ദത്തെടുക്കാന്‍ അമ്മ സമ്മതിച്ചില്ല, സ്വത്തെല്ലാം ദത്തുപുത്രിയുടെ പേരിലെഴുതി അച്ഛന്‍; സുസ്മിത പറയുന്നു
പ്രണയത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ചുമൊക്കെ മനസ് തുറന്ന് ബോളിവുഡ് താരം സുസ്മിത സെന്‍. ഒരാള്‍ക്കൊപ്പം ജീവിക്കുക എന്നത് താന്‍ ഒട്ടും ചെറിയ കാര്യമായി കാണുന്നില്ല എന്നാണ് സുസ്മിത പറയുന്നത്. താന്‍ വളരെ തീവ്രമായ പ്രണയ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പക്ഷെ അതൊരിക്കലും വിവാഹത്തിലേക്ക് എത്തണമെന്ന് താന്‍ നിബന്ധന വച്ചിരുന്നില്ല എന്നാണ് സുസ്മിത പറയുന്നത്.
വളരെ സന്തോഷത്തോടെ കഴിഞ്ഞവരുടെ ബന്ധങ്ങള്‍ പോലും തകര്‍ന്നു വീഴുന്നത് താന്‍ കണ്ടിട്ടുണ്ടെന്നാണ് സുസ്മിത പറയുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുസ്മിത മനസ് തുറന്നത്. തങ്ങള്‍ക്ക് വേണമെന്ന് തോന്നുമ്പോഴാണ് രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കേണ്ടത് അല്ലാതെ ഒരുമിച്ച് ജീവിക്കണം എന്നുള്ളത് കൊണ്ട് മാത്രമാകരുതെന്നും സുസ്മിത അഭിപ്രായപ്പെട്ടു.

''ഞാന്‍ പ്രണയിച്ചിട്ടുണ്ട്. ദീര്‍ഘനാള്‍ നീണ്ടു നിന്ന പ്രണയങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ അത് മറ്റെന്തെങ്കിലും ആയി തീരണം എന്നൊരു നിബന്ധന ഞാന്‍ വച്ചിട്ടില്ല. കാരണം, നിര്‍ബന്ധിച്ച് എന്തിലേക്കും എത്തിക്കുന്നത് ഒരിക്കലും നിലനില്‍ക്കില്ല. എന്റെ സുഹൃത്തുക്കളുടേയും കുടുംബത്തിലുള്ളവരുടേയും എന്റെ ചുറ്റുമുള്ളവരുടേയും അനുഭവത്തില്‍ നിന്നുമാണിത് പഠിച്ചത്. വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ബന്ധങ്ങള്‍ പോലും ഒരു പേപ്പര്‍ കടലാസ് മൂലം തകര്‍ന്നു വീഴുന്നത് കണ്ടിട്ടുണ്ട്'' എന്നാണ് സുസ്മിത പറയുന്നത്.
''ഞാന്‍ വളരെ ക്ലിയറായിരുന്നു. ഞാന്‍ ഒരാളെ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അത് തോന്നിയാല്‍ മാത്രമായിരിക്കും, അല്ലാതെ അങ്ങനെ ചെയ്യണം എന്നുള്ളത് കൊണ്ടാകില്ല. അത് എളുപ്പത്തില്‍ നടക്കില്ല. എന്റെ ജീവിതത്തിന്റെ ഒരു പകുതി കഴിഞ്ഞു. ഇനിയൊരു പകുതിയു അത് കണ്ടെത്താനായി മാറ്റിവെക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ ആ കാത്തിരിപ്പ് അര്‍ഹിക്കുന്നതാണ്. ഞാന്‍ അതൊരിക്കലും ചെറുതായി കാണുന്നില്ല'' എന്നും സുസ്മിത പറയുന്നു.
