ശ്രീദേവിയെ അഭിനയിക്കാന്‍ വിടാതെ 'ദിവ്യയുടെ പ്രേതം'; മരണത്തിലും സമാനത; അന്ന് സെറ്റില്‍ നടന്നത്!
ബോളിവുഡ് ഇന്നും മറക്കാത്ത മരണമാണ് ദിവ്യ ഭാരതിയുടേത്. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് ദിവ്യ ഭാരതി വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് മരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്കിപ്പുറവും ബോളിവുഡ് ദിവ്യ ഭാരതിയെ ഓര്‍ക്കുന്നു. ഒരുപക്ഷെ മരിച്ചില്ലായിരുന്നുവെങ്കില്‍ ബോളിവുഡിലെ ഏറ്റവും വലിയ നായികമാരുടെ കൂട്ടത്തില്‍ ദിവ്യയും ഉണ്ടാകുമായിരുന്നു.
കരിയറിലെ ഏറ്റവും മികച്ച സമയത്തിലാണ് ദിവ്യ മരിക്കുന്നത്. അതുകൊണ്ട് തന്നെ ദിവ്യ അഭിനയിക്കാനിരുന്ന സിനിമകള്‍ ഒരുപാടായിരുന്നു. അതില്‍ 8 ബിഗ് ബജറ്റ് ചിത്രങ്ങളും ഉണ്ടായിരുന്നു. മിക്കതിലും വേറെ നായികമാരെ കണ്ടെത്തിയാണ് പൂര്‍ത്തിയാക്കിയത്. അതിലൊന്നായിരുന്നു ലാഡ്‌ല. ദിവ്യയുടെ മരണ ശേഷം അവരുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീദേവിയാണ്.

എന്നാല്‍ ലാഡ്‌ലയുടെ ചിത്രീകരണം ഒട്ടും സുഖകരമായിരുന്നില്ല. ശ്രീദേവി ചിത്രീകരണത്തിനായി എത്തിയത് മുതല്‍ പ്രതിസന്ധികള്‍ ഒന്നിന് പുറകെ ഒന്നായി വന്നു ചേര്‍ന്നു. ഇതോടെ ദിവ്യ ഭാരതിയുടെ പ്രേതമാണ് ഇതിന് പിന്നിലെന്നായി പ്രചരണം. ദിവ്യ ഭാരതി മരിക്കുമ്പോള്‍ ലാഡ്‌ലയുടെ ചിത്രീകരണം 80 ശതമാനവും പൂര്‍ത്തിയായിരുന്നു. ദിവ്യ മരിച്ച് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിക്കുന്നത്.
ദിവ്യയില്ലാതെ വന്നതോടെ അഭിനയിച്ച മിക്ക രംഗങ്ങളും വീണ്ടും ചിത്രീകരിക്കേണ്ടി വന്നു. അനില്‍ കപൂറും ശക്തി കപൂറും രവീണ ടണ്ടനുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഈ സമയത്താണ് ദിവ്യയുടെ പകരക്കാരിയായി ശ്രീദേവിയെത്തുന്നത്. ചിത്രത്തിലെ ശ്രീദേവിയുടെ ഇന്‍ട്രോ രംഗമാണ് ആദ്യം ചിത്രീകരിച്ചത്. നേരത്തെ ദിവ്യയെ വച്ച് ഷൂട്ട് ചെയ്തിരുന്നതാണ് ഈ രംഗം. രവീണയും ശക്തിയുമായിരുന്നു ആ രംഗത്തില്‍ ഒപ്പമുണ്ടായിരുന്നത്. പക്ഷെ ചിത്രീകരണം സുഖകരമായിരുന്നില്ല. എത്ര ശ്രമിച്ചിട്ടും ഒരു ഘട്ടത്തിലെത്തുമ്പോള്‍ ശ്രീദേവിയ്ക്ക് ഡയലോഗ് നഷ്ടമാകുന്നു.
നേരത്തെ ഇതേ സ്ഥലത്ത് വച്ച് തന്നെ ദിവ്യ ഭാരതിയും പലവട്ടം ഡയലോഗ് തെറ്റ് നിന്ന് പോയിരുന്നുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇതോടെ സെറ്റില്‍ ദിവ്യയുടെ പ്രേതബാധയുണ്ടെന്ന കിംവദന്തി പടര്‍ന്നു. ഒടുവില്‍ ശക്തി കപൂറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രവീണ ശ്രീദേവിയുടെ കരണങ്ങള്‍ ചേര്‍ത്തു പിടിച്ച് ഗായത്രീമന്ത്രം ചൊല്ലിയെന്നും തുടര്‍ന്നാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത് എന്നുമാണ് കഥകള്‍. കാലങ്ങള്‍ക്കിപ്പുറം ശ്രീദേവിയുടെ മരണവും അപകടത്തിലൂടെയാണെന്നത് ആരാധകരെ വേദനിപ്പിക്കുന്ന യാദൃശ്ചികതയായി.

ദിവ്യയുടെ മരണ ശേഷം റിലീസ് ചെയ്ത മറ്റൊരു ചിത്രമാണ് രംഗ്. ആയിഷ ജുല്‍ക്ക ആയിരുന്നു ആ ചിത്രത്തിലെ മറ്റൊരു നടി. ''സിനിമയ്ക്ക് ശേഷം വളരെ അസാധാരണമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഞങ്ങള്‍ എല്ലാവരും സ്‌ക്രീനിംഗിന് ഉണ്ടായിരുന്നു. ദിവ്യയുടെ എന്‍ട്രി സീന്‍ ആയപ്പോള്‍ സ്‌ക്രീന്‍ അങ്ങനെ തന്നെ വീണു. എല്ലാവരും ഭയന്നു പോയി'' എന്നാണ് പിന്നീടൊരു അഭിമുഖത്തില്‍ ആയിഷ പറഞ്ഞത്.
നാല് വര്‍ഷം മാത്രമാണ് ദിവ്യ ഭാരതി അഭിനയിച്ചത്. ഇതിനിടെ 21 സിനിമകള്‍ ചെയ്തു. ഒരു വര്‍ഷം മാത്രം 12 സിനിമകളില്‍ അഭിനയിച്ചു. പൂര്‍ത്തിയാക്കാനാകാതെ പോയ ലാഡ്‌ലയില്‍ ശ്രീദേവിയും മൊഹ്‌റയിലും ദില്‍വാലെയിലും രവീണ ടണ്ടനും അഭിനയിച്ചു. വിജയ്പത് തബുവും കര്‍ത്തവ്യ ജൂഹി ചൗളയും ആന്തോളന്‍ മമ്ത കുല്‍ക്കര്‍ണിയുമാണ് പൂര്‍ത്തിയാക്കിയത്. ലാഡ്‌ലയ്ക്കായി ദിവ്യ ഭാരതി അഭിനയിച്ച രംഗങ്ങള്‍ ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്.


Click it and Unblock the Notifications