സൂപ്പര്‍ നായിക, വേശ്യവൃത്തിയിലേക്ക് തള്ളിയിട്ട കാമുകന്‍; ഒടുവില്‍ ഉന്തുവണ്ടിയില്‍ ശ്മശാനത്തിലേക്ക്..
ബോളിവുഡിന്റെ ഗ്ലാമര്‍ ലോകം ആരേയും മോഹിപ്പിക്കുന്നതാണ്. എന്നാല്‍ ഇതേ ലോകത്തിന്റെ തിളക്കത്തില്‍ പൊള്ളേറ്റവരും നിരവധിയാണ്. ബോളിവുഡില്‍ ഒരിടം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. ബന്ധങ്ങളും പാരമ്പര്യവുമെല്ലാം അവസരം നേടി തരുമെങ്കിലും പിടിച്ചു നില്‍ക്കുക അത്ര എളുപ്പമല്ല. പുറമെ നിന്നും വരുന്നവരെ സംബന്ധിച്ചാണെങ്കില്‍ ശ്രദ്ധിക്കപ്പെടാന്‍ തന്നെ ചിലപ്പോള്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരും.
അത്തരത്തില്‍ ഒരു നടിയാണ് വിമി. അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു വിമി. കരിയറില്‍ വലിയ വിജയങ്ങള്‍ നേടുമ്പോഴും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളില്‍ തട്ടി വിമി വീണു. ഒരിക്കലും എഴുന്നേല്‍ക്കാന്‍ സാധിക്കാത്തത്ര വലിയ പതനമായിരുന്നു വിമിയുടേത്. ആ ജീവിതകഥ വായിക്കാം തുടര്‍ന്ന്.

ബോളിവുഡിലേക്ക് ചുവടുവെക്കുമ്പോള്‍ വിമി വിവാഹിതയായിരുന്നു. രണ്ട് മക്കളുമുണ്ടായിരുന്നു. ആബ്രു, ഹംറാസ്, പതങ്ക തുടങ്ങിയ സിനിമകൡലൂടെയാണ് വിമി താരമാകുന്നത്. എന്നാല്‍ വലിയ വിജയങ്ങള്‍ക്കിടയിലും വിമിയുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യാവസ്ഥ. അക്കാലത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നായികയായിരുന്ന വിമിയുടെ വീഴ്ച അവിശ്വസനീയമാണ്.
സുനില്‍ ദത്ത്, ശശി കപൂര്‍, രാജ് കുമാര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുള്ള നായികയാണ് വിമി. മരിക്കുമ്പോള്‍ വിമിയ്ക്ക് വെറും 34 വയസായിരുന്നു. നന്നേ ചെറുപ്പത്തില്‍ പൊലിഞ്ഞു പോയ താരകം. 1943 ല്‍ പഞ്ചാബിലായിരുന്നു വിമിയുടെ ജനനം. പ്രശസ്ത ഇന്‍ഡസ്ട്രിയലിസ്റ്റിന്റെ മകന്‍ ശിവ് അഗര്‍വാളിനെയാണ് താരം വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് വിമിയുടെ കുടുംബം എതിരായിരുന്നു.
ശിവ് അഗര്‍വാളിനും വിമിയ്ക്കും രണ്ട് മക്കളും ജനിച്ചു. എല്ലാ അര്‍ത്ഥത്തിലും വീട്ടമ്മയായി ജീവിക്കുകയായിരുന്നു വിമി. ഈ സമയത്താണ് കല്‍ക്കട്ടയിലെ ഒരു പാര്‍ട്ടില്‍ ഭര്‍ത്താവിനൊപ്പം വിമി എത്തുന്നത്. അവിടെ വച്ച് സംഗീത സംവിധായകന്‍ രവി താരത്തെ കാണുന്നതോടെ വിമിയുടെ ജീവിതം മാറി മറഞ്ഞു. അദ്ദേഹം വിമിയേയും ഭര്‍ത്താവിനേയും മുംബൈയിലേക്ക് വിളിക്കുകയും ബിആര്‍ ചോപ്രയുമായി ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു. ഹംറാസ് എന്ന ചിത്രത്തിലൂടെ ബിആര്‍ ചോപ്രയാണ് വിമിയെ സിനിമയിലേക്ക് കൊണ്ടു വരുന്നത്.
അതേസമയം വിമിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അഭിനയത്തിന് എതിരായിരുന്നു. പക്ഷെ അച്ഛനേയും അമ്മയേയും ശിവ് എതിര്‍ത്തു. ഇതോടെ വിമിയേയും ഭര്‍ത്താവിനേയും വീട്ടില്‍ നിന്നും പുറത്താക്കി. സ്വത്തും നല്‍കിയില്ല. ഇതോടെ കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തവും വിമിയുടെ തോളിലായി. അരങ്ങേറ്റ സിനിമ വന്‍ വിജയമായി മാറിയതോടെ വിമിയും താരമായി മാറി. അറുപതുകൡ മൂന്ന് ലക്ഷം വരെ പ്രതിഫലം വാങ്ങിയിരുന്ന താരപദവി ഇന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്.

തുടര്‍ വിജയങ്ങള്‍ വിമിയെ താരമാക്കി മാറ്റി. പക്ഷെ പതിയെ വിമിയുടെ സിനിമകള്‍ പരാജയപ്പെടാന്‍ തുടങ്ങി. അധികം വൈകാതെ വിമിയെ തേടി സിനിമകള്‍ എത്തുന്നതും ഇല്ലാതായി. കയ്യിലുണ്ടായിരുന്ന പണവും തീരാന്‍ തുടങ്ങി. അധികം വൈകാതെ വിമിയും ഭര്‍ത്താവും പിരിയുകയും ചെയ്തത് താരത്തിന് വലിയ തിരിച്ചടിയായി മാറി. ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം വിമി മറ്റൊരാളുമായി പ്രണയത്തിലായി.പക്ഷെ അത് വിമിയെ എത്തിച്ചത് നല്ലൊരു ദാമ്പത്യ ജീവിതത്തിലേക്കായിരുന്നില്ല.
കാമുകന്‍ വിമിയെ വ്യഭിചരിക്കാന്‍ നിര്‍ബന്ധിച്ചു. അക്കാലത്ത് വിമി മദ്യത്തിന് അടിമയാവുകയും ചെയ്തു. പത്ത് വര്‍ഷത്തിനിടെ താരാകാശത്തു നിന്നും അഴുക്കുചാലിലേക്ക് വിമി വീണു. തന്റെ 34-ാം വയസില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് വിമി മരണപ്പെട്ടു. ചികിത്സിക്കാന്‍ പോലും പണമില്ലാതായിരുന്നു അപ്പോഴേക്കും വിമിയ്ക്ക്. മരണശേഷം മൃതദേഹം ഏറ്റുവാങ്ങാന്‍ പോലും ആരുമുണ്ടായിരുന്നില്ല. ഒരിക്കല്‍ ആഢംബര കാറില്‍ സഞ്ചരിച്ചിരുന്ന വിമിയുടെ മൃതദേഹം പൊതുശ്മശാനത്തിലേക്ക് കൊണ്ടു പോയത് ഉന്തുവണ്ടിയിലായിരുന്നു.


Click it and Unblock the Notifications