സിനിമയൊക്കെ പരാജയം, അഭിനയം നിര്‍ത്തിക്കോ! സുഹൃത്ത് സൊനാക്ഷിയ്ക്ക് നല്‍കിയ ഉപദേശം
ബോളിവുഡിലെ മുന്‍നിര നായികയാണ് സൊനാക്ഷി സിന്‍ഹ. സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരാമണ്ഡിയിലെ മിന്നും പ്രകടനത്തിന് പിന്നാലെ തന്റെ വിവാഹത്തിലൂടേയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സൊനാക്ഷി സിന്‍ഹ. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് സൊനാക്ഷിയും നടന്‍ സഹീര്‍ ഇക്ബാലും വിവാഹിതരായത്. സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായി മാറിയിരുന്നു ഈ താരവിവാഹം.
2010 ല്‍ പുറത്തിറങ്ങിയ ദബാംഗ് ആയിരുന്നു സൊനാക്ഷിയുടെ ആദ്യ സിനിമ. അച്ഛന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ പാതയിലൂടെയാണ് സൊനാക്ഷിയും സിനിമയിലെത്തുന്നത്. ആദ്യ സിനിമ വലിയ വിജയമായി മാറി. പിന്നാലെ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കാനും ഹിറ്റുകള്‍ സമ്മാനിക്കാനും സാധിച്ചു. എന്നാല്‍ കുറച്ച് കഴിഞ്ഞതും തുടര്‍ പരാജയങ്ങള്‍ സൊനാക്ഷിയെ തേടിയെത്തി.

സിനിമകള്‍ പരാജയപ്പെട്ട സമയത്ത് തന്റെ സുഹൃത്തില്‍ നിന്നും ലഭിച്ച ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ സൊനാക്ഷി. ''എനിക്ക് ലഭിച്ച ഏറ്റവും മോശം ഉപദേശമായിരുന്നുവത്. സിനിമകള്‍ വിജയിക്കാതെ വരുമ്പോള്‍ സിനിമ ചെയ്യുന്നത് നിര്‍ത്തൂ എന്നായിരുന്നു പറഞ്ഞത്. ശരിയായ പ്രൊജക്ട് വരുന്നതും കാത്ത് വീട്ടിലിരിക്കുന്നത് ശരിയാകില്ല. ഞാനത് പിന്തുടര്‍ന്നില്ല. നിങ്ങള്‍ക്കത് കാണാന്‍ സാധിക്കുന്നുണ്ടല്ലോ'' എന്നായിരുന്നു സൊനാക്ഷി പറഞ്ഞത്.
സൊനാക്ഷിയും രണ്‍വീര്‍ സിംഗും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു ലുട്ടേര. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. ലുട്ടേരയുടെ പരാജയം കടുത്ത ഹൃദയദവേദനയാണ് സമ്മാനിച്ചത്. കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയായിരുന്നു ലുട്ടേരയെന്നാണ് സൊനാക്ഷി പറയുന്നത്. ''ആരെ കണ്ടാലും അവര്‍ ആദ്യം പറയുക ലുട്ടേരയെക്കുറിച്ചാണ്. അന്ന് നിങ്ങള്‍ എന്തുകൊണ്ട് തിയേറ്ററില്‍ പോയി കണ്ടില്ല എന്ന് ഞാന്‍ ചോദിക്കും. പക്ഷെ ലുട്ടേരയുടെ പരാജയം ഹൃദയഭേദകമായിരുന്നു എന്ന് സമ്മതിക്കുന്നു'' സൊനാക്ഷി പറയുന്നു.
തന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാപ്പിക്കുന്നതും പിന്തുണയ്ക്കുന്നതും അച്ഛന്‍ ശത്രുഘ്‌നന്‍ സിന്‍ഹ ആണെന്നാണ് സൊനാക്ഷി പറയുന്നത്. ''ഞാന്‍ ഈ ലോകത്തെ തന്നെ നേരിടും. കാരണം അച്ഛന്‍ കൂടെയുണ്ടെന്ന് എനിക്കറിയാം. എന്നും അദ്ദേഹം എനിക്കൊപ്പമുണ്ടാകും. അദ്ദേഹമാണ് എന്റെ ഏറ്റവും വലിയ ചിയര്‍ ലീഡര്‍'' എന്നാണ് താരം അച്ഛനെക്കുറിച്ച് പറഞ്ഞത്.

ഹീരാമണ്ഡിയുടെ വിജയത്തിന് പിന്നാലെയാണ് സൊനാക്ഷി വിവാഹിതയാകുന്നത്. വലിയ ചര്‍ച്ചയായി മാറിയിരുന്നു വിവാഹം. സൊനാക്ഷിയും സഹീറും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായിരുന്നു ഇരുവരും. ലിവിംഗ് ടുഗദറിലായിരുന്ന ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് ബോളിവുഡിലെ വലിയൊരു താരനിര തന്നെ അതിഥികളായി എത്തിയിരുന്നു.
സൊനാക്ഷിയുടെ രണ്ടാമത്തെ വെബ് സീരീസാണ് ഹീരാമണ്ഡി. നേരത്തെ ആമസോണ്‍ പ്രൈമിന്റെ ദാഹഡിലൂടെയാണ് സൊനാക്ഷി ഒടിടിയില്‍ എന്‍ട്രി നടത്തുന്നത്. രണ്ട് സീരീസുകളും മികച്ച വിജയം നേടുകയും സൊനാക്ഷിയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. അതേസമയം കക്കുഡയാണ് സൊനാക്ഷിയുടെ പുതിയ സിനിമ. റിതേഷ് ദേശ്മുഖ്, സാഖിബ് സലീം എന്നിവരും പ്രധാന വേഷത്തിലെത്തിയ സിനിമയാണ് കക്കുഡ. നികിത റോയ് ആന്റ് ദ ദ ബുക്ക് ഓഫ് ഡാര്‍ക്‌നെസ് ആണ് സൊനാക്ഷിയുടെ പുതിയ സിനിമ.


Click it and Unblock the Notifications











