ബച്ചന് എന്നോട് അസൂയ, വഴക്ക് കൂട്ടിയത് എരിതീയില്‍ എണ്ണയൊഴിച്ച രേഖ; ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു
ബോളിവുഡിലെ ഐക്കോണിക് താരങ്ങളാണ് ശത്രുഘ്‌നന്‍ സിന്‍ഹയും അമിതാഭ് ബച്ചനും. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളും വലിയ വിജയങ്ങളായിരുന്നു. എന്നാല്‍ കരിയറിന്റെ ഒരു ഘട്ടത്തില്‍ ബച്ചനും സിന്‍ഹയും തമ്മില്‍ ചില പിണക്കങ്ങളുണ്ടായിരുന്നു. തന്റെ ആത്മകഥയായ എനിത്തിംഗ് ബട്ട് ഖാമോഷില്‍ അതേക്കുറിച്ച് സിന്‍ഹ തുറന്നെഴുതുന്നുണ്ട്. ബച്ചന്‍ കാരണം തന്നെ പല സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്നും അഡ്വാന്‍സ് തുക തിരികെ കൊടുക്കേണ്ടി വന്നുവെന്നും സിന്‍ഹ പറയുന്നുണ്ട്.
താനും ബച്ചനും തമ്മിലുള്ള പ്രശ്‌നത്തിന്റെ കാരണമായി സിന്‍ഹ പുസ്തകത്തില്‍ പറയുന്നത് ബച്ചന് തന്നോടുണ്ടായിരുന്ന അസൂയയാണ്. തനിക്ക് ലഭിക്കുന്ന കയ്യടികള്‍ ബച്ചന് ഇഷ്ടമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ''പ്രശഅനം എന്റെ പ്രകടനത്തിന് ലഭിക്കുന്ന കയ്യടികളായിരുന്നു. എനിക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ അമിതാഭ് കാണുന്നുണ്ടായിരുന്നു. അതിനാല്‍ തന്റെ സിനിമകളില്‍ ഞാന്‍ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു'' എന്നാണ് സിന്‍ഹ പറയുന്നത്.

തങ്ങളുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ കാലാ പത്തറിന്റെ സമയത്ത് തങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നുവെന്നാണ് സിന്‍ഹ പറയുന്നത്. ''കാലാ പത്തറിന്റെ സമയത്ത് സെറ്റില്‍ ബച്ചന്റെ അടുത്തുള്ള സീറ്റ് എനിക്ക് തരുമായിരുന്നില്ല. അദ്ദേഹത്തിന്റെ കുടയും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ഞങ്ങള്‍ ഒരേ ഹോട്ടലില്‍ നിന്നുമാണ് വന്നിരുന്നത്. പക്ഷെ ഒരിക്കലും അദ്ദേഹത്തിന്റെ കാറില്‍ ഞങ്ങളെ കയറ്റിയിരുന്നില്ല. ഇതെന്താണ് ഇങ്ങനെ എന്ന് ഞാന്‍ കുറേ ചിന്തിച്ചു. എനിക്ക് അദ്ദേഹവുമായി യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല'' എന്നാണ് സിന്‍ഹ പറയുന്നത്.
ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തില്‍ മാറ്റം വരുത്തിയതിനെക്കുറിച്ചും സിന്‍ഹ പറയുന്നുണ്ട്. തനിക്കും ബച്ചനും ഒരേ പ്രാധാന്യമുണ്ടായിരുന്ന സംഘട്ടന രംഗമായിരുന്നു അത്. എന്നാല്‍ ഷൂട്ട് ചെയ്യുന്നതിനിടെ അതില്‍ മാറ്റം വരുത്തി. പകരം ബച്ചന്‍ തന്നെ തല്ലി പരുവമാക്കുന്നതായി രംഗം. ഒടുവല്‍ ശശി കപൂര്‍ വന്ന് ബച്ചനെ പിടിച്ച് മാറ്റുന്നിടത്താണ് ആ രംഗം അവസാനിക്കുന്നത്. എന്നാല്‍ താന്‍ അതിനെ എതിര്‍ത്തുവെന്നും ഇതോടെ മൂന്ന് നാല് ദിവസം ഷൂട്ട് തന്നെ നിലച്ചു പോയെന്നും സിന്‍ഹ ഓര്‍ക്കുന്നുണ്ട്.

''ഞാനും ബച്ചനും സ്‌ക്രീനില്‍ ഗംഭീര ജോഡിയാണെന്ന് ആളുകള്‍ പറയുമായിരുന്നു. പക്ഷെ നസീബിലും ഷാനിലും ദോസ്താനയിലും കാലാ പത്തറിലും ശത്രുഘ്‌നന്‍ സിന്‍ഹ തലവേദനയാകുന്നുവെന്ന് അദ്ദേഹത്തിന് തോന്നി. അതുപക്ഷെ എന്നെ ബാധിച്ചിരുന്നില്ല. ഞാന്‍ പല സിനിമകളില്‍ നിന്നും പിന്മാറി. എനിക്ക് അഡ്വാന്‍സ് തുക തിരികെ നല്‍കേണ്ടി വരികയും ചെയ്തു. പത്തര്‍ കെ ലോക് എന്നൊരു സിനിമയുണ്ടായിരുന്നു. സലീം ജാവേദ് എഴുതി, പ്രകാശ് മെഹ്‌റ സംവിധാനം ചെയ്തത്. അമിതാഭ് ബച്ചനുള്ളതിനാല്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ തന്നെ ഞാന്‍ ഒരുപാട് സിനിമകളില്‍ നിന്നും പിന്മാറിയിട്ടുണ്ട്'' എന്നും സിന്‍ഹ പറയുന്നു.
''സീനത്ത് അമനും രേഖയും ഭിന്നതയ്ക്ക് വളം വച്ചുവെന്ന് ആളുകള്‍ പറയാറുണ്ട്. കാലാ പത്തറിന്റെ സമയത്ത് ഒരു നായികയ്ക്ക് അദ്ദേഹവുമായി നല്ല അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തെ വന്ന് കാണുമായിരുന്നു. ദോസ്താനയുടെ സമയത്തും അവര്‍ വരുമായരുന്നു. പക്ഷെ ഒരിക്കല്‍ പോലും അദ്ദേഹം അവരേയും കൊണ്ട് പുറത്ത് വരികയോ ഞങ്ങളെ പരിചയപ്പെടുത്തുകയോ ചെയ്തിരുന്നില്ല. പക്ഷെ എല്ലാവര്‍ക്കും അറിയാമായിരുന്നു ആരാണ് ബച്ചനെ കാണാന്‍ വരുന്നതെന്ന്. റീന എന്റെ മുറിയില്‍ വന്നാല്‍ അപ്പോള്‍ തന്നെ മീഡിയ അറിയും. ഇതൊന്നും അങ്ങനെ രഹസ്യമാക്കി വെക്കാനാകില്ല'' എന്നും സിന്‍ഹ പറയുന്നുണ്ട്.


Click it and Unblock the Notifications