ഇനിയും കാത്തിരിക്കാൻ വയ്യെന്ന് ഭർത്താവിനോട് പറഞ്ഞു; അമ്മയായതിനെക്കുറിച്ച് സോനം കപൂർ
ബോളിവുഡ് താരം സോനം കപൂർ അടുത്തിടെയാണ് അമ്മയായത്. മുംബൈയിൽ വെച്ച് ആൺ കുഞ്ഞിന് ജൻമം നൽകിയ സോനം ഇപ്പോൾ മാതാപിതാക്കളുടെയും ഭർത്താവിന്റെയും സ്നേഹ സാമീപ്യത്തിൽ കഴിയുകയാണ്. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിൽ സോനത്തിന്റെ ഭർത്താവ് ആനന്ദ് അഹുജ മധുരം വിതരണം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്നിരുന്നു.
അമ്മയായതിന്റെ വിശേഷങ്ങൾ സോനം ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്. സോനത്തിന്റെ സഹോദരി റിയ കപൂറും കുഞ്ഞിനെ സന്ദർശിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

2018 ലാണ് സോനം കപൂറും ആനന്ദ് അഹുജയും പരിചയപ്പെട്ടന്. ലണ്ടനിൽ ബിസിനസ് നടത്തുന്ന ആനന്ദ് അഹുജയെ സുഹൃത്തുക്കൾ വഴിയാണ് സോനം പരിചയപ്പെടുന്നത്. വിദേശത്ത് പഠിച്ച് വളർച്ച ആനന്ദ് അഹുജയ്ക്ക് സോനം ഇന്ത്യയിലെ വലിയ താരമാണെന്നൊന്നും തുടക്കത്തിൽ അറിയില്ലായിരുന്നു.
മുംബൈയിൽ വെച്ച് ആഘോഷ പൂർണമായാണ് സോനത്തിന്റെയും ആനന്ദ് അഹുജയുടെയും വിവാഹം നടന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങളിൽ ഒട്ടുമിക്ക പേരും സോനത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം വിദേശത്തായിരുന്നു നടി താമസിച്ചിരുന്നത്.

ഇപ്പോഴിതാ അമ്മയാവാൻ തീരുമാനിച്ച സമയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സോനം കപൂർ. 2020 ൽ അമ്മയാവാൻ ഒരുങ്ങിയതാണെന്നും എന്നാൽ കൊവിഡ് വ്യാപനം മൂലം ഇത് നീണ്ട് പോവുകയായിരുന്നെന്നും സോനം പറയുന്നു. 'സത്യം പറഞ്ഞാൽ വിവാഹം കഴിഞ്ഞ ശേഷം രണ്ട് വർഷം കാത്തിരിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. പിന്നീട് കൊവിഡ് മഹാമാരി വന്നു. മഹാമാരിക്കാലത്ത് ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്ന് പോയവരുടെ നിരവധി കഥകൾ ഞാൻ കേട്ടു. ആശുപത്രിയിലേക്ക് പോവുന്നതും മറ്റും'
Also Read: ബിഗ് ബോസ് താരം റോബിന്റെ സഹോദരി വിവാഹിതയായി, ഗുരുവായൂരിൽ നടന്ന ചടങ്ങിലും തടിച്ച് കൂടി റോബിൻ ആരാധകർ!

'ഇന്ത്യയിൽ നമ്മൾക്ക് സഹായത്തിനായി എപ്പോഴും ആരെങ്കിലും ഉണ്ടാവും. അമ്മയും ബന്ധുക്കളുമെല്ലാം. നമുക്ക് നമ്മളുടെ അമ്മയും പങ്കാളിയും അടുത്ത് വേണം. മഹാമാരി തുടങ്ങുന്ന സമയത്ത് ഞങ്ങൾ ഡൽഹിയിൽ ആയിരുന്നു. ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ. ആ സമയത്ത് ഞങ്ങൾ കാത്തിരിക്കാൻ തീരുമാനിച്ചു. കാരണം കൊവിഡിനെ പറ്റി ആ സമയത്ത് കൂടുതലൊന്നും അറിയില്ലായിരുന്നു,' സോനം കപൂർ പറഞ്ഞു.
ഡോക്ടർമാരോട് ഇക്കാര്യം സംസാരിക്കുകയും ചെയ്തു. എന്നാൽ മഹാമാരി അവസാനിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ തീരുമാനം മാറ്റുകയായിരുന്നെന്ന് സോനം പറഞ്ഞു.

2021 ജൂണിൽ ഇനിയും കാത്തിരിക്കാൻ വയ്യെന്ന് ഭർത്താവ് ആനന്ദ് അഹുജയോട് പറയാൻ തീരുമാനിച്ചെന്നും സോനം പറഞ്ഞു. ശേഷം കുറച്ച് ഡോക്ടർമാരെ കണ്ട് എല്ലാ പരിശോധനയും നടത്തി. ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് വ്യക്തമായതോടെ ഗർഭിണിയാവാൻ തീരുമാനിച്ചു. ഡിസംബറോട് സോനം ഗർഭിണിയായി. 30 ന് ശേഷമുള്ള ഗർഭം ആയതിനാൽ സുഖ പ്രസവത്തിന് പ്രൊഗസ്റ്റെറോൺ കുത്തിവെപ്പ് ശരീരത്തിൽ നടത്തിയെന്നും സോനം തുറന്ന് പറഞ്ഞു.
37ാം വയസ്സിലാണ് സോനം കപൂർ അമ്മയാവുന്നത്. ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മകളാണ് സോനം കപൂർ. പേരക്കുട്ടി ജനിച്ചതിന്റെ സന്തോഷം അനിൽ കപൂറും അടുത്തിടെ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications