'ഒന്ന് നിര്‍ത്തൂ'; കോലിയോട് ഭ്രാന്തമായ പ്രണയം! വീഡിയോ കുത്തിപ്പൊക്കിയവരോട് മൃണാല്‍ ഠാക്കൂര്‍
ഇന്ന് ബോളിവുഡില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലും ഒരുപാട് ആരാധകരുള്ള നായികയാണ് മൃണാല്‍ ഠാക്കൂര്‍. ടെലിവിഷനില്‍ നിന്നുമാണ് മൃണാല്‍ സിനിമയിലേക്ക് എത്തുന്നത്. പൊതുവെ ടെവിവിഷന്‍ താരങ്ങള്‍ക്ക് ബോളിവുഡില്‍ നായിക വേഷങ്ങള്‍ ലഭിക്കാന്‍ തന്നെ സാധ്യത കുറവാണ്. എന്നാല്‍ തന്റെ ചുവടുമാറ്റത്തില്‍ വലിയ വിജയം നേടാനും മുന്‍നിര നായികയായി മാറാനും മൃണാലിന് സാധിച്ചു. പിന്നാലെ തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യം അറിയിക്കാന്‍ സാധിച്ചിട്ടുണ്ട് മൃണാലിന്.
സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ് മൃണാല്‍. ഇതിനിടെ ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെക്കുറിച്ചുള്ള മൃണാലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇന്‍സ്റ്റന്റ് ബോളിവുഡ് എന്ന പേജിലാണ് വിരാട് കോലിയോടുള്ള തന്റെ ആരാധന തുറന്ന് പറയുന്ന മൃണാലിന്റെ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വീഡിയോ വൈറായി മാറിയതോടെ മൃണാലും പ്രതികരണവുമായി എത്തുകയായിരുന്നു. വീഡിയോയുടെ കമന്റിലൂടെയായിരുന്നു മൃണാലിന്റെ പ്രതികരണം. ''നിര്‍ത്തൂ, ഓക്കെ'' എന്നായിരുന്നു മൃണാലിന്റെ കമന്റ്. പിന്നാലെ ഈ കമന്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. പഴയ വീഡിയോ വീണ്ടും കുത്തിപ്പൊക്കിയതിനോടുള്ള മൃണാലിന്റെ അമര്‍ഷമാണ് കമന്റെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നത്. എന്നാല്‍ മറ്റൊരു വിഭാഗം പറയുന്നത് മൃണാല്‍ അന്ന് പറഞ്ഞത് സത്യമാണെന്നും വീണ്ടും വീഡിയോ കണ്ടതോടെ താരം നാണക്കേട് തോന്നിയാണ് കമന്റ് ചെയ്തതെന്നുമാണ്.
സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച അനാവശ്യമാണെന്നും മൃണാല്‍ തമാശയായി മാത്രമാണ് കമന്റ് ചെയ്തിരിക്കുന്നതെന്നും ചില്‍ പറയുന്നുണ്ട്. നിരവധി പേരാണ് മൃണാലിന്റെ കമന്റിന്റെ അര്‍ത്ഥവും ഉദ്ദേശവും വിശദീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ചര്‍ച്ചകളോട് മൃണാല്‍ ഠാക്കൂര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. നേരത്തെ ജേഴ്‌സി എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു മൃണാല്‍ ഠാക്കൂര്‍ വിരാട് കോലിയെക്കുറിച്ച് സംസാരിച്ചത്. തനിക്ക് വിരാട് കോലിയോട് ഭ്രാന്തമായ ഇഷ്ടമാണെന്നായിരുന്നു അന്ന് മൃണാല്‍ പറഞ്ഞത്.

''വിരാട് കോലിയോട് ഭ്രാന്തമായ പ്രണയം തോന്നിയിരുന്ന സമയമുണ്ട്. എന്റെ സഹോദരന്‍ ക്രിക്കറ്റിന്റെ വലിയ ആരാധകനാണ്. അങ്ങനെയാണ് ഞാനും കണ്ടു തുടങ്ങുന്നത്. അഞ്ച് വര്‍ഷം മുമ്പ് അവനൊപ്പം സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം കണ്ടത് ഓര്‍ക്കുന്നുണ്ട്. നീല ജഴ്‌സിയണിഞ്ഞ് ഇന്ത്യയ്ക്കായി ആര്‍പ്പു വിളിച്ചത് ഓര്‍ക്കുന്നുണ്ട്. ഇന്ന് ഞാന്‍ ക്രിക്കറ്റ് കഥ പറയുന്ന ജേഴ്‌സിയെന്ന സിനിമയുടെ ഭാഗമാണ്. അത് നല്ലൊരു യാദൃശ്ചികതയാണ്'' എന്നും മൃണാല്‍ പറഞ്ഞിരുന്നു.
അതേസമയം തെലുങ്ക് ചിത്രം ഫാമിലി സ്റ്റാര്‍ ആണ് മൃണാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരക്കൊണ്ടയായിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഇതിനിടെ പ്രഭാസ് ചിത്രം കല്‍ക്കിയില്‍ അതിഥി വേഷത്തിലുമെത്തിയിരുന്നു. പൂജ മേരി ജാന്‍, വിശ്വംബര, സണ്‍ ഓഫ് സര്‍ദാര്‍ 2 തുടങ്ങിയ സിനിമകളാണ് മൃണാലിന്റേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications











