അച്ഛനെ വേണ്ടെന്ന് മക്കൾ പറഞ്ഞു; വിവാഹം കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ അവർ പ്രതിഷേധിച്ചെന്ന് സുസ്മിത സെൻ
ബോളിവുഡിൽ ഒരുകാലത്ത് തിളങ്ങി നിന്ന നായികയാണ് സുസ്മിത സെന്‍. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് താരം. മിസ് യൂണിവേഴ്‌സ് പട്ടം നേടിയാണ് സുസ്മിത സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാകാൻ സുസ്മിതയ്ക്ക് സാധിച്ചു. തന്റെ പ്രകടനങ്ങളിലൂടെ എന്നത് പോലെ തന്നെ തന്റെ നിലപാടുകളിലൂടേയും ആരാധകർക്ക് പ്രിയങ്കരിയാകാൻ സുസ്മിതയ്ക്ക് സാധിച്ചു.
വ്യക്തിജീവിതത്തിലും ശക്തമായ നിലപാടുകൾ എടുത്തിട്ടുള്ള ആളാണ് സുസ്മിത. 47-ാം വയസ്സിലും അവിവാഹിതയായ താരം രണ്ടു കുട്ടികൾക്ക് അമ്മയാണ്. തന്റെ 24-ാം വയസിലാണ് സുസ്മിത ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത്. റെനെ എന്നാണ് സുസ്മിതയുടെ മകളുടെ പേര്. വിവാഹം കഴിക്കാത്ത സ്ത്രീകള്‍ക്ക് ദത്തെടുക്കാനുള്ള അവകാശം ഇല്ലാതിരുന്ന കാലത്താണ് സുസ്മിത ദത്തെടുക്കുന്നത്. അതുകാരണം വലിയൊരു നിയമ പോരാട്ടം തന്നെ സുസ്മിതയ്ക്ക് നടത്തേണ്ടി വന്നു. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് രണ്ടാമത്തെ മകള്‍ അലീസയേയും സുസ്മിത ദത്തെടുത്തു.

രണ്ടു മക്കളുമായാണ് സുസ്മിതയുടെ ഇപ്പോഴത്തെ ജീവിതം. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും സ്നേഹവുമൊക്കെ സോഷ്യൽ മീഡിയയിലൂടെ കാണാൻ കഴിയും. തന്റെ രണ്ടു മക്കളെയും ബോളിവുഡിന്റെ ഗ്ലാമർ ലോകത്ത് നിന്ന് അകറ്റി നിർത്താൻ സുസ്മിത ശ്രദ്ധിക്കാറുണ്ട്. അതേസമയം വിവാഹം സംബന്ധിച്ച ചോദ്യങ്ങൾ പലപ്പോഴും താരത്തിന് നേരിടേണ്ടി വരാറുണ്ട്.
അടുത്തിടെ സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ, മക്കൾ ഒരു അച്ഛന്റെ സാമിപ്യം മിസ് ചെയ്യുന്നില്ലേ എന്ന ചോദ്യത്തോട് സുസ്മിത പ്രതികരിച്ചു. 'അവർക്ക് ഒരിക്കലും അച്ഛൻ ഉണ്ടായിട്ടില്ലാത്തതിനാൽ അവർക്ക് ഒരു അച്ഛനില്ലാത്ത കുറവ് തോന്നുന്നില്ല. നിങ്ങൾക്ക് ഉണ്ടായിരുന്ന ഒന്ൻ മാത്രമേ മിസ് ചെയ്യുകയുള്ളൂ. ഞാൻ വിവാഹം കഴിച്ചാലോ എന്ന് അവരോട് ചോദിക്കുമ്പോൾ, 'എന്താ? എന്തിനാ? ഞങ്ങൾക്ക് ഒരു അച്ഛനെ ആവശ്യമില്ല' എന്നാണ് അവർ പറയുന്നത്',
'പക്ഷെ എനിക്ക് ഒരു ഭർത്താവിനെ വേണ്ടി വന്നേക്കാം, എന്നാൽ അത് അവരുമായി ഒരിക്കലും ബന്ധമുണ്ടാവില്ല! അവർ അച്ഛനെ മിസ് ചെയ്യുന്നില്ല. അവർക്ക് എന്റെ അച്ഛൻ ഉണ്ട്. അവരുടെ മുത്തച്ഛൻ. അദ്ദേഹമാണ് അവർക്കെല്ലാം. അവർക്ക് ഒരു അച്ഛന്റെ സാമിപ്യം വേണമെന്ന് തോന്നിയാൽ അദ്ദേഹമാണ് അതിന് പറ്റിയ ആൾ', സുസ്മിത പറഞ്ഞു.

അടുത്തിടെ ഒരു പരിപാടിയിൽ, അമ്മയാവുക എന്നതാണ് തന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും ബുദ്ധിപരമായ ഒരു തീരുമാനമെന്ന് സുസ്‌മിത പറഞ്ഞിരുന്നു. '24-ാം വയസ്സിൽ ഞാൻ എടുത്ത ഏറ്റവും ബുദ്ധിപരമായ തീരുമാനം അമ്മയാകുക എന്നതായിരുന്നു. അത് എന്റെ ജീവിതത്തെ സ്ഥിരപ്പെടുത്തി. ഇതൊരു മഹത്തായ ജീവകാരുണ്യ പ്രവർത്തനവും അത്ഭുതകരമായ പ്രവർത്തിയുമാണെന്ന് ആളുകൾ കരുതുന്നു, പക്ഷേ അത് സ്വയം സംരക്ഷണമായിരുന്നു. ഞാൻ എന്നെത്തന്നെ സംരക്ഷിച്ചതായിരുന്നു' എന്നാണ് സുസ്മിത പറഞ്ഞത്.
അതേസമയം ആര്യ എന്ന വെബ്‌സീരീസിലൂടെ ആയിരുന്നു സുസ്മിതയുടെ തിരിച്ചുവരവ്. താളി എന്ന സീരീസാണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ജിയോ സിനിമാസിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. 2015ൽ നിർഭാക് എന്ന ബംഗാളി സിനിമയിലാണ് സുസ്മിത അവസാനമായി അഭിനയിച്ചത്. 2010ൽ പുറത്തിറങ്ങിയ നോ പ്രോബ്ലം ആയിരുന്നു ബോളിവുഡിലെ അവസാന ചിത്രം.


Click it and Unblock the Notifications