വിദ്യയെ വേണ്ടെന്ന് നിര്‍മ്മാതാവ്; വിദ്യ തന്നെ മതിയെന്ന് സംവിധായകന്‍; ഒടുവില്‍ വിദ്യ നേരിട്ട പരീക്ഷ!
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് വിദ്യ ബാലന്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ പിന്‍ബലമോ ഇല്ലാതെയാണ് വിദ്യ ബാലന്‍ തന്റേതായൊരു ഇടം കണ്ടെത്തുന്നത്. 2005 ല്‍ പുറത്തിറങ്ങിയ പരിനീത എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യ ബാലന്റെ ബോളിവുഡ് അരങ്ങേറ്റം. പ്രദീപ് സര്‍ക്കാര്‍ ആയിരുന്നു സിനിമയുടെ സംവിധാനം. ഈ ചിത്രത്തോടെ വിദ്യ ബാലന്‍ ശ്രദ്ധ നേടുകയും ചെയ്തു.
പരിനീതയിലേക്ക് എത്താന്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യ ബാലന്. പലപ്പോഴും അവസരം നിഷേധിക്കപ്പെട്ടു, പത്തിലധികം സിനിമകള്‍ ചിത്രീകരണം തുടങ്ങിയ ശേഷം ഉപേക്ഷിക്കപ്പെട്ടു. അങ്ങനെ പലതും നേരിട്ടാണ് വിദ്യ ബാലന്‍ പരിനീതയിലേക്ക് എത്തുന്നത്. എന്നാല്‍ അവിടേയും തുടക്കം നല്ല അനുഭവമായിരുന്നില്ല വിദ്യയ്ക്ക്. വിദ്യയെ വേണ്ടെന്നായിരുന്നു ആദ്യത്തെ തീരുമാനം തന്നെ.

ഇപ്പോഴിതാ ചിത്രത്തിലെ ഗാനരചയിതാവായ സ്വാനന്ദ് കിര്‍ക്കിരെ വിദ്യ ബാലന്‍ എങ്ങനെയാണ് പരിനീതയിലേക്ക് എത്തിയതെന്ന കഥ പങ്കുവെക്കുകയാണ്. ചിത്രത്തിലെ പിയു ബോലെ എന്ന സ്വാനന്ദ് എഴുതിയ ഗാനം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മാഷബിള്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സ്വാനന്ദ് കിര്‍ക്കിരെ മനസ് തുറന്നത്.
തുടക്കത്തില്‍ പ്രദീപ് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നത് പരിനീതയുടെ മോഡേണ്‍ വേര്‍ഷന്‍ ഒരുക്കാം എന്നായിരുന്നു. എന്നാല്‍ സിനിമയുടെ നിര്‍മ്മാതാവായ വിധു വിനോജ് ചോപ്ര ഒറിജിനല്‍ കാലഘട്ടത്തില്‍ തന്നെ ചിത്രമൊരുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരിനീതയുടെ ആശയം വിധുവിനെ ബോധ്യപ്പെടുത്താനായി ചിത്രത്തിലെ രാത്ത് ഹമാരി തോ എന്ന പാട്ട് രംഗം വിദ്യയെ വച്ച് ഷൂട്ട് ചെയ്ത് കാണിച്ചു കൊടുത്തു. എന്നാല്‍ വിദ്യയില്‍ വിധു തൃപ്തനായിരുന്നില്ല.
''വിധു വിനോദ് ചോപ്രയ്ക്ക് ഭയങ്കര ഇഷ്ടമായി. അദ്ദേഹം സര്‍ക്കാരിനോട്, ഇത് മനോഹരമായിരിക്കുന്നു, നിങ്ങള്‍ ഈ സിനിമ സംവിധാനം ചെയ്യും, ശാന്തനു മോയിത്ര സംഗീത സംവിധാനം, സ്വാനന്ദ് കിര്‍ക്കിരെ പാട്ടെഴുതും എന്ന് പറഞ്ഞു. പക്ഷെ ഇവള്‍ക്ക് പകരം മറ്റൊരു പെണ്‍കുട്ടിയെ കൊണ്ടുവരാമെന്നും പറഞ്ഞു. അദ്ദേഹം ആദ്യം തന്നെ വിദ്യയെ റിജക്ട് ചെയ്തിരുന്നു'' എന്നാണ് സ്വാനന്ദ് പറയുന്നത്.

എന്നാണ് വിദ്യയായിരിക്കണം തന്റെ നായിക എന്ന് പ്രദീപ് വാശി പിടിച്ചു. തുടര്‍ന്ന് വിധുവിനെക്കൊണ്ട് സമ്മതിപ്പിക്കാനായി വിദ്യയെ വച്ച് പല സീനുകളും പരീക്ഷിച്ചു നോക്കുകയും ചെയ്തുവെന്നും സ്വാനന്ദ് പറയുന്നു. ''ദാദ വിധു വിനോദ് ചോപ്രയ്ക്ക് വേണ്ടി അവളെ വച്ച് പല ടെസ്റ്റുകളും ചെയ്തു. ഒടുവില്‍ അദ്ദേഹം സമ്മതിച്ചു. അവളുടെ യാത്ര ഞങ്ങളുടേതിനെ അപേക്ഷിച്ച് വളരെ ദുര്‍ഘടമായിരുന്നു. പക്ഷെ അവള്‍ ഗംഭീരമായി തന്നെ അഭിനയിക്കുകയും ചെയ്തു'' എന്നാണ് സ്വാനന്ദ് പറയുന്നത്.
പരിനീതയ്ക്ക് മുമ്പ് വിദ്യ പ്രദീപ് സര്‍ക്കാറിന്റെ യൂഫോറിയയുടെ സംഗീത വീഡിയോയില്‍ അഭിനയിച്ചിരുന്നു. ആ ബന്ധമാണ് വിദ്യയുടെ കഴിവ് തിരിച്ചറിയുന്നതിലേക്ക് പ്രദീപിനെ നയിച്ചതും തന്റെ നായികയായി വിദ്യ മതിയെന്നും അദ്ദേഹം വാശി പിടിക്കാനും കാരണം. തന്നെ സംബന്ധിച്ച് പ്രദീപും അദ്ദേഹത്തിന്റെ ഭാര്യയും വഴികാട്ടികളാണെന്നാണ് വിദ്യ പറയുന്നത്. തന്റെ അച്ഛനോട് അടിയുണ്ടാക്കുന്നത് പോലെ താന്‍ ദാദയോടും വഴക്കിടുമെന്നാണ് വിദ്യ പറയുന്നത്.


Click it and Unblock the Notifications