ആമിറിനോട് പ്രണയമായിരുന്നു, പ്രേമലേഖനവും ഫോട്ടോയും അയച്ചിട്ടുണ്ട്; ഷെഫാലി ഷാ പറയുന്നു
ബോളിവുഡിലെ മികച്ച അഭിനയ പ്രതിഭകളില്‍ ഒരാളാണ് ഷെഫാലി ഷാ. ഏത് തരത്തിലുള്ള കഥാപാത്രവും അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിട്ടുള്ള താരമാണ് ഷെഫാലി ഷാ. ഒടിടിയുടെ കാലത്ത് തന്റെ കരിയര്‍ തിരിച്ചു പിടിച്ച താരങ്ങളില്‍ ഒരാളാണ് ഷെഫാലി. കൈ നിറയെ സിനിമകളും സീരീസുകളുമായി തന്നിലെ പ്രതിഭയെ തളര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഇന്ന് ഷെഫാലി. ഈയ്യടുത്തിറങ്ങിയ ആമസോണ്‍ പ്രൈം ചിത്രമായ ജല്‍സയിലൂടെ വീണ്ടും കയ്യടി നേടിയിരിക്കുകയാണ് ഷെഫാലി.
ഇതിനിടെ ഇപ്പോഴിതാ ഷെഫാലി നടത്തിയ രസകരമായൊരു വെളിപ്പെടുത്തല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബോളിവുഡിലെ സൂപ്പര്‍ താരമായ ആമിര്‍ ഖാനോട തനിക്ക് പ്രണയമായിരുന്നുവെന്നാണ് ഷെഫാലി പറഞ്ഞിരിക്കുന്നത്. കോളേജ് കാലം തൊട്ട് തന്നെ താന്‍ ആമിര്‍ ഖാന്റെ ആരാധികയായിരുന്നുവെന്നാണ് ഷെഫാലി പറയുന്നത്. ആമിര്‍ ഖാനും ഉര്‍മിള മണ്ഡോദ്കറും പ്രധാന വേഷത്തിലെത്തിയ രംഗീല എന്ന ചിത്രത്തിലൂടെയായിരുന്നു ഷെഫാലിയുടെ അരങ്ങേറ്റം.

ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷെഫാലി മനസ് തുറന്നത്. ആരാധന മൂത്ത് താന്‍ ആമിര്‍ ഖാന് പ്രണയ ലേഖവനവും തന്റെ ചിത്രവും അയച്ചു കൊടുക്കുക വരെ ചെയ്തിട്ടുണ്ടെന്നാണ് ഷെഫാലി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.
''ആമിര്‍ ഖാന്‍. ഞാനൊരു കത്ത് എഴുതുക വരെ ചെയ്തിട്ടുണ്ട്. എന്റെ ഒരു ഫോട്ടോയും പ്രണയ ലേഖനവുമായിരുന്നു അയച്ചത്. നല്ല ചിത്രമായിരുന്നുവെങ്കിലും ബ്ലര്‍ ആയിരുന്നു. ഞാന്‍ വളരെ ദൂരെയായിരുന്നു നിന്നിരുന്നത്. അത്ര ദൂരെ നില്‍ക്കുന്നതിനാല്‍ ആളെ മനസിലാകില്ല. നീണ്ടൊരു പ്രണയ ലേഖനമായിരുന്നു എഴുതിയത്'' എന്നാണ് ഷെഫാലി പറയുന്നത്. പിന്നീട് ആമിറും ഷെഫാലിയും രംഗീലയില്‍ ഒരുമിച്ചെങ്കിലും ഇരുവര്‍ക്കും ഒരുമിച്ച് രംഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ആമിര്‍ ഖാന് ഈ സംഭവം അറിയുമോ എന്ന്് പോലും തനിക്കറിയില്ലെന്നും ഷെഫാലി പറയുന്നു. ഈ സമയം കൂടെയുണ്ടായിരുന്ന വിദ്യ ബാലന്‍ ഇപ്പോള്‍ ആമിര്‍ അറിഞ്ഞു കൊള്ളുമെന്ന് പറഞ്ഞു ചിരിക്കുന്നുണ്ട്.
ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നടിയാണ് ഷെഫാലി ഷാ. ആമസോണ്‍ പ്രൈമിലെ ജല്‍സയോടൊപ്പം തന്നെ ഹോട്ട്‌സ്റ്റാറിലെ ഹ്യൂമണ്‍ എന്ന സീരീസിലൂടേയും കയ്യടി നേടുന്നുണ്ട് ഷെഫാലി. മികച്ച പ്രതികരണങ്ങളാണ് രണ്ട് ഷോകള്‍ക്കും ലഭിക്കുന്നത്. ജല്‍സയില്‍ വിദ്യ ബാലനും ഷെഫാലിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഡാര്‍ലിംഗ്‌സ്, ഡോക്ടര്‍ ജി തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.


Click it and Unblock the Notifications