മാര്‍ക്കറ്റില്‍ വച്ച് ചെറിയ പ്രായത്തില്‍ നേരിട്ട ദുരനുഭവം; പേടിച്ച് ശബ്ദമില്ലാതായി; വെളിപ്പെടുത്തി ഷെഫാലി ഷാ
ബോളിവുഡിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഷെഫാലി ഷാ. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുള്ള താരമാണ് ഷെഫാലി. ഒടിടിയുടെ വരവോടെയാണ് ഷെഫാലി താരമായി മാറുന്നത്. ഡല്‍ഹി ക്രൈം സീരീസിലൂടെ രാജ്യാന്തര ശ്രദ്ധ നേടാനും ഷെഫാലിയ്ക്ക് സാധിച്ചു. മണ്‍സൂണ്‍ വെഡ്ഡിംഗ്, വണ്‍സ് എഗെയ്ന്‍ തുടങ്ങിയ സിനിമകളിലും മിന്നും പ്രകടനം കാഴ്ചവച്ച താരമാണ് ഷെഫാലി.
ഓണ്‍ സ്‌ക്രീനില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഷെഫാലി ഓഫ് സ്‌ക്രീനിലും കരുത്തുറ്റ വനിതയാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ഷെഫാലി സ്ഥിരമായി സംസാരിക്കാറുണ്ട. ഇപ്പോഴിതാ തനിക്ക് ചെറിയ പ്രായത്തില്‍ നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഷെഫാലി ഷാ. ന്യുസ് 18 ഷോഷായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെഫാലി മനസ് തുറന്നത്.

''ഉണ്ട്. നമ്മളില്‍ മിക്കവര്‍ക്കും സംഭവിച്ചിട്ടുണ്ടാകാം. ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞാന്‍ വളരെ ചെറുതായിരുന്നു. സ്‌കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ മാര്‍ക്കറ്റില്‍ വച്ചാണ് സംഭവിച്ചത്. എനിക്ക് പക്ഷെ ഒന്നും ചെയ്യാനായില്ല. ഞാന്‍ വളരെ ചെറുതായിരുന്നു. പേടിച്ചു പോയി. ആരും എനിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതുമില്ല. ആള്‍ക്കുട്ടം ഉണ്ടായിരു്ന്നു. പക്ഷെ അതൊരു ന്യായീകരണമല്ല. എനിക്ക് തോന്നുന്നത് എല്ലാ സ്ത്രീകളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇത് നേരിട്ടിട്ടുണ്ടാകും'' എന്നാണ് ഷെഫാലി പറയുന്നത്.
''ഞാന്‍ ഒരു സെലിബ്രിറ്റിയായത് കൊണ്ടല്ല, ആത്മാര്‍ത്ഥമായി തന്നെ നമ്മള്‍ ആണ്‍കുട്ടികളെ നന്നായി വളര്‍ത്തിയാല്‍ തന്നെ നമ്മളുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരാകുമെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ നമ്മള്‍ പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതേയില്ല. ആളുകള്‍ സുരക്ഷിതരാകുന്നതിനെക്കുറിച്ചും ബഹുമാനിക്കപ്പെടുന്നതിനെക്കുറിച്ചും അപമാനിക്കപ്പെടാതിരിക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്. അതിന് എനിക്ക് രണ്ട് വളരെ നല്ല വ്യക്തികളെയാണ് വളര്‍ത്താനുള്ളത്'' എന്നും ഷെഫാലി ഷാ പറയുന്നുണ്ട്.
നേരത്തെ പൊതു ഇടത്ത് വച്ച് അതിക്രമം നേരിടേണ്ടി വന്നതിനെക്കുറിച്ചും ഷെഫാലി ഷാ തുറന്ന് പറഞ്ഞിരുന്നു. മാര്‍ക്കറ്റില്‍ വച്ച് ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് തന്നെ മോശം രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് അന്ന് ഷെഫാലി പറഞ്ഞത്. എന്നാല്‍ നാണക്കേട് ഭയന്ന് താന്‍ അതേക്കുറിച്ച് ഒരിക്കലും സംസാരിച്ചില്ലെന്നും ഷെഫാലി പറഞ്ഞിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും സംഭവിക്കുമ്പോള്‍ സ്ത്രീകള്‍ സ്വയം കുറ്റപ്പെടുത്തുകയും സംശയിക്കുകയും ചെയ്യുമെന്നും ഷെഫാലി ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം അനുഭവം നേരിടാന്‍ താന്‍ എന്തെങ്കിലും തെറ്റായി ചെയ്തിരുന്നുവോ എന്നാണ് താന്‍ ചിന്തിച്ചതെന്നാണ് താരം പറഞ്ഞത്.

തന്റെ അഭിനയ മികവും വേറിട്ട കഥാപാത്രങ്ങളുമാണ് ഷെഫാലി ഷായെ ശ്രദ്ധേയാക്കുന്നത്. 1997 ലായിരുന്നു ഷെഫാല ഷാ നടന്‍ ഹര്‍ഷ് ഛായയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു പോയില്ല. ഇതോടെ 2000 ല്‍ ഇരുവരും പിരിഞ്ഞു. പിന്നീടാണ് ഷെഫാലി നിര്‍മ്മാതാവ് വിപുല്‍ ഷായുമായി പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് മക്കളാണ് ഷെഫാലിയ്ക്കും വിപുലിനുമുള്ളത്.
ആമിര്‍ ഖാന്‍ നായകനായ രംഗീലയിലൂടെയായിരുന്നു ഷെഫാലിയുടെ അരങ്ങേറ്റം. പിന്നീട് സത്യ, മൊഹബത്തേന്‍, മണ്‍സൂണ്‍ വെഡ്ഡിംഗ്, വക്ത്, ദില്‍ ദഡക്ക്‌നേ ദോ, വണ്‍സ് എഗെയ്ന്‍, ജല്‍സ, ഡാര്‍ലിംഗ്‌സ്, ഡോക്ടര്‍ ജീ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഡല്‍ഹി ക്രൈമിലൂടെയാണ് താരമായി മാറുന്നത്. സീരീസിലെ പ്രകടനത്തിന് ഇതിന് പുറമെ ഹ്യൂമണ്‍ എന്ന സീരീസിലും അഭിനയിച്ചിരുന്നു. നീയത്ത് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.


Click it and Unblock the Notifications











