അക്ഷയ് കുമാര്‍ ഒന്നുമല്ലാത്തപ്പോള്‍ കൂടെ നിന്നിട്ടും എന്നെ വഞ്ചിച്ചു; അവന്റെ തനിനിറം ഞാന്‍ കണ്ടു: ശാന്തിപ്രിയ
ഒരുകാലത്തെ തിരക്കുള്ള നായികയായിരുന്നു ശാന്തി പ്രിയ. അക്ഷയ് കുമാറിന്റെ ആദ്യ നായികയുമായിരുന്നു ശാന്തി പ്രിയ. 1991 ല്‍ പുറത്തിറങ്ങിയ സൗഗന്ധ് ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രം. അക്ഷയ് കുമാര്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണെന്നും അച്ചടക്കമുള്ള നടനാണെന്നും ശാന്തി പ്രിയ പറയുന്നു. അതേസമയം അക്ഷയ് കുമാര്‍ തന്നെ വഞ്ചിച്ചതായും ശാന്തി പ്രിയ പറയുന്നുണ്ട്.
നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള നടിയാണ് ശാന്തി പ്രിയ. പിന്നീട് താരം സിനിമ ഉപേക്ഷിക്കുകയായിരുന്നു. കുടുംബത്തിന് വേണ്ടിയാണ് ശാന്തി പ്രിയ സിനിമ ഉപേക്ഷിക്കുന്നത്. എന്നാല്‍ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം താരം തിരിച്ചു വരാന്‍ ശ്രമിച്ചു. ഈ സമയത്താണ് അക്ഷയ് കുമാറിനെ ബന്ധപ്പെടുന്നത്. എന്നാല്‍ അക്ഷയ് തന്നെ വഞ്ചിച്ചുവെന്നാണ് ശാന്തി പ്രിയ പറയുന്നത്.

ഹോളിഡെ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് അക്ഷയ് കുമാറിനെ ശാന്തി പ്രിയ കാണുന്നത്. സ്‌നേഹത്തോടെയാണ് അദ്ദേഹം അപ്പോള്‍ സംസാരിച്ചതും ഇടപെട്ടതും. എന്നാല്‍ പിന്നീട് തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു എന്നാണ് ശാന്തി പ്രിയയുടെ ആരോപണം. താന്‍ ധാരാള മെസേജുകള്‍ അയക്കുകയും ഒരുപാട് തവണ ഫോണ്‍ വിളിക്കുകയും ചെയ്തു. എന്നിട്ടൊന്നും അക്ഷയ് കുമാര്‍ മറുപടി നല്‍കിയില്ലെന്നാണ് ശാന്തി പ്രിയ പറയുന്നത്.
ഒടുവില്‍ തന്നെ അവഗണിക്കുന്നത് കണ്ട് വേദനിച്ച അമ്മയാണ് തന്നോട് അക്ഷയ് കുമാറിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത് നിര്‍ത്താന്‍ പറയുന്നതെന്നും ശാന്തി പ്രിയ പറയുന്നു. ഹൃദയഭേദകം ആയിരുന്നു ആ അനുഭവമെന്നാണ് ശാന്തി പ്രിയ പറയുന്നത്. ഇതോടെ സിനിമാ മേഖലയില്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നും ശാന്തി പ്രിയ പറയുന്നുണ്ട്.
''ഞാന്‍ ഹോളിഡെയുടെ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ അക്ഷയ് പഴയ അതേ ആളായിരുന്നു. എനിക്ക് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ എങ്ങനെയാണ്, എന്റെ മക്കള്‍ എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു. ലഞ്ച് ബ്രേക്കിനിടെ ഞങ്ങള്‍ കുറച്ച് നേരം നന്നായി സംസാരിച്ചു. അദ്ദേഹം എന്നെ സൊനാക്ഷിയ്ക്ക് പരിചയപ്പെടുത്തി. തന്റെ ആദ്യ നായികയാണെന്നും പറഞ്ഞു. ഞാന്‍ തിരികെ വരാന്‍ ആലോചിക്കുകയാണെന്നും എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞു'' എന്നാണ് ശാന്തി പ്രിയ പറയുന്നത്.
