'അങ്ങനെയൊരു കാര്യം ഇനി ചെയ്യുന്നുണ്ടെങ്കിൽ അത് രൺവീറിനൊപ്പം മാത്രം, അതും ആളൊഴിഞ്ഞ ദ്വീപിൽ': ഷെർലിൻ ചോപ്ര
ബോളിവുഡിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് ഷെർലിൻ ചോപ്ര. സോഷ്യൽ മീഡിയയിലൊക്കെ ഒരുപാട് ആരാധകരുള്ള താരമാണ് ഷെർലിൻ. മോഡലിങ് രംഗത്ത് നിന്നാണ് ഷെർലിൻ സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡിൽ ടൈംപാസ്, റെഡ് സ്വാസ്തിക്, ഗെയിം എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുള്ള ഷെർലിൻ കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ, ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി.
പൗരഷ്‌പൂർ എന്ന വെബ് സീരീസിന്റെ സീസൺ 2-ലാണ് ഷെർലിൻ ചോപ്ര ഇപ്പോൾ അഭിനയിക്കുന്നത്. സീരീസിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം. മുൻപ് പല വിവാദ പ്രസ്താവനകളിലൂടെയും, ചില വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളിലൂടെയുമൊക്കെ വാർത്തകളിൽ നിറഞ്ഞിട്ടുള്ള താരമാണ് ഷെർലിൻ ചോപ്ര. അടുത്തിടെയായി ഷെർലിൻ ശ്രദ്ധ നേടിയിട്ടുള്ളതും അത്തരം ചില വിവാദ പ്രസ്താവനകളിലൂടെയാണ്.

ഇപ്പോഴിതാ, പുതിയൊരു അഭിമുഖത്തിൽ നടൻ രൺവീർ സിംഗിനെ കുറിച്ച് ഷെർലിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. കരിയറിൽ ഇനി നഗ്നനായായി പോസ് ചെയ്യുന്നുണ്ടെങ്കിൽ അത് രൺവീർ സിങിനൊപ്പമായിരിക്കും എന്നാണ് ഷെർലിൻ പറയുന്നത്. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഷെർലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായിട്ടുണ്ട്.
പ്ലേബോയ് മാസികയ്‌ക്കായി നഗ്നയായി പോസ് ചെയ്ത ആദ്യ ഇന്ത്യൻ മോഡലാണ് ഷെർലിൻ ചോപ്ര. കരിയറിന്റെ തുടക്കകാലത്ത് ആയിരുന്നു ഇത്. എന്നാൽ കരിയറിന്റെ ഈ ഘട്ടത്തിൽ അങ്ങനെയൊരു കാര്യം ചെയ്യുമോ എന്ന ചോദ്യത്തിനായിരുന്നു ഷെർലിന്റെ പ്രതികരണം. എന്തുകൊണ്ട് ചെയ്ത് കൂടാ എന്ന് ചോദിച്ച ഷെർലിൻ, ഇനി ചെയ്യുന്നുണ്ടെങ്കിൽ അത് രൺവീർ സിങ്ങിനൊപ്പം ആളൊഴിഞ്ഞ ഒരു ദ്വീപിൽ വച്ച് ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു.
താൻ വർഷങ്ങൾക്ക് മുമ്പ് ചെയ്‌തതിന് സമാനമായ കാര്യമാണ് രൺവീർ സിങ് അടുത്തിടെ ചെയ്തത്. എന്നാൽ അദ്ദേഹം അത് ചെയ്തപ്പോൾ, എല്ലാവരും അഭിനന്ദിച്ചു, എന്നാൽ ഞാൻ അത് ചെയ്തപ്പോൾ അപമാനിക്കപ്പെട്ടു. പക്ഷേ അദ്ദേഹത്തോടൊപ്പം അത്തരം ചില പോസുകൾ ചെയ്യുന്നത് രസകരമായിരിക്കുമെന്ന് കരുതുന്നുവെന്നും ഷെർലിൻ പറഞ്ഞു.
നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ശ്രദ്ധനേടുന്നയാൾ എന്ന് പറയുന്നതിനോടും പ്ലാസ്റ്റിക് എന്ന് പരിഹസിക്കുന്നതിനുമുള്ള മറുപടിയും ഷെർലിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ആളുകൾ ഇങ്ങനെ ഓരോന്ന് പറയുന്നതിനെ ഞാൻ ഗൗരവമായി എടുക്കുന്നില്ല. എന്നെ കുറിച്ചോ എന്റെ ജീവിതത്തെ കുറിച്ചോ ഒന്നും അറിയാത്തവർ പറയുന്നത് വിലയ്‌ക്കെടുക്കേണ്ട കാര്യമില്ലെന്ന് കരുതുന്നു.

അവർ മിണ്ടാതെ ഇരിക്കുന്നതാകും നല്ലത്. സത്യസന്ധമായി എല്ലാം തുറന്ന് പറയുന്നതിനാലാണ് ഞാൻ വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ളത്. ആളുകളെ പ്രീതിപ്പെടുത്തി നിൽക്കുന്നതിനേക്കാൾ നല്ലത് ഇതാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും നടി പറഞ്ഞു.
ഇത് എന്റെ പണവും എന്റെ ശരീരവുമാണ്. അതുകൊണ്ട് എനിക്ക് അതിൽ എന്ത് വേണമെങ്കിലും ചെയ്യാം. അത് മറ്റാർക്കും ഒരു പ്രശ്നമാകേണ്ടതില്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ നിറമൊന്നും പ്ലാസ്റ്റിക് സർജറി ചെയ്ത് ലഭിച്ചതല്ല. അത്തരം അഭിപ്രായങ്ങൾ പറയുന്ന ആളുകൾ ഒരു പണിയുമില്ലാത്തവരാണ്, അവരെല്ലാം എന്റെ വിജയത്തിൽ അസൂയയും നിരാശയുമുള്ള വ്യക്തികളാണ് എന്നും ഷെർലിൻ ചോപ്ര പറഞ്ഞു.


Click it and Unblock the Notifications