ഇവള്‍ കുട്ടികളെ വഷളാക്കും, കവറില്‍ ഇവളുടെ മുഖം വേണ്ട! അഭിപ്രായം പറഞ്ഞതിന് സുസ്മിത നേരിട്ടത്
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് സുസ്മിത സെന്‍. വെബ് സീരീസിലൂടെയായിരുന്നു സുസ്മിതയുടെ തിരിച്ചുവരവ്. തന്റെ തിരിച്ചുവരവില്‍ വന്‍ കയ്യടികളാണ് സുസ്മിത നേടിയത്. ഇപ്പോഴിതാ സുസ്മിതയുടെ പുതിയ സിനിമയും എത്തിയിരിക്കുകയാണ്. താലിയാണ് സുസ്മിതയുടെ പുതിയ സിനിമ.
ഇതിനിടെ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചുള്ള സുസ്മിതയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. തൊണ്ണുറുകളില്‍ ചില മാസികളകള്‍ തന്റെ ചിത്രം കവറില്‍ നല്‍കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് സുസ്മിത പറയുന്നത്. തനിക്ക് ഉറച്ച നിലപാടുകളും അഭിപ്രായങ്ങളും ഉണ്ടായിരുന്നത് അവര്‍ക്ക് ഇഷ്ടമായിരുന്നില്ല എന്നാണ് സുസ്മിത വെളിപ്പെടുത്തുന്നത്.

1994 ല്‍ മിസ് യൂണിവേഴ്‌സ് പട്ടം നേടിയാണ് സുസ്മിത താരമാകുന്നത്. തന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ അന്ന് മുതല്‍ക്കെ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും കാണിക്കാറില്ല സുസ്മിത. എന്നാല്‍ അന്ന് തന്നെ അംഗീകരിക്കാന്‍ ലോകം മടിച്ചിരുന്നുവെന്നാണ് സുസ്മിത പറയുന്നത്. ഇപ്പോള്‍ കാലം മാറിയെന്നും ആളുകള്‍ അംഗീകരിക്കുന്നത് കൂടിയെന്നും സുസ്മിത അഭിപ്രായപ്പെടുന്നുണ്ട്.
ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുസ്മിത മനസ് തുറന്നത്. ''അഭിപ്രായങ്ങള്‍ പറയുന്നതിന്റെ പേരില്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തൊണ്ണൂറുകളില്‍ കുറേക്കൂടി ഇടുങ്ങിയ സമൂഹമായിരുന്നു. അതിനാല്‍ നിങ്ങളുടെ മനസിലുള്ളതും നിങ്ങള്‍ വിശ്വസിക്കുന്നതും പറഞ്ഞാല്‍, അവള്‍ തെറ്റായ സ്വാധീനമുണ്ടാക്കും അവളെ കുട്ടികളുടെ മുമ്പില്‍ കൊണ്ടു വരരുത് എന്ന് പറയും'' എന്നാണ് സുസ്മിത പറയുന്നത്.
''എന്റെ പ്രസ്താവനകള്‍ കാരണം എന്നെ മാസികകളുടെ കവറില്‍ ഉള്‍പ്പെടുത്തരുത് എന്ന് പറഞ്ഞിരുന്ന സമയമുണ്ട്. ഞാന്‍ അവരെ കുറ്റപ്പെടുത്തില്ല. ഞാന്‍ വളരെ ഉച്ചത്തിലും വ്യക്തമായുമാണ് സംസാരിച്ചിരുന്നത്''. എന്നാല്‍ താനൊരിക്കലും തന്റെ ചിന്തകള്‍ പങ്കുവെക്കുന്നതില്‍ നിന്നും പിന്നോട് പോയിട്ടില്ലെന്നും സുസ്മിത പറയുന്നു. ''എന്നെ ഞാനായി എക്‌സ്പ്രസ് ചെയ്യാനുള്ള സ്വാതന്ത്ര്യം കവര്‍ന്നാല്‍ പിന്നെ എന്ത് സ്വാതന്ത്ര്യമാണുള്ളത്. അതിനാല്‍ എന്നെങ്കില്‍ പേടിച്ച് സംസാരിക്കുന്നത് നിര്‍ത്തും, അല്ലെങ്കില്‍ കൂടുതല്‍ നന്നായി പറയും. നന്നായി പറയാന്‍ തീരുമാനിച്ചു''സുസ്മിത പറയുന്നു.

ഇന്ന് തന്റെ മനസിലുള്ളത് പറയുന്ന വരെ അംഗീകരിക്കാന്‍ ലോകം കുറേക്കൂടി പഠിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോഴും ഒരു മടിയുണ്ടെന്നും സുസ്മിത പറയുന്നുണ്ട്. ഹോട്ട്‌സ്റ്റാറിന്റെ വെബ് സീരീസായ ആര്യയിലൂടെയാണ് സുസ്മിതയുടെ തിരിച്ചുവരവ്. രണ്ട് സീസണുകള്‍ പിന്നിട്ട സീരീസ് വന്‍ വിജയമായിരുന്നു. സീരീസിന്റെ മൂന്നാം സീസണിന്റെ ചിത്രീകരണം നടന്നു വരികയാണ്. അതേസമയം ഈയ്യടുത്താണ് സുസ്മിതയ്ക്ക് ഹൃദയാഘാതമുണ്ടായത്.
''അതെന്നെ പൂര്‍ത്തിയാക്കാത്ത കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഓര്‍മ്മപ്പെടുത്തി. ചെയ്യാന്‍ ബാക്കിയുള്ളതിനെക്കുറിച്ച് കൂടുതല്‍ ബോധ്യം വേണമെന്ന് പഠിപ്പിച്ചു. ഇതുപോലൊരു അവസ്ഥയില്‍ നിന്നും ഒന്നും പറ്റാത്തത് പോലെ തിരിച്ചുവരാനാകില്ല. ഹൃദയാഘാതം സംഭവിച്ചിട്ട് നാല് മാസമായി. ഇപ്പോള്‍ ഞാന്‍ ആരോഗ്യവതിയാണ്'' എന്നാണ് ഹൃദയാഘാതത്തെക്കുറിച്ച് സുസ്മിത പറഞ്ഞത്.


Click it and Unblock the Notifications