പാര്‍ട്ടിയില്‍ വച്ച് ആ സ്ത്രീ എന്നെ തടിച്ചി എന്ന് വിളിച്ചു; പക്ഷെ ദേഷ്യം തോന്നിയില്ല; അനുഭവം പങ്കിട്ട് തമന്ന
ഇന്ന് ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് തമന്ന. തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നായികയായിരുന്ന തമന്ന ഇന്ന് ബോളിവുഡിലെ നിറ സാന്നിധ്യമാണ്. മുംബൈക്കാരിയായ തമന്നയുടെ തുടക്കം ഹിന്ദിയിലൂടെയാണെങ്കിലും കരിയറില്‍ വിജയം നേടുന്നത് തെന്നിന്ത്യന്‍ സിനിമകളിലാണ്. തമിഴിലും തെലുങ്കിലുമെല്ലാം തിരക്കുള്ള നായികയായ ശേഷമാണ് താരം ഹിന്ദിയിലേക്ക് തിരികെ വരുന്നത്. ഇന്ന് ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നിരിക്കുകയാണ് തമന്ന.
അഭിനയത്തിന് പുറമെ തന്റെ ഡാന്‍സ് നമ്പറുകളിലൂടേയും തമന്ന ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. കാവാലാ, ആജ് കി രാത്ത് തുടങ്ങിയ പാട്ടുകളിലെ തമന്നയുടെ പ്രകടനം സമാനതകളില്ലാത്തതായിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ സിക്കന്ദര്‍ ക മുക്കന്ദറിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് തമന്ന. ഇതിനിടെ സിനിമാ ലോകത്ത് സ്ത്രീ സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിക്കുകയാണ് തമന്ന.

മെലിഞ്ഞിരിക്കുകയാണ് യഥാര്‍ത്ഥ സൗന്ദര്യം എന്ന കാഴ്ചപ്പാടുമായാണ് താന്‍ വളര്‍ന്നതെന്നാണ് തമന്ന പറയുന്നത്. ഈയ്യടുത്തിറങ്ങിയ സ്ത്രീ ടുവിലെ ആജ് കി രാത്ത് എന്ന പാട്ടിലെ പ്രകടനത്തോടെയാണ് താന്‍ തന്റെ ശരീരത്തെ അംഗീകരിക്കാന്‍ പഠിച്ചതെന്നാണ് തമന്ന പറയുന്നത്.
''സ്ത്രീകളുടെ സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ച്ചപ്പാടുകളിലൂടെയാണ് ഞാന്‍ വളര്‍ന്നത്. മെലിഞ്ഞിരിക്കുകയാണ് ഫിറ്റ് എന്ന് കരുതിയിരുന്നതായിരുന്നു എന്റെ കുട്ടിക്കാലം. അതിനാല്‍ സിനിമയിലെത്തിയപ്പോള്‍ അത്തരത്തിലുള്ള ലുക്ക് നിലനിര്‍ത്താന്‍ ഞാന്‍ എന്നില്‍ ഒരുപാട് സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ പിന്നീട് എനിക്ക് മനസിലായി. അത് എനിക്ക് സൗന്ദര്യമായി തോന്നിയിരുന്നില്ല. സ്വയം നല്ലത് തോന്നുന്നതിന് എത്ര മെലിഞ്ഞിരിക്കുന്നത് എന്നതുമായി ബന്ധമില്ല. എവിടെയൊക്കയോ ആജ് കി രാത്ത് എന്നെ എന്റെ ശരീരത്തെ അംഗീകരിക്കാന്‍ സഹായിച്ചിട്ടുണ്ട്'' എന്നാണ് തമന്ന പറയുന്നത്.
''കാവാല പുറത്തിറങ്ങിയപ്പോള്‍ ഒരു പാര്‍ട്ടിയില്‍ വച്ചൊരു സ്ത്രീ എന്റെ അടുത്ത് വന്നു. നന്ദി, നിങ്ങള്‍ കാരണം ഞങ്ങളെ പോലുള്ള വണ്ണമുള്ള സ്ത്രീകളേയും അംഗീകരിക്കപ്പെടുന്നു. നിങ്ങള്‍ക്ക് നല്ല തടിയുണ്ടായിട്ടും നിങ്ങള്‍ നന്നായി ആസ്വദിച്ചാണ് ചെയ്തത് എന്ന് പറഞ്ഞു. അപ്പോഴാണ് ഈ സ്ത്രീയെ സംബന്ധിച്ച് ഞാന്‍ തടിച്ചിയാണെന്ന് ഞാന്‍ ചിന്തിക്കുന്നത്. ഒരാളില്‍ നിന്നും അത് കേള്‍ക്കുന്നത് വരെ എനിക്ക് മനസിലായിരുന്നില്ല'' തമന്ന പറയുന്നു.

''അത് നോര്‍മല്‍ ആണെന്ന് തോന്നി. അത് മനോഹരമാണെന്ന് തോന്നി. അതായിരുന്നു ഞാന്‍ മനസിലാക്കിയത്. ഇപ്പോള്‍ എല്ലാവരുടേയും പക്കല്‍ ഫോണുണ്ട്. അതില്‍ ക്യാമറയും. എല്ലാവരും ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവെക്കുന്നു. അതിനാല്‍ എല്ലാവര്‍ക്കും ആ സമ്മര്‍ദ്ദമുണ്ട്. നേരത്തെ അഭിനേതാവ് ആയതിനാല്‍ എന്റെ ജോലിയുടെ ഭാഗമായിരുന്നു. എന്റെ ശരീരം നോക്കണമായിരുന്നു. പക്ഷെ ഇന്നത്തെ ചെറിയ പെണ്‍കുട്ടികള്‍ വരെ അത് ചെയ്യുന്നുണ്ട്'' എന്നും തമന്ന പറയുന്നുണ്ട്.
ഇപ്പോള്‍ തനിക്കുള്ള സ്വീകാര്യതയും പവറും ഉപയോഗിച്ച് സൗന്ദര്യം എന്നാല്‍ മെലിഞ്ഞിരിക്കുന്നതോ വെളുപ്പോ അല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് തമന്ന പറയുന്നത്. പലപ്പോഴം എത്ര അണിഞ്ഞൊരുങ്ങിയാലും തനിക്ക് ഉള്ളില്‍ സന്തോഷം തോന്നാറില്ലെന്നും പലപ്പോഴും ശ്വാസം മുട്ടുന്നത് പോലെയാണ് തോന്നുകയെന്നുമാണ് തമന്ന പറയുന്നത്. മേക്കപ്പ് പോലും ചെയ്യാത്തപ്പോള്‍ തനിക്ക് സ്വയം സുന്ദരിയാണെന്ന് തോന്നാറുണ്ടെന്നും തമന്ന പറയുന്നു.


Click it and Unblock the Notifications











