മോഡലിങ്ങിലേക്ക് ഇറങ്ങാൻ തീരുമാനിച്ച എന്നോട് അച്ഛൻ കുറച്ചുനാൾ മിണ്ടിയില്ല; അദ്ദേഹം ആഗ്രഹിച്ചത് മറ്റൊന്ന്!
ബോളിവുഡിൽ ഒരുകാലത്ത് തിളങ്ങി നിന്ന നായികയാണ് സുസ്മിത സെന്‍. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നടി. 1994 ൽ മിസ് യൂണിവേഴ്‌സ് പട്ടം നേടിയാണ് സുസ്മിത സിനിമയിലേക്ക് എത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാകാൻ സുസ്മിതയ്ക്ക് സാധിച്ചു. ഓൺസ്‌ക്രീനിലെന്നത് പോലെ ഓഫ്‌സ്ക്രീനിലെ ഇടപെടലുകളിലൂടെയും ആരാധകർക്ക് പ്രിയങ്കരിയായി മാറാൻ സുസ്മിതയ്ക്ക് കഴിഞ്ഞു.
ആര്യ 3 സീരീസാണ് സുസ്മിതയുടെ പുതിയ വിശേഷം. ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്ന പുതിയ സീരീസിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടി. ഇതിനിടെ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചുള്ള സുസ്മിതയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. കരിയറിൽ ഉടനീളം തന്റെ കുടുംബം നൽകിയിട്ടുള്ള പിന്തുണയെ കുറിച്ച് സുസ്മിത വാചാലയിട്ടുണ്ട്. എന്നാൽ താൻ മിസ് ഇന്ത്യ മത്സരിക്കാൻ പോകുന്നതായി അറിയിച്ചപ്പോൾ അച്ഛൻ കുറച്ചു നാളത്തേക്ക് തന്നോട് സംസാരിച്ചില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുസ്മിത. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

മിസ് ഇന്ത്യ മത്സരത്തിൽ ഒരു റൗണ്ടിൽ നീന്തൽ വസ്ത്രം ധരിക്കേണ്ടി വന്നപ്പോഴും അച്ഛൻ അസ്വസ്ഥനായിരുന്നു എന്ന് സുസ്മിത പറയുന്നു. പതിനെട്ടാം വയസ്സിലാണ് താൻ തന്റെ ജീവിതത്തെ മാറ്റിമറിച്ച തീരുമാനം എടുത്തത് എന്നാൽ അന്ന് തന്നെയൊരു ഐഎഎസ് ഓഫീസറായി കാണണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്നും സുസ്മിത പറഞ്ഞു.
"ഞാൻ ഒരു ഐഎഎസ് ഓഫീസറാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം, അതനുസരിച്ച് ഞാൻ പഠിക്കുകയായിരുന്നു. ആ ഞാൻ മിസ് ഇന്ത്യയിൽ പങ്കെടുക്കാൻ പോകുന്നുവെന്ന് അച്ഛനോട് പറഞ്ഞപ്പോൾ, എന്റെ അച്ഛൻ കുറച്ചുകാലം എന്നോട് സംസാരിച്ചില്ല," സുസ്മിത പറയുന്നു. ബിരുദം പോലും പൂർത്തിയാക്കാതെ താൻ മത്സരങ്ങളുടെ ലോകത്തേക്ക് കടന്നപ്പോൾ അച്ഛന് ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നെന്നും സുസ്മിത പറഞ്ഞു.

"ഞാൻ കോളേജിൽ പോയി ബിരുദം നേടിയിട്ടില്ല, അത് എന്റെ പിതാവിന് ഒരു വലിയ പ്രശ്നമായിരുന്നു, 'മോൾ എന്ത് വേണമെങ്കിലും ചെയ്തോളു, പക്ഷെ ഡിഗ്രി പൂർത്തിയാക്കൂ' എന്ന് എപ്പോഴും പറയുമായിരുന്നു," സുസ്മിത ഓർമിച്ചു. "അച്ഛനോട് നീന്തൽ വസ്ത്രത്തിന്റെ കാര്യം പറഞ്ഞത് വൈകാരികമായ നിമിഷമായിരുന്നു, 'ബാബ, എനിക്ക് നീന്തൽ വസ്ത്രം ധരിക്കണം, ഇത് ഷോയുടെ ഭാഗമാണ്. എനിക്ക് ഇത് ധരിക്കാൻ കഴിയില്ല, പക്ഷേ ഞാൻ അതിനെ ബഹുമാനത്തോടെ കാണുമെന്ന് ഉറപ്പ് തരുന്നു' എന്ന് പറഞ്ഞു.
അച്ഛൻ അതിൽ ഒട്ടും സന്തോഷവാനായിരുന്നില്ല. എന്നാൽ ഞാൻ മിസ് ഇന്ത്യ പട്ടം നേടിയപ്പോൾ, ഇനി ഞാൻ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ പോകുകയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. അന്ന് ഡിഫനസുകാരനായ അച്ഛന് അഭിമാനം തോന്നി," സുസ്മിത പറഞ്ഞു. അതേസമയം ഫിലിപ്പീൻസിലെ മനിലയിൽ വെച്ച് നടന്ന മിസ് യൂണിവേഴ്സ് മത്സരം കാണാൻ അച്ഛൻ പോയിരുന്നില്ല. അമ്മയും സഹോദരനും മാത്രമാണ് സുസ്മിതയ്ക്ക് ഒപ്പം ഉണ്ടായിരുന്നത്. അന്ന് അച്ഛൻ നാട്ടിലിരുന്ന് ടെലിവിഷനിൽ തന്റെ പ്രകടനം കണ്ടുവെന്നും സുസ്മിത സെൻ പറഞ്ഞു.


Click it and Unblock the Notifications