17-ാം വയസില്‍ അരങ്ങേറ്റം, അഭിനയിച്ചത് കാറിനും പുതിയ വീടിനും വേണ്ടി; കയറ്റിറക്കങ്ങള്‍ കണ്ടു: ശില്‍പ ഷെട്ടി
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ശില്‍പ ഷെട്ടി. സിനിമാ പാരമ്പര്യമൊന്നുമില്ലാതെയാണ് ശില്‍പ ഷെട്ടി കടന്നു വരുന്നതും താരമാകുന്നതും. തന്റെ കഴിവിന്റേയും കഠിനാധ്വാനത്തിന്റേയും കരുത്തിലാണ് ശില്‍പ ഷെട്ടി ഇന്നത്തെ നിലയിലെത്തിയത്. പ്രായത്തെ വെല്ലുന്ന ഫിറ്റ്‌നസുമായി ഇന്നും ആരാധകര്‍ക്ക് പ്രചോദനമായി മാറുകയാണ് ശില്‍പ ഷെട്ടി. ഒരിടവേളയ്ക്ക് ശില്‍പ അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ തന്റെ കരിയറിലെ ഉയര്‍ച്ചകളെക്കുറിച്ചും താഴ്ചകളെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ശില്‍പ ഷെട്ടി. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശില്‍പ മനസ് തുറന്നത്.

''കയറ്റിറക്കങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട് ഞാന്‍. ഒരോ ഘട്ടവും നമ്മളെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കും. അഭിനേതാവ് എന്ന നിലയില്‍ ഇതാണ് എന്റെ ഏറ്റവും മികച്ച സമയമെന്ന് തോന്നുന്നു. ഞാന്‍ ഒരുപാട് പഠിച്ചു. തീര്‍ത്തും വ്യത്യസ്തമായ റോളുകള്‍ ചെയ്തു. അത്തരം വേഷങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ധൈര്യവും എനിക്കുണ്ടായിട്ടുണ്ട്'' എന്നാണ് ശില്‍പ പറയുന്നത്.
തന്റെ 90കളിലെ കരിയറിനെക്കുറിച്ചും ശില്‍പ ഷെട്ടി സംസാരിക്കുന്നുണ്ട്. 17-ാം വയസില്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ താന്‍ ലക്ഷ്യമാക്കിയിരുന്നത് എന്തായിരുന്നുവെന്നും ശില്‍പ പറയുന്നുണ്ട്. താന്‍ അന്ന് ജോലി ചെയ്തിരുന്നത് വളരെ അടിസ്ഥാനമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്നാണ് ശില്‍പ പറയുന്നത്.
''എനിക്ക് തോന്നുന്നത് എന്റെ കരിയറിന്റെ ആദ്യത്തെ 20 വര്‍ഷം ഒന്നും തന്നെ ചിന്തിക്കാതെയാണ് ജോലി ചെയ്തിരുന്നത് എന്നാണ്. ഞങ്ങള്‍ തൊണ്ണൂറുകളില്‍ നിന്നും വരുന്നവരാണ്. ഞാന്‍ ജോലി ചെയ്തത് ആദ്യത്തെ കാര്‍ വാങ്ങാനും വലിയ വീട്ടിലേക്ക് മാറാനും വേണ്ടിയായിരുന്നു. മധ്യ വര്‍ഗ്ഗ കുടുംബത്തില്‍ നിന്നും വരുന്നതിനാല്‍ അന്നത്തെ 17 കാരി അതിനെയൊക്കെ നോക്കി കാണുന്നത് വേറെ രീതിയിലാകും'' എന്നാണ് ശില്‍പ പറയുന്നത്.
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന വെബ് സീരീസായ ഇന്ത്യന്‍ പോലീസ് ഫോഴ്‌സ് ആണ് ശില്‍പയുടെ പുതിയ പ്രൊജക്ട്. സീരീസില്‍ പോലീസ് ഉദ്യോഗസ്ഥയായിട്ടാണ് ശില്‍പ ഷെട്ടി അഭിനയിക്കുന്നത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവേക് ഒബ്‌റോയും സീരീസിലുണ്ട്. ഇതാദ്യമായിട്ടാണ് ശില്‍പ ഷെട്ടി പോലീസ് വേഷത്തിലെത്തുന്നത്. താന്‍ പോലീസായി അഭിനയിക്കുന്നതിനോടുള്ള മകന്‍ വിയാന്റെ പ്രതികരണത്തെക്കുറിച്ചും ശില്‍പ ഷെട്ടി സംസാരിക്കുന്നുണ്ട്.

''മമ്മ, നിങ്ങളിത് എങ്ങനെ ചെയ്യുന്നുവെന്ന് ഞാന്‍ നോക്കുന്നില്ല. അതോടെയാണ് ആ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് അദ്ദേഹം സിനിമയുണ്ടാക്കുന്നതെന്ന് ഞാന്‍ മനസിലാക്കുന്നത്. കുട്ടികള്‍ക്ക് അദ്ദേഹത്തിന്റെ സിനിമകള്‍ ഇഷ്ടമാണ്. അതിന് സാധിച്ചാല്‍ തന്നെ വിജയമാണ്. അതുകൊണ്ടാണ് ഞാന്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്റെ കഥാപാത്രം താര ഷെട്ടി ആണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായി'' എന്നാണ് ശില്‍പ ഷെട്ടി പറഞ്ഞത്.
ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു ശില്‍പ ഷെട്ടി. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിച്ച താരം. ഷാരൂഖ് ഖാനൊപ്പം ബാസീഗര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശില്‍പയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമാകാന്‍ ശില്‍പ്പയ്ക്ക് സാധിച്ചു. എന്നാല്‍ തന്നെ മുന്‍നിര സംവിധായകരോ നിര്‍മ്മാതാക്കളോ പരിഗണിച്ചിരുന്നില്ലെന്നാണ് ഈയ്യടുത്ത് ശില്‍പ ഷെട്ടി പറഞ്ഞത്.


Click it and Unblock the Notifications











