തീയേറ്റര്‍ കൈ വിട്ട ഷാരൂഖിന്റെ ഏറ്റവും മികച്ച സിനിമ; അവനവനെ കണ്ടെത്തുന്ന മോഹന്റെ യാത്ര
20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്വദേശ് റിലീസാകുന്നത്. ആഷുതോഷ് ഗൊവാരിക്കര്‍ ആയിരുന്നു സംവിധാനം. കഥയിലും തിരക്കഥയിലുമെല്ലാം ഗൊവാരിക്കര്‍ പങ്കാളിയായിരുന്നു. പിന്നീട് ഹിറ്റ് സംവിധായകനായി മാറിയ അയാന്‍ മുഖര്‍ജിയും സ്വദേശിന്റെ തിരക്കഥയൊരുക്കിയ സംഘത്തിലുണ്ടായിരുന്നു. നിര്‍മ്മാണവും ഗൊവാരിക്കര്‍ തന്നെ. ഷാരൂഖ് ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. നായികയായത് ഗായത്രി ജോഷിയും. കിഷോരി ബല്ലാല്‍, രാജേഷ് വിവേക്, ലേഖ് ടണ്ടന്‍, ഫാറൂഖ് ജാഫര്‍, ദയ ശങ്കര്‍ പാണ്ഡെ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
കല്‍ ഹോ ന ഹോയും, മേം ഹൂന്‍ നായും വീര്‍ സാരയുമൊക്കെ കഴിഞ്ഞ് വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. ഈ സമയത്താണ് സ്വദേശ് റിലീസാകുന്നത്. പക്ഷെ സിനിമ തീയേറ്ററില്‍ നിലം തൊട്ടില്ല. തങ്ങളുടെ റൊമാന്റിക് ഹീറോയെ ആരാധകര്‍ തള്ളിപ്പറഞ്ഞു. പക്ഷെ 20 വര്‍ഷത്തിന് ഇപ്പുറം ഷാരൂഖ് ഖാന്റെ കരിയറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ ആദ്യം പറയുന്ന പേരുകളിലൊന്നായി മാറിയിരിക്കുകയാണ് സ്വദേശ്. എന്തുകൊണ്ട്?

ബോളിവുഡിന്റെ പോസ്റ്റര്‍ ബോയ് ആണ് എല്ലാക്കാലത്തും ഷാരൂഖ് ഖാന്‍. റൊമാന്റിക് ഹീറോ സങ്കല്‍പ്പത്തിന്റെ ആള്‍രൂപം. ആ ഇമേജില്‍ നിറഞ്ഞു നില്‍ക്കെ ഷാരൂഖ് ഖാന്‍ ഒരു യൂടേണ്‍ എടുത്ത സിനിമയായിരുന്നു സ്വദേശ്. ഷാരൂഖ് ഖാന്‍ എന്ന റൊമാന്റിക് ഹീറോ ഷാരൂഖ് ഖാന്‍ എന്ന നടനിലേക്ക് തിരിഞ്ഞു നടന്ന സിനിമ.
നാസയിലെ സയന്റിസ്റ്റായ മോഹന്‍ ഭാര്‍ഘവ് ആണ് കഥാനായകന്‍. കോളേജ് വിദ്യഭ്യാസത്തിനായി യുഎസിലെത്തിയ മോഹന്‍ അച്ഛനും അമ്മയും മരണപ്പെടുക കൂടി ചെയതപ്പോള്‍ മടങ്ങി വരാതായി. ഇന്ത്യയുമായി അയാളെ ബന്ധപ്പെടുത്തുന്ന ഒരു കണ്ണി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. കുട്ടിക്കാലത്ത് തന്നെ നോക്കിയിരുന്ന കാവേരിയമ്മ. ഒരുനാള്‍ കാവേരി അമ്മയെ കണ്ടെത്താനും തനിക്കൊപ്പം യുഎസിലേക്ക് കൊണ്ടു പോകാനുമായി മോഹന്‍ ഇന്ത്യയിലേക്ക് മടങ്ങി വരുന്നു. കാവേരിയമ്മയെ തേടിയുള്ള ആ യാത്രയില്‍ മോഹന്‍ ഭാര്‍ഘവ് എങ്ങനെ അവനവനെ തന്നെ കണ്ടെത്തുന്നുവെന്നതാണ് സ്വദേശിന്റെ കഥ.
അതുവരെ കണ്ട് ശീലിച്ച ഷാരൂഖ് ഖാന്‍ സിനിമയായിരുന്നില്ല സ്വദേശ്. സെറ്റുകളില്‍ മാത്രം ഒരുങ്ങിയിരുന്ന ബോളിവുഡ് സിനിമകളുടെ ലോകത്തു നിന്നും ഇറങ്ങി നടന്ന സിനിമയായിരുന്നു സ്വദേശ്. ചിത്രത്തിലൂടെ ആഷുതോഷ് ഗൊവാരിക്കര്‍ ചെയ്തത് തങ്ങളുടെ സിനിമകളുടെ ഗ്ലാമറിനും ആഘോഷത്തിനും അപ്പുറത്തുള്ള ഇന്ത്യന്‍ യാഥാര്‍ത്ഥ്യം എന്തെന്ന് ബോളിവുഡിന് തന്നെ കാണിച്ച് കൊടുക്കുകയായിരുന്നു. ഒപ്പം പ്രേക്ഷകരേയും.
സ്വന്തം സുരക്ഷയും കരിയറും സ്വപ്‌നം കണ്ട് വിദേശത്ത് പോകുന്നവര്‍ക്കും, സ്വര്‍ത്ഥ ലോകത്തിന്റെ ഭാഗമാകുന്നവര്‍ക്കുമുള്ളൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു സ്വദേശ്. സ്വന്തം നാടിനോടും ജനത്തോടും നമുക്ക് ചില ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ടെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു സ്വദേശ്. നാം നേടിയെടുത്ത അറിവും കഴിവുകളുമെല്ലാം, നമുക്ക് ചെറുതെന്ന് തോന്നിയാല്‍ പോലും, മറ്റ് പലരുടേയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധിക്കുന്നതായിരിക്കും എന്ന് ചിത്രം കാണിച്ചു തരുന്നുണ്ട്.

സ്ഥിരം ഷാരൂഖ് സിനിമകളില്‍ നിന്നും വിഭിന്നമായി പതിഞ്ഞ താളത്തില്‍ കഥ പറഞ്ഞ സ്വദേശ് മോഹനില്‍ മാത്രമല്ല, കാഴ്ചക്കാരിലും പരിവര്‍ത്തനമുണ്ടാക്കുന്നുണ്ട്. ആത്മപരിശോധനയ്ക്ക് കാഴ്ചക്കാരെ പ്രേരിപ്പിക്കുകയാണ് സിനിമ. തുടക്കം മുതല്‍ തന്റെ പക്കല്‍ മിനറല്‍ വാട്ടര്‍ ബോട്ടില്‍ കൊണ്ടു നടക്കുന്ന മോഹന്‍, ട്രെയിനില്‍ വച്ച് ഒരു കുട്ടിയുടെ കയ്യില്‍ നിന്നും മണ്‍ പാത്രത്തില്‍ വെള്ളം വിലയ്ക്ക് വാങ്ങുന്ന രംഗം ഇന്നും പ്രേക്ഷകരെ വേട്ടയാടുന്നതാണ്.എആര്‍ റഹ്‌മാന്റെ സംഗീതം കൊണ്ടും മഹേഷ് അനേയിയുടെ ഛായാഗ്രഹണം കൊണ്ടുകൂടിയുമാണ് സ്വദേശ് കാലാതീതമാകുന്നത്. ചിത്രത്തിനായി റഹ്‌മാന്‍ ഒരുക്കിയ ഓരോ പാട്ടും ഇന്നും മനസിലുണ്ട്. യേ ജോ ദേശ് തേരാ കേള്‍ക്കാതെ ഒരു സ്വാതന്ത്ര്യദിനവും കടന്നു പോകുന്നില്ല. യു ഹീ ഛലാ ചല്‍ ഒരു ആത്മീയയാത്രയുടെ അടയാളപ്പെടുത്തലായിരുന്നു.
ഏത് കാലത്തും, ഏത് ഭൂമിയിലും സ്വദേശ് റെലവന്റ് ആണ് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ലോക്കല്‍ ഈസ് ഇന്റര്‍നാഷണല്‍ എന്നതിന്റെ മറ്റൊരു ഉദാഹരണം. യുവാക്കള്‍ പല കാരണങ്ങള്‍ കൊണ്ടും വിദേശത്ത് ജീവിതം പറിച്ചു നടാന്‍ ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നൊരു കാലമാണിത്. ഈ സമയത്ത് സ്വദേശിന്റെ പ്രസക്തി കൂടുകയാണ്. കഥാന്ത്യത്തില്‍ സ്വന്തം നാട്ടിലേക്ക് തിരികെ വരുന്ന മോഹന്‍ ആകാന്‍ എല്ലാവര്‍ക്കും സാധിക്കില്ലായിരിക്കാം. പക്ഷെ എത്രയൊക്കെ തൂത്തെറിയാന്‍ ശ്രമിച്ചാലും നാട് നമ്മുടെ ഉള്ളില്‍ തന്നെ കാണുമെന്ന ഓര്‍മ്മപ്പെടുത്തലാണ് സ്വദേശ്.


Click it and Unblock the Notifications











