പലവട്ടം ഗര്‍ഭം അലസിപ്പോയി, ദത്തെടുക്കാനും നോക്കി പരാജയപ്പെട്ടു; വീണ്ടും അമ്മയായ ശില്‍പ ഷെട്ടി
ബോളിവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ശില്‍പ ഷെട്ടി. ഒരുകാലത്ത് ഏറ്റവും തിരക്കുണ്ടായിരുന്ന നായിക. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്നത്തെ യുവതാരങ്ങള്‍ പോലും ശില്‍പയുടെ പിന്നിലേ വരൂ. ഓസ്‌ട്രേലിയയില്‍ പോയി ബിഗ് ബ്രദറില്‍ പങ്കെടുത്ത് രാജ്യാന്തര തലത്തില്‍ പോലും കയ്യടി നേടാന്‍ ശില്‍പ ഷെട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും വിട്ടു നിന്നപ്പോഴും സോഷ്യല്‍ മീഡിയിയലൂടേയും ടെലിവിഷനിലൂടേയും പ്രേക്ഷകരുടെ മുന്നില്‍ തന്നെയുണ്ടായിരുന്നു ശില്‍പ ഷെട്ടി.
മൂന്ന് വര്‍ഷം മുമ്പാണ് ശില്‍പ ഷെട്ടിയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും പെണ്‍കുഞ്ഞിന്റെ അമ്മയായത്. പിന്നീട് നല്‍കിയൊരു അഭിമുഖത്തില്‍ രണ്ടാമതും അമ്മയാകാന്‍ തീരുമാനിച്ചതിനെക്കുറിച്ച് ശില്‍പ ഷെട്ടി മനസ് തുറക്കുന്നുണ്ട്.

''വിയാന് ശേഷം എനിക്ക് വീണ്ടുമൊരു കുഞ്ഞ് വേണമെന്ന് ഏറെകാലമായി തോന്നിയിരുന്നു. പക്ഷെ എനിക്ക് ഒരു ഓട്ടോഇമ്യൂണ്‍ പ്രശ്‌നമുണ്ട്. അത് ഞാന്‍ ഓരോ തവണ ഗര്‍ഭിണിയാകുമ്പോഴും വെല്ലുവിളിയായി മാറും. അതിനാല്‍ എനിക്ക് പലവട്ടം ഗര്‍ഭം അലസിയിരുന്നു. അത് ഒരു ഗൗരവ്വകരമായ പ്രശ്‌നമായിരുന്നു'' എന്നാണ് ശില്‍പ ഷെട്ടി പറഞ്ഞത്.
''വിയാന്‍ ഏക മകനായി വളരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഞങ്ങള്‍ രണ്ട് മക്കളാണ്. കൂടെപ്പിറപ്പിന്റെ പ്രധാന്യം എത്ര വലുതാണെന്ന് എനിക്കറിയാം. അങ്ങനെയാണ് ഞാന്‍ മറ്റ് ആശയങ്ങള്‍ ആലോചിച്ചത്. എന്നാല്‍ അതും നടന്നില്ല. ഒരു സമയത്ത് ഞാന്‍ ദത്തെടുക്കാന്‍ ശ്രമിച്ചിരുന്നു. അതിനായി എല്ലാം ശരിയായിരുന്നു. പക്ഷെ ആ ക്രിസ്ത്യന്‍ മിഷണറി അടച്ചുപൂട്ടി. ഞാന്‍ നാല് വര്‍ഷം കാത്തിരുന്നു പിന്നീട്. വല്ലാതെ അസ്വസ്ഥയായി. ഇതോടെയാണ് വാടകഗര്‍ഭധാരണം എന്ന വഴി തിരഞ്ഞെടുക്കുന്നത്'' ശില്‍പ പറയുന്നു.
മൂന്ന് തവണ ശ്രമിച്ച ശേഷമാണ് സമീക്ഷ ജനിച്ചതെന്നാണ് ശില്‍പ ഷെട്ടി പറയുന്നത്. '' രണ്ടാമത്തെ കുഞ്ഞിനായി അഞ്ച് വര്‍ഷം ഞങ്ങള്‍ ശ്രമിച്ചിരുന്നു. ഇതിനിടെ ഞാന്‍ നിക്കമ്മയില്‍ ഒപ്പുവച്ചു. ഹംഗാമ 2വിനായും ഡേറ്റ് നല്‍കിയിരുന്നു. ഫെബ്രുവരിയിലാണ് വീണ്ടും മാതാപിതാക്കളാകുന്ന കാര്യം അറിയുന്നത്. ഒരു മാസത്തേക്ക് എല്ലാ ജോലിയും മാറ്റിവച്ചു'' എന്നും ശില്‍പ ഷെട്ടി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മകള്‍ക്ക് സമീക്ഷ എന്ന പേര് നല്‍കിയതിനെക്കുറിച്ചും ശില്‍പ ഷെട്ടി സംസാരിക്കുന്നുണ്ട്. സ എന്നാല്‍ സംസ്‌കൃതത്തില്‍ ടു ഹാവ് എന്നാണ് അര്‍ത്ഥം. മിഷ എന്നാല്‍ റഷ്യനില്‍ ദൈവതുല്യ എന്നും. അതിനാല്‍ മകള്‍ തങ്ങളുടെ ജീവിതത്തിലെ ലക്ഷ്മി ദേവിയാണെന്നും തങ്ങളുടെ കുടുംബത്തെ പൂര്‍ണമാക്കിയവളാണെന്നുമാണ് ശില്‍പ പറയുന്നത്.
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ശില്‍പ ഷെട്ടി. താരത്തിന്റെ യോഗയുടേയും വര്‍ക്കൗട്ടിന്റേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് ശില്‍പ ഷെട്ടി ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി വന്നത്. ഇപ്പോഴിതാ ഒടിടിയിലേക്കും എത്തുകയാണ് ശില്‍പ ഷെട്ടി. രോഹിത് ഷെട്ടി ഒരുക്കുന്ന ഇന്ത്യന്‍ പോലീസ് ഫോഴ്‌സ് എന്ന സീരീസിലൂടെയാണ് ശില്‍പയുടെ ഒടിടി എന്‍ട്രി. ഈ സീരീസിന്റെ ചിത്രീകരണത്തിനിടെ ശില്‍പയ്ക്ക് പരുക്കേറ്റത് വാര്‍ത്തയായിരുന്നു.


Click it and Unblock the Notifications