എന്നാല്‍ താനൊരു അമ്മയാകാന്‍ മിസ് യൂണിവേഴ്‌സ് ആയ കൗമാരകാലത്ത് തന്നെ തയ്യാറായിരുന്നുവെന്നാണ് സുസ്മിത പറയുന്നത്. മിസ് യൂണിവേഴ്‌സ് ആയതിന് പിന്നാലെ താന്‍ അനാഥാലയങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് സുസ്മിത പറയുന്നത്. അതാണ് തന്നില്‍ മാറ്റം വരുത്തിയത്. '' ചിലര്‍ക്ക് അമ്മയാകണം, അമ്മയെ തേടുന്നൊരു കുട്ടിയുണ്ടാകും. അത് ലളിതമാക്കിക്കൂടെ. എന്റെ വര്‍ഷങ്ങളുടെ യാത്രയും കുട്ടികള്‍ക്കൊപ്പമുള്ള സമയവും എന്നില്‍ വലിയ മാറ്റമുണ്ടാക്കി. എനിക്കറിയാം ഞാന്‍ തയ്യാറായിരുന്നുവെന്ന്'' സുസ്മിത പറയുന്നു.
എന്നാല്‍ തന്റെ തീരുമാനം അമ്മയ്ക്ക് അംഗീകരിക്കാന്‍ സാധിച്ചില്ലെന്നാണ് സുസ്മിത പറയുന്നത്. അമ്മ ദേഷ്യപ്പെട്ടു. എന്തുകൊണ്ടാണ് ഇത്ര ചെറിയ പ്രായത്തില്‍ താന്‍ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാന്‍ അമ്മയ്ക്ക് സാധിച്ചില്ല. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത സുസ്മിത ആദ്യത്തെ മകള്‍ റെനെയെ ദത്തെടുക്കുന്നത് തന്റെ 30-ാം വയസിലാണ്. അതേസമയം തന്റെ അച്ഛന്‍ തന്നെ പിന്തുണച്ചുവെന്നും നിയമം പറയുന്നത് പോലെ തന്റെ സ്വത്ത് മുഴുവന്‍ റെനെയുടെ പേരില്‍ എഴുതി വച്ചുവെന്നും സുസ്മിത പറയുന്നു.

''അച്ഛന്റെ പിന്തുണ കാരണമാണ് കോടതി എനിക്ക് റെനെയെ തന്നത്. അദ്ദേഹമില്ലായിരുന്നുവെങ്കില്‍ എനിക്കത് സാധിക്കില്ലായിരുന്നു. ഇന്ത്യന്‍ സംവിധാനം അങ്ങനെയാണ്. അച്ഛനില്ലാതെ പറ്റില്ല. അച്ഛന്‍ തന്റെ ്‌സ്വത്തെല്ലാം കുഞ്ഞിന് എഴുതിവെക്കണമെന്നാണ് പറയുന്നത്. എന്റെ അച്ഛന്‍ തന്റെ സ്വത്തെല്ലാം അവളുടെ പേരില്‍ എഴുതി വച്ചു. ഞാന്‍ അദ്ദേഹത്തെ ഓര്‍ത്ത് ഒരുപാട് അഭിമാനിക്കുന്നുണ്ട്. അദ്ദേഹം ചെയ്തത് അവിശ്വസനീയമായ കാര്യമാണ്'' എന്നാണ് സുസ്മിത അച്ഛനെക്കുറിച്ച് പറയുന്നത്.
ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് സുസ്മിത സെന്‍. ആര്യ എന്ന സീരീസിലൂടെയായിരുന്നു സുസ്മിതയുടെ തിരിച്ചുവരവ്. സീരീസ് വലിയ വിജയമായി മാറുകയും ചെയ്തു. ഇപ്പോഴിതാ സിനിമയിലേക്കും തിരിച്ചെത്തിയിരിക്കുകയാണ് സുസ്മിത. താലി എന്ന ചിത്രത്തിലൂടെയാണ് സുസ്മിതയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രത്തെയാണ് സുസ്മിത അവതരിപ്പിച്ചത്. ആര്യയുടെ മൂന്നാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications