ശ്രീദേവിയുടെ മകൾ ഖുഷി കപൂറുമായി പ്രണയം?; തുറന്നു പറഞ്ഞ് ആർച്ചീസ് താരം വേദാംഗ് റെയ്‌ന
അനശ്വര നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും ഇളയ മകളായ ഖുഷി കപൂറും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അമ്മയുടെയും ചേച്ചിയുടെയും പാതയിലൂടെ തന്നെ മുന്നോട്ട് പോകാനാണ് ഖുഷിയുടെ തീരുമാനം. ഡിസംബറിൽ ഏഴിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച ദി ആർച്ചീസ് എന്ന സിനിമയിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. സോയ അക്തറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് ഖുഷി അഭിനയിച്ചിരിക്കുന്നത്.
ഖുഷിക്ക് പുറമെ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അഗസ്ത്യ നന്ദ, വേദാംഗ് റെയ്‌ന, ഡോട്ട്, മിഹിർ അഹൂജ, യുവരാജ് മെൻഡ എന്നിങ്ങനെ ഒരുപിടി യുവതാരങ്ങളുടെ അരങ്ങേറ്റത്തിനും ചിത്രം സാക്ഷ്യം വഹിച്ചു. അതുകൊണ്ട് തന്നെ റിലീസിന് മുന്നേ വലിയ പ്രീ റിലീസ് ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചത്. അതിനിടെ സ്റ്റാർ കിഡ്സിനെ കുറിച്ച് ചില ഗോസിപ്പുകളും പ്രചരിക്കുകയുണ്ടായി. സുഹാന ഖാനും അഗസ്ത്യയും അതുപോലെ വേദാംഗും ഖുഷിയും പ്രണയത്തിലാണ് എന്നായിരുന്നു ഗോസിപ്പുകൾ.

ഇപ്പോഴിതാ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വേദാംഗ് റെയ്‌ന. ഖുഷിയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞ വേദാംഗ് പങ്കാളിയിൽ താൻ ആഗ്രഹിക്കുന്ന ഗുണങ്ങളെ കുറിച്ചും സംസാരിച്ചു. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വേദാംഗ്.
താൻ സിംഗിൾ ആണെന്ന് വ്യക്തമാക്കിയ വേദാംഗ് റെയ്‌ന, തന്നെയും ഖുഷിയെയും ചേർത്ത് ഓണലൈൻ വന്ന വാർത്തകളെല്ലാം നിഷേധിച്ചു. 'ഖുഷിയും ഞാനും പല തരത്തിൽ കണക്ടഡാണ്. സംഗീതത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് സമാനമായ അഭിരുചിയാണ്. പക്ഷെ ഞാനും ഖുഷിയും ഡേറ്റിംഗിലല്ല. എന്നാൽ എനിക്ക് അവളുമായി വളരെ ശക്തമായ ഒരു ബോണ്ടുണ്ട്. ഞങ്ങൾക്ക് വളരെക്കാലമായി പരസ്പരം അറിയാം, ഞങ്ങൾ പല കാര്യങ്ങളിലും കണക്ടഡാണ്. ഞാനിപ്പോൾ സിംഗിളാണ്. ശരിയായ സമയമാകുമ്പോൾ, ഈ അവസ്ഥ മാറുമെന്ന് പ്രതീക്ഷിക്കുന്നു,' വേദാംഗ് പറഞ്ഞു.
കൂടാതെ, തന്റെ പങ്കാളിയിൽ ആഗ്രഹിക്കുന്ന ഗുണങ്ങളെ കുറിച്ചും നടൻ പരാമർശിച്ചു. 'എന്റെ ജീവിത പങ്കാളി വിശ്വസ്തയും മധുരമായി പെരുമാറുന്നവളും കഠിനാധ്വാനിയും ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,' വേദാംഗ് വ്യക്തമാക്കി. അതേസമയം സിനിമയ്ക്ക് മുൻപ് തന്നെ ഒരു പരസ്യ ചിത്രത്തിൽ വേദാംഗും ഖുഷിയും ഒന്നിച്ചെത്തിയിട്ടുണ്ട്. അന്ന് തന്നെ ഇവരുടെ കെമിസ്ട്രി ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. അതിന് മുൻപ് ചില പൊതുവേദികളിലും ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപിന്റെയും ഷെയ്ൻ ഗ്രിഗോയറിന്റെയും വിവാഹനിശ്ചയത്തിൽ ഖുഷിയും വേദാംഗും ഒന്നിച്ചാണ് എത്തിയത്. അന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതിനു പിന്നാലെയാണ് ഇരുവരെയും ചേർത്ത് ഗോസിപ്പുകൾ വന്നു തുടങ്ങിയത്. എന്തായാലും വേദാംഗിന്റെ ഈ വെളിപ്പെടുത്തലിലൂടെ അതിനൊരു അവസാനമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേ സമയം നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്ന ആർച്ചീസിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്റ്റാർ കിഡ്സ് നിരാശപ്പെടുത്തി എന്നാണ് പൊതുവിലുള്ള അഭിപ്രായം. ആര്‍ച്ചിസ് എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications