18-ാം വയസില്‍ വീട്ടുകാരെ എതിര്‍ത്ത് കല്യാണം, മതം പ്രശ്‌നമായി ഒരു വര്‍ഷത്തില്‍ രണ്ടായി; സുനിധിയ്ക്ക് സംഭവിച്ചത്
ബോളിവുഡിലെ ഐക്കോണിക് ഗായികയാണ് സുനിധി ചൗഹാന്‍. തന്റെ മാസ്മരിക ശബ്ദം കൊണ്ട് ആളുകളെ കയ്യിലെടുക്കുന്ന അസാധ്യ പ്രതിഭ. ഏത് ശൈലിയും ഒരേ അനായാസതയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഗായിക. തന്റെ ശബ്ദം കൊണ്ട് തലമുറകളെ ആരാധകരാക്കി മാറ്റാനും അവരുടെയൊക്കെ ജീവിതത്തില്‍ സന്തോഷം പകരാനും സുനിധിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ സുനിധിയുടെ വ്യക്തിജീവിതം അത്ര സുഖകരമായ ഒന്നായിരുന്നില്ല.
തന്റെ പതിനെട്ടാം വയസിലാണ് സുനിധി വിവാഹം കഴിക്കുന്നത്. കൊറിയോഗ്രാഫറായ ബോബി ഖാനായിരുന്നു ഭര്‍ത്താവ്. ബോബിയെ സുനിധി പരിചയപ്പെടുമ്പോള്‍ സുനിധിയ്ക്ക് പ്രായം 17 മാത്രമായിരുന്നു. 18-ാം വയസില്‍ സുനിധി ബോബിയെ വിവാഹം കഴിക്കുകയും ചെയ്തു. അന്ന് ബോബിയുടെ പ്രായം 31 ആയിരുന്നു. എന്നാല്‍ ഒരു വര്‍ഷം മാത്രമായിരുന്നു ആ ദാമ്പത്യ ജീവിതത്തിന് ആയുസുണ്ടായിരുന്നത്.

ഉത്തര്‍ പ്രദേശില്‍ നിന്നും ഒരുപാട് സ്വപ്‌നങ്ങളുമായാണ് സുനിധി ബോംബെയിലെത്തുന്നത്. പെഹലാ നഷ എന്ന പാട്ടിന്റെ ചിത്രീകരണത്തിനിടെയാണ് ബോബിയും സുനിധിയും അടുക്കുന്നത്. മതപരമായ വ്യത്യാസങ്ങളോ വീട്ടുകാരുടെ എതിര്‍പ്പോ ഒന്നും സുനിധി പരിഗണിച്ചില്ല. 2002 എല്ലാ പ്രതിസന്ധികളും മറി കടന്ന് സുനിധി ബോബിയെ വിവാഹം കഴിച്ചു.
എന്നാല്‍ ആ വിവാഹ ജീവിതം അവര്‍ പ്രതീക്ഷിച്ചത് പോലെ സുഖകരമായിരുന്നു. ഇരുവരും ഇരു മതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു. ഇത് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി. രണ്ട് പേരുടേയും കുടുംബങ്ങളും വിവാഹത്തിന് എതിരായിരുന്നു. ഒടുവില്‍ തന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ബോബി സുനിധിയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വിവാഹ മോചനത്തോടെ വീടോ പണമോ ഇല്ലാതെ സുനിധി കഷ്ടതയിലേക്കാണ് വീണത്. ഈ സമയത്ത് സുഹൃത്തും സംഗീത സംവിധായകനുമായ അനു മലിക്ക് ആണ് സുനിധിയുടെ സഹായത്തിന് എത്തിയത്. കാലം മായ്ക്കാത്ത മുറിവില്ല എന്നാണല്ലോ പറയുക. പതിയെ സുനിധി കരിയറിലും ജീവിതത്തിലും ശക്തമായ തിരിച്ചു വരവ് തന്നെ നടത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം സുനിധി വീണ്ടും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. 2012 ലാണ് സുനിധി സംഗീത സംവിധായകന്‍ ഹിതേഷ് സോണിക്കിനെ വിവാഹം കഴിക്കുന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. തേജ് എന്നൊരു മകനും ജനിച്ചു ദമ്പതികള്‍ക്ക്.

തന്റെ നാലാം വയസിലാണ് സുനിധി പാട്ടുപാടി തുടങ്ങുന്നത്. മേരി ആവാസ് സുനോ എന്ന ദുരദര്‍ശന്‍ ഷോയിലൂടെയാണ് സുനിധി താരമായി മാറുന്നത്. 13-ാം വയസില്‍ പ്രൊഫഷണല്‍ ഗായികയായി മാറി. പിന്നീട് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ഗായികമാരില്‍ ഒരാളായി മാറുകയായിരുന്നു സുനിധി. സംഗീത റിയാലിറ്റി ഷോ വിധി കര്‍ത്താവായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഐഡലിലടക്കമുള്ള ഷോകളിലെ വിധികർത്താവായിരുന്നു സുനിധി.
അടിപൊളി പാട്ടുകളും മെലഡിയുമൊക്കെ ഒരുപാടുണ്ട് സുനിധിയുടെ കരിയറില്‍ ഏത് തരത്തിലുള്ള പാട്ടും പാടാനും ആരാധകരെ കയ്യിലെടുക്കാനും സുനിധിയ്ക്ക് സാധിക്കും. സ്റ്റേജ് ഷോകളിലും സുനിധി നിറ സാന്നിധ്യമാണ്.


Click it and Unblock the Notifications











