ഒരുകാലത്ത് ഇണപിരിയാത്തവര്‍, ഇന്ന് മുഖത്ത് പോലും നോക്കാന്‍ വയ്യ! തല്ലിപിരിഞ്ഞ താരജോഡികള്‍
താരങ്ങള്‍ക്കിടയിലെ പ്രണയങ്ങള്‍ക്കും പ്രണയതകര്‍ച്ചകള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത ഇടമാണ് ബോളിവുഡ്. ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ താരങ്ങളുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എപ്പോഴും ക്യാമറക്കണ്ണുകള്‍ പിന്തുടരും. താരങ്ങളുടെ പ്രണയവും വേര്‍ പിരിയലുമൊക്കെ വലിയ ചര്‍ച്ചയായി മാറാറുണ്ട്. ചില പ്രണയങ്ങള്‍ എത്ര വര്‍ഷം കഴിഞ്ഞാലും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കും.
ചില താരങ്ങള്‍ പ്രണയ തകര്‍ച്ചയ്ക്ക് ശേഷവും നല്ല സുഹൃത്തുക്കളായി തുടരും. എന്നാല്‍ ചില ബന്ധങ്ങള്‍ വളരെ മോശം അവസ്ഥയിലായിരിക്കും അവസാനിച്ചിട്ടുണ്ടാവുക.

പ്രണയ തകര്‍ച്ചയോടെ പിന്നീട് പരസ്പരം മുഖത്ത് നോക്കാന്‍ പോലും താല്‍പര്യമില്ലാത്തവരായി മാറിയവരുണ്ട്. ഒരുകാലത്ത് എല്ലാവരുടേയും പ്രിയപ്പെട്ട ജോഡിയായിരുന്നവര്‍ പിന്നീട് ഒരുമിച്ച് സ്‌ക്രീന്‍ പങ്കിടുന്നത് പോലും ഇല്ലാത്ത സാഹചര്യങ്ങളുണ്ട്. അങ്ങനെ പ്രണയ തകര്‍ച്ചയ്ക്ക് ശേഷം പരസ്പരം കാണാന്‍ പോലും താല്‍പര്യപ്പെടാത്തവരായി മാറിയ ചില ബോളിവുഡ് താരങ്ങളെ പരിചയപ്പെടാം.
ഈ ലിസ്റ്റില്‍ സ്വാഭാവികമായും ആദ്യം വരുന്ന പേരുകള്‍ ഐശ്വര്യ റായ്-സല്‍മാന്‍ ഖാന്‍ എന്നതായിരിക്കും. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് സല്‍മാന്റേയും ഐശ്വര്യയുടേയും പ്രണയ തകര്‍ച്ച. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. എന്നാല്‍ പിന്നീട് സല്‍മാനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കുകയായിരുന്നു ഐശ്വര്യ. മേലാല്‍ സല്‍മാനൊപ്പം താന്‍ സ്‌ക്രീന്‍ പങ്കിടില്ലെന്ന് പ്രസ്താവനയിലൂടെ അറിയിക്കുകയും ചെയ്തു ഐശ്വര്യ.
വിവാഹത്തിന്റെ വക്കോളം എത്തിയ കമിതാക്കളായിരുന്നു അഭിഷേക് ബച്ചനും കരിഷ്മ കപൂറും. ബോളിവുഡിലെ രണ്ട് സൂപ്പര്‍ താര കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം എന്ന നിലയിലും ആ വിവാഹ നിശ്ചയം വാര്‍ത്തകളില്‍ നിറഞ്ഞു. കരിഷ്മയെ പരസ്യമായി തന്നെ ജയയും അമിതാഭും തങ്ങളുടെ മരുമകളായി പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ വിവാഹത്തിന് തൊട്ട് മുമ്പ് ഇരുവരും പിരിയാന്‍ തീരുമാനിച്ചു. എന്താണ് അതിന്റെ കാരണമെന്നത് ഇന്നും അവ്യക്തമാണ്.
ഒരുകാലത്തെ ഹിറ്റ് ജോഡിയായിരുന്നു ശില്‍പ ഷെട്ടിയും അക്ഷയ് കുമാറും. എന്നാല്‍ തന്റെ സുഹൃത്തു കൂടിയായ ട്വങ്കിള്‍ ഖന്നയുമായി അക്ഷയ് കുമാറിന് ബന്ധമുണ്ടെന്ന് അറിയുന്നതോടെ ശില്‍പ ഈ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. അക്ഷയ് തന്നെ ഉപയോഗിച്ചെന്നും പിന്നീട് വേറെയാളെ കണ്ടപ്പോള്‍ ഇട്ടിട്ട് പോയെന്നും ശില്‍പ തന്നെ പിന്നീടൊരിക്കല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഷാഹിദ് കപൂറും കരീന കപൂറും. രണ്ട് പേരും തങ്ങളുടെ കരിയറിന്റെ തുടക്കകാലത്തായിരുന്നു പ്രണയത്തിലാകുന്നത്. ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം കരീനയും ഷാഹിദും ഒരുമിച്ച് അഭിനയിക്കുകയോ വേദി പങ്കിടുകയോ ഒന്നും ചെയ്തിട്ടില്ല. തങ്ങളുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ ജബ് വീ മെറ്റിന് പിന്നാലെയാണ് ഷാഹിദും കരീനയും പിരിയുന്നത്.
സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ച ശേഷമാണ് ഐശ്വര്യ റായ് വിവേക് ഒബ്‌റോയുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ സല്‍മാന്‍ ഖാന്‍ ആ ബന്ധത്തിന് വില്ലനായി മാറി. സല്‍മാന്‍ തന്നെ നിരന്തരം ഭീക്ഷണിപ്പെടുത്തുന്നുവെന്നും കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും പത്രസമ്മേളനത്തിലൂടെ വിവേക് ഒബ്‌റോയ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യ ആ ബന്ധം അവസാനിപ്പിക്കുന്നത്. ഇരുവരും പിന്നീട് ഒരുമിച്ചിട്ടേയില്ല.


Click it and Unblock the Notifications