അവര്‍ക്ക് വേണ്ടി ഞാന്‍ അതിഗ്ലാമറസ് ആയി, മന്ദബുദ്ധിയായി! ഒടുവില്‍ സത്യം തിരിച്ചറിഞ്ഞെന്ന് താപ്‌സി
തെന്നിന്ത്യന്‍ സിനിമയിലൂടെ അരങ്ങേറി പിന്നീട് ബോളിവുഡിലെത്തുകയും ഇന്ന് ബോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത നടിയാണ് താപ്‌സി പന്നു. ബോളിവുഡിലെ താരകുടുംബങ്ങളുടെയൊന്നും പിന്‍ബലമില്ലാതെയാണ് താപ്‌സി സ്വന്തമായൊരു സ്ഥാനം നേടിയതെന്നത് അഭിനന്ദനീയമാണ്. എന്നും വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും തേടുന്ന താപ്‌സിയുടെ സിനിമകള്‍ സമൂഹത്തിലെ പല പ്രശ്‌നങ്ങളേയും അഡ്രസ് ചെയ്യുന്നതാണ്. സിനിമയ്ക്ക് അകത്തേയും പുറത്തേയും സ്ത്രീവിരുദ്ധത അടക്കമുള്ള സാമൂഹിക പ്രശ്നങ്ങളില്‍ താപ്‌സി സ്വീകരിക്കുന്ന നിലപാടുകളും കയ്യടി നേടാറുണ്ട്.
ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്തെക്കുറിച്ചുള്ള താപ്‌സിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മുന്‍നിരയിലെത്തണമെങ്കില്‍ ചില വലിയ താരങ്ങളുടെ കൂടെ അഭിനയിക്കണമെന്നും കാഴ്ചയിലും പെരുമാറ്റത്തിലും ചില മാറ്റങ്ങള്‍ കൊണ്ടു വരണമെന്നും തന്നോട് പറഞ്ഞിരുന്നുവെന്നാണ് താപ്‌സി പറയുന്നത്. തമിഴിലൂടെ അരങ്ങേറിയ താപ്‌സി തെലുങ്കിലും മലയാളത്തിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. പിന്നീടാണ് ബോളിവുഡിലേക്ക്് എത്തുന്നതും സ്ഥിര സാന്നിധ്യമായി മാറുന്നതും. വിശദമായി വായിക്കാം തുടര്‍ന്ന്.

താന്‍ തുടക്കത്തില്‍ ചെയ്ത ആ പിഴവുകള്‍ ബോളിവുഡിലേക്കുള്ള രണ്ടാം വരവില്‍ ആവര്‍ത്തിക്കരുതെന്ന കാര്യത്തില്‍ താപ്‌സിയ്ക്ക് നിര്‍ബന്ധമായിരുന്നു. കോസ്‌മോപൊളിറ്റന്‍ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ''തുടക്കത്തില്‍ വലിയ സിനിമകളില്‍ അഭിനയിച്ചാല്‍ മാത്രമേ വലിയ താരം ആവുകയുള്ളൂവെന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത്. വലിയ ഹീറോകളുടെ കൂടെ. അങ്ങനെ ചെയതാല്‍ മാത്രമേ ടോപ്പിലേക്ക് എത്തുകയുള്ളൂ. അതിനര്‍ത്ഥം നമ്മളെ കാണാന്‍ അള്‍ട്രാ ഗ്ലാമറസ് ആയിരിക്കണം. കാഴ്ചയിലും പെരുമാറ്റത്തിലുമൊക്കെ ഒരു രീതിയുണ്ട്. പക്ഷെ ഞാന്‍ അതിലൊന്നും ഫിറ്റ് ആകുന്ന ആളല്ലായിരുന്നു. അതിനാല്‍ തുടക്കത്തില്‍ ഞാന്‍ എന്നെ അങ്ങനെ മാറ്റാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. കൂടുതല്‍ ഗ്ലാമറസും കുറച്ച് മണ്ടിയും ആണെന്ന് തോന്നിപ്പിക്കാന്‍ ശ്രമിച്ചു. കാരണം കാണാന്‍ സുന്ദരിയെന്നാല്‍ മന്ദബുദ്ധിയെന്നായിരുന്നു ധാരണ'' താരം പറയുന്നു.

''അതിനാല്‍ ഞാന്‍ ചില പ്രത്യേക റോളുകള്‍ തിരഞ്ഞെടുത്തു പോന്നു. അതായിരുന്നു അപ്പോഴത്തെ രീതി. എന്നാല്‍ ആ സിനിമകള്‍ എനിക്ക് വര്‍ക്ക് ആകുന്നില്ലെന്ന് ഞാന്‍ മനസിലാക്കി. അപ്പോഴാണ് ഞാന്‍ ഔട്ട് ഓഫ് ദ ബോക്‌സ് ആയി ചിന്തിക്കാന്‍ തുടങ്ങിയത്. പതിവിന് വിപരീതമായി മാറി. ഹീറോയിന്‍ എന്ന സങ്കല്‍പ്പത്തിന് ചേരാത്തവ. എനിക്ക് വര്‍ക്ക് ആയത് റിലേറ്റബിള്‍ വേഷങ്ങളായിരുന്നു. ഈ പാഠം ഞാന്‍ പഠിക്കുന്നത് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യുമ്പോഴാണ്. ബോളിവുഡിലേക്ക് മാറിയപ്പോള്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് എനിക്കുറപ്പുണ്ടായിരുന്നു'' താരം പറയുന്നു.

സൗന്ദര്യത്തെക്കുറിച്ചുണ്ടായിരുന്ന സങ്കല്‍പ്പത്തിന്റെ കാര്യത്തിലും താന്‍ നേര്‍ വിപരീതമായിരുന്നുവെന്നാണ് താപ്‌സി പറയുന്നത്. തനിക്ക് വലിയ കണ്ണുകളില്ലായിരുന്നു. ചെറിയ മൂക്ക് അല്ലായിരുന്നു. തനിക്കുള്ളത് വലിയ മൂക്കായിരുന്നു. മനോഹരമായ ചുണ്ടുകളോ നീളമുള്ള സില്‍ക്കിയായ മുടിയോ തനിക്കില്ല. തന്റേത് ചുരുണ്ട മുടിയാണ്. അന്ന് ടിവിയിലും സിനിമയിലും കണ്ടിരുന്ന ഒരു നായികയ്ക്കും തന്നെ പോലെ മുടിയായിരുന്നില്ലെന്ന് താനിപ്പോഴും ഓര്‍ക്കാറുണ്ടെന്നും താപ്‌സി പറയുന്നുണ്ട്. ഇതോടെ താന്‍ മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ രണ്ട് വട്ടം ശ്രമിച്ചുവെങ്കിലും അതൊന്നും തനിക്ക് ശരിയായി വന്നില്ലെന്നും താപ്‌സി പറയുന്നു. ഒടുവില്‍ സ്വയം അംഗീകരിക്കാനും സ്‌നേഹിക്കാനും തുടങ്ങിയതോടെയാണ് തന്റെ ചിന്ത മാറിയതെന്നും താപ്‌സി പറയുന്നു. ഇന്ന് എന്താണ് സൗന്ദര്യം എന്ന് താന്‍ മനസിലാക്കുന്നുണ്ടെന്നും താപ്‌സി പറയുന്നു.
Recommended Video

രശ്മി റോക്കറ്റ് ആണ് താപ്‌സിയുട ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ അത്‌ലറ്റായുള്ള താപ്‌സിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ കഥ പറയുന്ന സബാഷ് മിത്തുവാണ് താപ്‌സിയുടെ പുതിയ സിനിമ. ചിത്രത്തിന്റെ റിലീസ് തിയ്യതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 2022 ഫെബ്രുവരി നാലിനായിരിക്കും ചിത്രം റിലീസ് ചെയ്യുക.


Click it and Unblock the Notifications