്ട്രി ഭരിച്ചിരുന്നത്. വൈജയന്തിമാലയയും ആദരിക്കപ്പെട്ടിരുന്നു. '' ശാന്തി പ്രിയ പറയുന്നു. പിന്നാലെ ജയലളിതയുടെ സ്വാധീനത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
''ജയലളിത ഇന്‍ഡസ്ട്രിയെ ഭരിക്കുകയായിരുന്നു. വലിയ രീതിയില്‍ ബഹുമാനിക്കപ്പെട്ടിരുന്ന നടിമാരുമുണ്ട്. ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ ജയലളിതായിരുന്നു കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. സെറ്റില്‍ അവര്‍ ബിസ്‌ലരി വാട്ടര്‍ മാത്രമേ കുടിക്കൂവെന്ന് കേട്ടിരുന്നു'' ശാന്തിപ്രിയ പറയുന്നു. അതേസമയം സ്ത്രീകേന്ദ്രീകൃത സിനിമയാണെങ്കില്‍ നടിമാര്‍ അന്ന് തങ്ങളുടെ പ്രതിഫലം കുറയ്ക്കുമായിരുന്നുവെന്നും ശാന്തിപ്രിയ ഓര്‍ക്കുന്നുണ്ട്.
''സ്ത്രീ പ്രാധാന്യമുള്ള സിനിമയാണെങ്കില്‍ ബജറ്റ് കുറവാണെങ്കിലും ഞങ്ങള്‍ യെസ് പറയുമായിരുന്നു. പക്ഷെ ഗ്ലാമറസ് വേഷമായിരുന്നുവെങ്കില്‍, നാല് സീനാണെങ്കില്‍ പോലും ഞങ്ങള്‍ പ്രതിഫലം കൂട്ടുമായിരുന്നു. സംവിധായകന് ഞങ്ങളെ വേണമെങ്കില്‍ അവര്‍ പണം തരും. അതുപോലെ നല്ല കഥയാണെങ്കില്‍ ഞങ്ങള്‍ പ്രതിഫലം കുറയ്ക്കുകയും ചെയ്യുമായിരുന്നു. മറ്റൊരാളിലേക്ക് പോകാതിരിക്കാനാണ്. ഞാനും എന്റെ തെലുങ്ക് ചിത്രങ്ങളുടെ പ്രതിഫലം കുറച്ചിട്ടുണ്ട്.'' എന്നാണ് ശാന്തിപ്രിയ പറയുന്നത്.

''നടിയെന്ന നിലയില്‍ എന്റെ സഹോദരി പലവട്ടം തെളിയിച്ചിട്ടുണ്ട്. അവളെ എന്നും ശിവാജി ഗണേശനോടാണ് താരതമ്യം ചെയ്തിരുന്നത്. പക്ഷെ അവള്‍ക്ക് നല്ല മത്സരം നേരിടേണ്ടി വന്നു. ബോളിവുഡില്‍ വന്നപ്പോള്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. അവളെ ചിലര്‍ പ്രത്യേക രീതിയില്‍ കണ്ടിരുന്നു. അവള്‍ ബോളിവുഡില്‍ സന്തുഷ്ടയായിരുന്നില്ല. ഹോട്ടല്‍ മുറിയില്‍ ഇരിക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമില്ലെന്ന് അവള്‍ ചിന്തിച്ചു. സൗത്തില്‍ അവള്‍ക്ക് ഡിമാന്റ് കൂടിയപ്പോള്‍ അവള്‍ തിരികെ വരികയും സിനിമകള്‍ ചെയ്യുകയും ചെയ്തു'' എന്നാണ് ശാന്തിപ്രിയ ഭാനുപ്രിയയെക്കുറിച്ച് പറയുന്നത്.
അതുപോലെ തന്നെ വിവാഹ ശേഷം നായികമാരെ തേടി വരുന്നത് സഹ നടി വേഷങ്ങള്‍ ആണെന്നും പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ വിവാഹ ശേഷം ലഭിക്കുന്നത് കുറയുമെന്നും ശാന്തിപ്രിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. തിരിച്ചുവരവില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശാന്തിപ്രിയ പറഞ്ഞു.


Click it and Unblock the Notifications











