അത്തരക്കാരെ ഒരിക്കലും എന്റെ ജീവിതത്തിന്റെ ഭാഗമാക്കില്ല! അവർ എന്ത് പറയുന്നു എന്നതും ശ്രദ്ധിക്കാറില്ല: തമന്ന
കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോവുകയാണ് നടി തമന്ന ഭാട്ടിയ. തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. പാൻ ഇന്ത്യൻ താരമായി അറിയപ്പെടുന്ന തമന്നയ്ക്ക് കൈനിറയെ അവസരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. മുംബൈക്കാരി ആണെങ്കിലും തമന്ന തിളങ്ങിയത് തെന്നിന്ത്യൻ സിനിമകളിൽ ആയിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര താരമായി നിറഞ്ഞുനിന്ന തമന്നയ്ക്ക് ഈ അടുത്തകാലത്തായാണ് ബോളിവുഡിൽ നിന്നും മികച്ച അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്.
കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നിരന്തരം വാർത്തകളിലും നിറയുന്നുണ്ട് തമന്ന. അടുത്തിടെയാണ് നടൻ വിജയ് വർമയുമായി പ്രണയത്തിലാണെന്ന് നടി വെളിപ്പെടുത്തിയത്. തമന്നയുടെ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു. സോഷ്യൽ മീഡിയയിലും തമന്നയുടെ കരിയറും വ്യക്തി ജീവിതവുമൊക്കെ ചർച്ചയാകാറുണ്ട്. അതുകാരണം നിരവധി വിമർശനങ്ങളും ട്രോളുകളും പരിഹാസങ്ങളുമെല്ലാം തമന്നയ്ക്ക് നേരിടേണ്ടിയും വന്നിട്ടുണ്ട്.

ഇപ്പോഴിതാ അതിനെയൊക്കെ നേരിടുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമന്ന. എഴുത്തുകാരനായ ലൂക്ക് കുട്ടീഞ്ഞോയുമായുള്ള ഒരു അഭിമുഖത്തിലാണ് സോഷ്യൽ മീഡിയ ട്രോളുകളെയും നെഗറ്റീവ് കമന്റുകളെയും നേരിടുന്നതിനെ കുറിച്ച് നടി മനസുതുറന്നത്. തുടക്കത്തിൽ അതെല്ലാം തന്നെ ഏറെ വേദനിപ്പിച്ചിരുന്നു എന്നാൽ പിന്നീട് അതൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന് താൻ മനസിലാക്കിയെന്ന് തമന്ന പറയുന്നു. ഇപ്പോൾ പോസിറ്റീവുകളിലേക്ക് നോക്കി മാത്രമാണ് തന്റെ യാത്രയെന്നും തമന്ന പറഞ്ഞു.
'ഈ യാത്രയിൽ (സിനിമകളിൽ), നിങ്ങളോട് വളരെയധികം വിദ്വേഷം പ്രകടപ്പിക്കുന്ന സമയമുണ്ടാകും, സോഷ്യൽ മീഡിയയുടെ കാലത്ത് അത് ഉറപ്പാണ്. മുഖമില്ലാത്ത ആളുകൾ ഇരുന്ന് എന്തൊക്കെയോ എഴുതി വിടുകയാണ്. ഇതെല്ലാം വളരെ മോശമാണ്. എന്നെ സംബന്ധിച്ചിടത്തോളം, ആദ്യം അങ്ങനെയൊരു അനുഭവം ഉണ്ടായപ്പോൾ അത് എന്നെ വളരെയധികം അസ്വസ്ഥയാക്കി. എന്താണ് സംഭവിക്കുന്നത്? എന്റെ തെറ്റ് കൊണ്ടാണോ എന്നൊക്കെ ചിന്തിച്ചു', തമന്ന പറയുന്നു.
'പിന്നെ ഞാൻ കുറച്ച് സമയമെടുത്ത് ചിന്തിച്ചു. ഞാൻ എന്നോട് തന്നെ ചോദിച്ചു 'ഇത് എവിടെ നിന്നാണ് വരുന്നതെന്നാണ് നിങ്ങൾ കരുതുന്നത്?' നിങ്ങൾ ഒരു നടിയാണെന്നും ഒരു പെർഫോമറാണെന്നും മനസ്സിലാക്കാതെ ചില സമയങ്ങളിൽ ധാരാളം സദാചാര പോലീസിംഗ് ആളുകൾ നടത്തും, അത് അവർ ഉദ്ദേശിക്കുന്ന ഒരു ചട്ടക്കൂടിനുള്ളിൽ നിങ്ങളെ കാണാത്തത് കൊണ്ടാകും, അതിലൊന്നും വിഷമിക്കേണ്ട കാര്യമില്ല. അവർ പറയുന്നതും കാണിക്കുന്നതും നിങ്ങളോട് ആണെങ്കിലും അത് യഥാർത്ഥത്തിൽ അത് അവരോട് തന്നെയാണ്', തമന്ന പറഞ്ഞു.

താൻ എന്താകണം എന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ആളുകൾ താൻ എന്താകണമെന്ന് ആഗ്രഹിക്കുന്നതിൽ അല്ലെന്നും തമന്ന വ്യക്തമാക്കി. തന്നോട് വെറുപ്പ് കാണിക്കുന്നവരോയോ ട്രോളുന്നവരോ ഒരിക്കലും തന്റെ യാത്രയുടെ ഭാഗമാകുകയോ തന്റെ ജീവിതത്തിന്റെ ഭാഗമാക്കുകയോ ചെയ്തിട്ടില്ല, അതിനാൽ തന്നെ അവർ ഇപ്പോൾ എന്താണ് തന്നെ കുറിച്ച് ചിന്തിക്കുന്നത് എന്നതൊന്നും ശ്രദ്ധിക്കാറില്ലെന്നും തമന്ന പറഞ്ഞു.
അഖ്‌രി സാച്ച് എന്ന വെബ്‌സീരീസിലും ജയിലർ, ഭോല ശങ്കർ എന്നീ സിനിമകളിലുമാണ് തമന്ന അവസാനമായി അഭിനയിച്ചത്. ആരൺമൈ 4, ദിലീപ് നായകനാകുന്ന ബാന്ദ്ര, ഹിന്ദി ചിത്രമായ വേദ എന്നിവയാണ് തമന്നയുടേതായി അണിയറയിൽ ഉള്ളത്. തമന്നയുടെ ആദ്യ മലയാള ചിത്രമാണ് ബാന്ദ്ര. അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത മാസം ചിത്രം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications