ആദ്യം സഹോദരിയെ വഞ്ചിച്ചു, പിന്നെ സഹോദരന്റെ ഭാര്യയെ സ്വന്തമാക്കി! സല്‍മാന്‍-അര്‍ജുന്‍ പോരിലെ മഞ്ഞുരുകുന്നു
ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളുമൊക്കെയുള്ള സമ്പന്നമായ കരിയര്‍ ആണ് സല്‍മാന്റേത്. ഇപ്പോള്‍ കരിയറില്‍ തുടര്‍ പരാജയങ്ങളിലൂടെയാണ് സല്‍മാന്‍ ഖാന്‍ കടന്നു പോകുന്നത്. ഉടനെ ഇറങ്ങാനിരിക്കുന്ന ടൈഗര്‍ ത്രീയിലൂടെ വിജയ വഴിയിലേക്ക് തിരികെ എത്താനാകുമെന്നാണ് സല്‍മാന്റെ പ്രതീക്ഷ. കത്രീന കൈഫ് നായികയായ സിനിമയുടെ ടീസര്‍ ഹിറ്റായി മാറിയിരുന്നു.
വിവാദങ്ങള്‍ക്കും സല്‍മാന്‍ ഖാന്റെ കരിയറില്‍ പഞ്ഞമില്ല. അതുപോലെ തന്നെ പിണക്കങ്ങള്‍ക്കും. ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നവരുമായി പോലും സല്‍മാന്‍ ഖാന്‍ ദീര്‍ഘകാലം മിണ്ടാന്‍ പോലും തയ്യാറാകാത്തത്ര വലിയ വഴക്കുകളിലേക്ക് പോയിട്ടുണ്ട്. ഷാരൂഖ് ഖാന്‍ ഒരു ഉദാഹരണം. അങ്ങനെ സല്‍മാന്‍ ഖാനുമായി ഒരിക്കല്‍ തെറ്റിയ താരമാണ് അര്‍ജുന്‍ കപൂര്‍.

സല്‍മാന്‍ ഖാനും അര്‍ജുന്‍ കപൂറും തമ്മില്‍ ഗുരു-ശിഷ്യന്‍ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അര്‍ജുനെ ബോളിവുഡ് എന്‍ട്രിയ്ക്കായി ട്രെയിന്‍ ചെയ്യിച്ചതും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതുമെല്ലാം സല്‍മാന്‍ ഖാന്‍ ആയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ സല്‍മാന്‍ ഖാനും അര്‍ജുനും തമ്മിലുള്ള പിണക്കം അവസാനിച്ചതായാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം ടൈഗര്‍ ത്രീയുടെ പ്രൊമോഷന്റെ ഭാഗമായി പങ്കുവച്ചൊരു വീഡിയോ അര്‍ജുന്‍ ലൈക്ക് ചെയ്തതോടെയാണ് മഞ്ഞുരുകിയതായുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.
മുമ്പൊരിക്കല്‍ അര്‍ജുനെ നടനാക്കുന്നതില്‍ സല്‍മാന്‍ ഖാന്‍ എങ്ങനെയാണ് നിര്‍ണായക പങ്കു വഹിച്ചതെന്ന് അച്ഛന്‍ ബോണി കപൂര്‍ വ്യക്തമാക്കിയിരുന്നു. ''അര്‍ജുന് സംവിധായകന്‍ ആകാനായിരുന്നു ആഗ്രഹം. അതിനാല്‍ ഞാനും അവനെ നായകനായി ലോഞ്ച് ചെയ്യുന്നതിനെപ്പറ്റി ആലോചിച്ചില്ല. പക്ഷെ ഒരു ദിവസം എന്നെ സല്‍മാന്‍ ഖാന്‍ വിളിച്ചു. നിങ്ങളുടെ മകനെ അഭിനയിപ്പിക്കണമെന്നും അതിനുള്ള കഴിവ് അവനുണ്ടെന്നും പറഞ്ഞു. അങ്ങനെ സല്‍മാന്‍ അര്‍ജുനെ തന്റെ ചിറകിനുള്ളിലേക്ക് ചേര്‍ത്തു നിര്‍ത്തുകയായിരുന്നു'' എന്നാണ് ബോണി പറഞ്ഞത്.
അമിതവണ്ണമുണ്ടായിരുന്ന അര്‍ജുനെ ട്രെയിന്‍ ചെയ്യിപ്പിച്ച് ഫിറ്റാക്കി മാറ്റുന്നതും സല്‍മാന്‍ ഖാന്‍ ആയിരുന്നു. നേരത്തെ സല്‍മാന്റെ സഹോദരി അര്‍പ്പിതയും അര്‍ജുനും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ 2005 ല്‍ ഇരുവരും പിരിഞ്ഞു. പക്ഷെ അതിന് ശേഷവും സല്‍മാന്‍ ഖാന്‍ അര്‍ജുനുമായുള്ള സൗഹൃദം തുടര്‍ന്നിരുന്നു. പിന്നീടാണ് അര്‍ജുന്‍ ബോളിവുഡിലേക്ക് എന്‍ട്രി നടത്തുന്നതൊക്കെ. പിന്നീടാണ് അര്‍ജുന്‍ നടി മലൈക അറോറയുമായി പ്രണയത്തിലാകുന്നത്.

മലൈക സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്റെ ഭാര്യയായിരുന്നു. ഈ ബന്ധം പിരിഞ്ഞതോടെയാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. ഇരുവരും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരുമിച്ചാണ് കഴിയുന്നത്. മലൈകയുമായുള്ള അര്‍ജുന്റെ ഈ അടുപ്പമാണ് സല്‍മാനേയും അര്‍ജുനേയും അകറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ നാളിതുവരെ പരസ്യമായി ഇരുവരും ഇതേക്കുറിച്ച് ഇരുവരും പരസ്യമായി സംസാരിച്ചിട്ടില്ല. പക്ഷെ ഒരിക്കല്‍ താനും സല്‍മാനും തമ്മിലുള്ള ബന്ധം സുഖകരമല്ലെന്ന് ബോണി കപൂര്‍ പറഞ്ഞിരുന്നു.
നാളുകള്‍ക്ക് ശേഷം അര്‍ജുന്‍ സല്‍മാന്റെ സിനിമയുടെ പ്രൊമോ വീഡിയോയ്ക്ക് ലൈക്ക് ഇട്ടത് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചതിന്റെ സൂചനയായിട്ടാണ് ആരാധകര്‍ കാണുന്നത്. അതേസമയം ടൈഗര്‍ ത്രീയുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും.


Click it and Unblock the Notifications











