റാണിയുടെ കാമുകന്മാരായി വിവാഹിതരായ ആമിറും ഗോവിന്ദയും; അഭിഷേകിനെ തട്ടിയെടുത്ത് കൂട്ടുകാരി ഐശ്വര്യ
ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് റാണി മുഖര്‍ജി. താരകുടുംബത്തില്‍ നിന്നുമാണ് റാണി സിനിമയിലെത്തുന്നത്. തന്റെ നിറത്തിന്റേയും ഉയരത്തിന്റേയും പേരില്‍ കരിയറില്‍ പലവട്ടം മാറ്റി നിര്‍ത്തല്‍ നേരിടേണ്ടി വന്നിട്ടുണ്ട് റാണി മുഖര്‍ജിയ്ക്ക്. എന്നാല്‍ അതിനെയെല്ലാം മറികടന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറുകയാണ് റാണി മുഖര്‍ജി. റാണിയുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
നിര്‍മ്മാതാവായ ആദിത്യ ചോപ്രയാണ് റാണിയുടെ ഭര്‍ത്താവ്. ഇറ്റലിയില്‍ വച്ചായിരുന്നു റാണിയുടേയും ആദിത്യയുടേയും വിവാഹം നടന്നത്. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്. ആദിത്യയുമായി പ്രണയത്തിലാകും മുമ്പും റാണിയുടെ ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട്. റാണിയുടെ ജീവിതത്തിലെ പ്രണയങ്ങളെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

റാണി മുഖര്‍ജിയും ആമിര്‍ ഖാനും തര്‍ത്തഭിനയിച്ച ചിത്രമാണ് ഗുലാം. 1998 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ആത്തി ക്യാ ഖണ്ഡാല എന്ന പാട്ട് ഇപ്പോഴും ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. ചിത്രത്തിലെ റാണിയുടേയും ആമിറിന്റേയും കെമിസ്ട്രി കയ്യടി നേടിയിരുന്നു. ഇതേസമയം ഇരുവരും ഓഫ് സ്‌ക്രീനിലും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റീനയുമായുള്ള ആമിറിന്റെ ദാമ്പത്യ ജീവിതം തകര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്.
അതേസമയം തനിക്ക് ആമിര്‍ ഖാനോട് ക്രഷ് തോന്നിയിരുന്നുവെന്ന് റാണി മുഖര്‍ജി ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയും ചെയ്തിരുന്നു. രാത്രി മൂന്ന് മണിയ്ക്കും സഹായത്തിനായി തനിക്ക് വിളിക്കാന്‍ സാധിക്കുന്നയാളാണ് ആമിര്‍ എന്നാണ് റാണി പറയുന്നത്. എന്നാല്‍ റാണിയും ആമിറും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നതൊന്നും ലഭ്യമായിരുന്നില്ല.
റാണി മുഖര്‍ജിയും ഗോവിന്ദയും കണ്ടുമുട്ടുന്നത് ഹദ് കര്‍ ദി ആപ്‌നെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. ഈ സമയം ഗോവിന്ദ വിവാഹിതനായിരുന്നു. ഗോവിന്ദയും റാണിയും തമ്മില്‍ അവിഹിത ബന്ധത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരിക്കല്‍ റാണിയെ കാണാനായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ ഗോവിന്ദയെ റാണിയുടെ മുറിയില്‍ കണ്ടുവെന്നും അദ്ദേഹം ബാത്ത് റോബിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ ബന്ധത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഗോവിന്ദയുടെ ഭാര്യ സുനിത വീട് വിട്ട് മാറി താമസിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് റാണിയും ഗോവിന്ദയും ഒരിക്കലും സമ്മതിച്ചിരുന്നില്ല. എന്നാല്‍ സുനിതയെ കരുതിയാണ് തങ്ങള്‍ അകലം പാലിക്കാന്‍ തീരുമാനിച്ചതെന്ന് ഇരുവരും പറഞ്ഞിരുന്നു. അധികം വൈകാതെ ആ വാര്‍ത്തകള്‍ കെട്ടടങ്ങുകയായിരുന്നു.
പിന്നീടാണ് റാണി മുഖര്‍ജിയുടെ പേരിനൊപ്പം അഭിഷേക് ബച്ചന്റെ പേര് ചേര്‍ത്തുവെക്കപ്പെടുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ബണ്ടി ഓര്‍ ബബ്ലി വന്‍ വിജയമായിരുന്നു ബോക്‌സ് ഓഫീസില്‍ നേടിയത്. റാണിയെ അഭിഷേകിന്റെ അമ്മ ജയ ബച്ചനും മരുമകളാക്കാന്‍ താല്‍പര്യമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പ്രണയത്തിന് അധികം ആയസുണ്ടായില്ല.

പിന്നീടാണ് അഭിഷേക് ബച്ചന്‍ ഐശ്വര്യ റായുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും റാണി മുഖര്‍ജിയെ അഭിഷേകിന്റേയും ഐശ്വര്യയുടേയും വിവാഹത്തിന് ക്ഷണിക്കാതിരുന്നത് പ്രണയ വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. അഭിഷേകുമായി പ്രണയത്തിലാകുന്നതിന് മുമ്പ് റാണിയും ഐശ്വര്യയും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അഭിഷേകും ഐശ്വര്യയും ഒരുമിക്കുന്നതിനിടെ ഇരുവരും തമ്മിലുള്ള സൗഹൃദവും അവസാനിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ബണ്ടി ഓര്‍ ബബ്ലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ അഭിഷക് ബച്ചന് പകരം നായകനായി എത്തിയത് സെയ്ഫ് അലി ഖാന്‍ ആയിരുന്നു. അഭിഷേകിനെ ആ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും തടഞ്ഞത് ഐശ്വര്യ റായ് ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











