നായികയെ വീട്ടുകാര്‍ പൂട്ടിയിട്ടു! ഒളിച്ചോടി കല്യാണം കഴിച്ച വില്ലന്‍; ജീവിതത്തില്‍ ഹീറോയാണ് ശക്തി കപൂര്‍
ബോളിവുഡിലെ ഐക്കോണിക് വില്ലന്മാരില്‍ ഒരാളാണ് ശക്തി കപൂര്‍. ക്രൈം മാസ്റ്റര്‍ ഗോഗോ പോലുള്ള എക്കാലത്തേയും ഹിറ്റ് വില്ലന്‍ വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയ താരം. ശക്തി കപൂറിന് ഓഫ് സ്‌ക്രീനില്‍ കണ്ടാല്‍ പോലും അന്ന് പലരും ഓടിയൊളിച്ചിരുന്നു. എന്നാല്‍ ജീവിതത്തിലെ ശക്തി കപൂര്‍ അത്തരത്തിലൊരു വ്യക്തിയേയല്ല എന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്.
സിനിമയില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ റൊമാന്റിക് ഹീറോയാണ് ശക്തി കപൂര്‍. 37 വര്‍ഷം പിന്നിടുന്ന ശക്തിയുടേയും ശിവാംഗി കോലാപൂരിയുടേയും പ്രണയ കഥ സിനിമാക്കഥ പോലെ നാടകീയമാണ്.

1980 ല്‍ പുറത്തിറങ്ങിയ കിസ്മത്ത് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. മിഥുന്‍ ചക്രവര്‍ത്തി നായകനായ ചിത്രത്തില്‍ നായികയാകേണ്ടിയിരുന്നത് ശിവാംഗിയുടെ സഹോദരി പത്മിനി കോലാപൂരിയായിരുന്നു. ശക്തി കപൂര്‍ വില്ലന്‍ വേഷത്തിലും. എന്നാല്‍ പത്മിനിയ്ക്ക് തിരക്കായതിനാല്‍ പകരം ശിവാംഗി നായികയായി മാറുകയായിരുന്നു.
ചിത്രത്തില്‍ ഒരുമിച്ച് രംഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരേ ദിവസം ഷൂട്ടുണ്ടായിരുന്നതിനാലാണ് ശിവാംഗിയും ശക്തിയും പരിചയപ്പെടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ശിവാംഗിയ്ക്ക് ശക്തിയോട് പ്രണയം തോന്നി. ശക്തിയ്ക്ക് തിരിച്ചും പ്രണയം തോന്നിയതോടെ ഇരുവരും അടുത്തു. ഏറെകാലമാണ് ശിവാംഗിയും ശക്തിയും രഹസ്യമായി പ്രണയിച്ചത്.
ശിവാംഗിയുടേയും ശക്തിയുടേയും വിവാഹത്തിന് പ്രതിസന്ധികള്‍ ഒരുപാടുയര്‍ന്നു വന്നു. ശിവാംഗിയുടേത് മറാത്തി കുടുംബമായിരുന്നു. കുടുംബത്തില്‍ വലിയ താരങ്ങളടക്കമുണ്ട്. ശക്തിയുടേതാകട്ടെ താരതമ്യേനെ ചെറിയവരായ പഞ്ചാബികളും. കൂടാതെ ശക്തി അവതരിപ്പിച്ചിരുന്ന വില്ലന്‍ വേഷങ്ങളും വിവാഹത്തിനുള്ള എതിര്‍പ്പിന് കാരണമായി. ഇതോടെ ഇരുവര്‍ക്കും ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വരികയായിരുന്നു.
''ഞാനും ശിവാംഗിയും ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്. അവള്‍ മഹാരാഷ്ട്രക്കാരിയാണ്. ഞാന്‍ പഞ്ചാബിയും. ഞാന്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്നതിനാല്‍ എനിക്ക് നല്ല പേരായിരുന്നില്ല. എന്റെ കുടുംബവും കല്യാണത്തിന് സമ്മതിച്ചില്ല. അതിനാല്‍ ഞങ്ങള്‍ക്ക് ഒളിച്ചോടേണ്ടി വന്നു'' എന്നാണ് ശക്തി കപൂര്‍ പറഞ്ഞത്. പക്ഷെ ഒളിച്ചോട്ടം അത്ര എളുപ്പമായിരുന്നില്ല. മകളുടെ ഭാഗത്തു നിന്നും അത്തരത്തിലൊരു നീക്കം ശിവാഗിയുടെ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ അവര്‍ അവളെ പൂട്ടിയിട്ടു.

പക്ഷെ പൂട്ട് പൊളിച്ച് ശക്തിയുടെ അരികിലേക്ക് ശിവാംഗി ഓടിയെത്തി. 1982 ജനുവരി 12 നാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം നടത്തുന്നത്. അന്ന് ശിവാംഗിയുടെ പ്രായം പതിനെട്ടായിരുന്നു. വിവാഹ ശേഷം ശിവാംഗിയുടെ കുടുംബം നവദമ്പതികളെ അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ശക്തിയുടെ അച്ഛന്‍ സമ്മതിച്ചു. ശിവാംഗി ലതാ മംങ്കേഷ്‌കറിന്റെ കസിന്‍ ആണെന്നതായിരുന്നു അദ്ദേഹത്തിന്റെ മനസ് മാറാനുള്ള കാരണം.
ശിവാംഗിയെ അവളുടെ കുടുംബം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ആ കുടുംബങ്ങള്‍ക്കിടയിലെ മഞ്ഞുരുകി. മൂത്തമകന്‍ സിദ്ധാന്ഥ് കപൂറിന്റെ ജനനത്തോടെയായിരുന്നു അത്. അധികം വൈകാതെ ശിവാംഗി രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കി, ശ്രദ്ധ കപൂര്‍. ഇന്നത്തെ മുന്‍നിര നായികയാണ് ശ്രദ്ധ കപൂര്‍. അഭിനയത്തിലെന്നത് പോലെ തന്നെ സംഗീതത്തിലും ശ്രദ്ധ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ശക്തി കപൂര്‍ ഇപ്പോഴും അഭിനയത്തില്‍ സജീവമായി തുടരുകയാണ്.


Click it and Unblock the Notifications