തന്നെ കാണാന്‍ ഇപ്പോഴും പഴയത് പോലെ തന്നെയുണ്ടെന്നും അക്ഷയ് പറഞ്ഞതായി ശാന്തി പ്രിയ പറയുന്നു. പക്ഷെ നിനക്ക് നായികയാകാന്‍ സാധിക്കില്ല എന്നത് നിനക്കറിയില്ലേ എന്നും അക്ഷയ് കുമാര്‍ ചോദിച്ചു. നിനക്ക് നായകനായി ഇപ്പോഴും അഭിനയിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് എനിക്ക് നായികയായി അഭിനയിച്ചു കൂടാ? എന്ന് ശാന്തി പ്രിയ ചോദിച്ചു. സിനിമാ മേഖലയില്‍ വിവാഹം കഴിഞ്ഞ സ്ത്രീകളേയും പുരുഷന്മാരേയും ഒരേപോലെയല്ല പരിഗണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എന്തുകൊണ്ടാണ് ശാന്തി പ്രിയ തെന്നിന്ത്യന്‍ സിനിമകള്‍ നോക്കാത്തതെന്നും അക്ഷയ് കുമാര്‍ ചോദിച്ചു. തന്റെ മക്കള്‍ മുംബൈയിലാണുളളത്, താനും മുംബൈയിലാണുള്ളത്, അതിനാലാണ് ബോളിവുഡ് ചിത്രങ്ങള്‍ നോക്കുന്നത് എന്നതായിരുന്നു ശാന്തി പ്രിയ നല്‍കിയ മറുപടി. അക്ഷയ് കുമാറിനെ ബന്ധപ്പെടുക വളരെ എളുപ്പമായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തില്‍ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നാണ് ശാന്തി പ്രിയ പറയുന്നത്.
''പ്രതീക്ഷ പാടില്ല എന്ന് ഞാന്‍ പഠിച്ചു. എനിക്ക് ഒന്നും മറച്ചുവെക്കാനില്ല. അതിന് ശേഷം അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ വിളിച്ചു. എയര്‍ലിഫ്റ്റിന് വേണ്ടി എന്റെ ഫോട്ടോസ് വേണമെന്ന് പറഞ്ഞു. ഞാനത് അയച്ചു കൊടുത്തു. തിരിച്ചു വിളിക്കാമെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞുവെങ്കിലും എനിക്കൊരു കോളു വന്നില്ല. വിളിക്കും എടുക്കില്ല. വിളിക്കും എടുക്കില്ല. യഥാര്‍ത്ഥ നിറം പുറത്തു വന്നു. ഞാന്‍ അക്ഷയ്ക്ക് മെസേജ് അയച്ചു. മറുപടിയില്ല. സീന്‍ ആയി, പക്ഷെ മറുപടിയില്ല. അത് തന്നെ ആവര്‍ത്തിച്ചു. എന്റെ അമ്മയ്ക്ക് അക്ഷയ് കുമാറിനെ ഇഷ്ടമാണ്. പക്ഷെ ഇതൊക്കെ കണ്ടപ്പോള്‍ അവനെ വിളിക്കുന്നത് നിര്‍ത്താന്‍ പറഞ്ഞു'' ശാന്തി പ്രിയ പറയുന്നു.

ഇതിനിടെ അക്ഷയ് കുമാറിന്റെ സെക്രട്ടറി മാറി. അവരോടും തന്നെ പരിചയപ്പെടുത്തി. അക്ഷയ് കുമാറിനോട് ചോദിച്ച ശേഷം പറയാമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് അവരില്‍ നിന്നും തനിക്കൊരു മറുപടിയും കിട്ടിയില്ലെന്നും ശാന്തി പ്രിയ പറയുന്നു. അതേസമയം അന്ന് അക്ഷയ് കുമാറിന്റെ ആദ്യ സിനിമയില്‍ അക്ഷയ് കുമാറിനെ നായകനാക്കാന്‍ താനാണ് സമ്മതിച്ചതെന്നും ശാന്തി പ്രിയ ഓര്‍ക്കുന്നുണ്ട്. അന്ന് ശാന്തി പ്രിയ പേരെടുത്ത അഭിനേത്രിയായിരുന്നു. ഇന്ന് സഹായിക്കാനുള്ള അവസരം വന്നപ്പോള്‍ അക്ഷയ് തന്നെ വഞ്ചിച്ചുവെന്നാണ് ശാന്തി പ്രിയ പറയുന്നത്.
നിങ്ങള്‍ എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷെ തന്റെ ആദ്യ നായികയെ മറന്നുവെന്നാണ് ശാന്തി പ്രിയ പറയുന്നത്. ഈയ്യടുത്ത് സുനില്‍ ഷെട്ടിയുടെ കൂടെ എംഎക്‌സ് പ്ലെയര്‍ സീരീസിന്റെ ധാരാവി ബാങ്ക് എന്ന സീരിയില്‍ ശാന്തി പ്രിയ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications