ബോളിവുഡ് കൈ വിട്ട നായകന്‍; ഇന്ന് 10000 കോടി സ്വത്തിന്റെ ഉടമ; ആമിര്‍ ഖാനേക്കാളും സമ്പന്നന്‍
ഓരോ കാലഘട്ടത്തിലും പഴയ താരങ്ങളുടെ പ്രഭ മങ്ങുന്നതും പുതിയ താരങ്ങളുടെ ഉദയവുമൊക്കെ സിനിമയില്‍ പതിവാണ്. അങ്ങനെ കടന്നു വരുന്നവരില്‍ ചിലര്‍ മാത്രമേ പക്ഷെ യാത്രയില്‍ മുന്നോട്ട് പോവുകയുള്ളൂ. നന്നായി തുടങ്ങിയിട്ടും പാതി വഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്ന ഒരുപാട് പേരുണ്ട്.
ബോളിവുഡില്‍ ഒരുപറ്റം യുവാക്കള്‍ എന്‍ട്രി നടത്തിയ കാലമായിരുന്നു 2010 ന് ശേഷം. രണ്‍വീര്‍ സിംഗ്, ആയുഷ്മാന്‍ ഖുറാന, പരിനീതി ചോപ്ര, ആലിയ ഭട്ട്, വരുണ്‍ ധവാന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കൃതി സനോണ്‍ തുടങ്ങിയ പലരും കടന്നു വരുന്നത് ഈ സമയത്താണ്. ഇതില്‍ ഇന്ന് ആരൊക്കെ എവിടെയെത്തി നില്‍ക്കുന്നുവെന്ന് നമുക്കറിയാം.

ആ സമയത്ത് കടന്നു വന്നവരില്‍ ഇന്ന് പലരും മറന്നു പോയൊരു പേരു കൂടിയുണ്ട്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ ശേഷം അപ്രതക്ഷ്യനായ ആ താരം ഇപ്പോള്‍ തിരികെ വരുന്നത് മറ്റൊരു വേഷത്തിലൂടെയാണ്. ഇന്ന് കോടികള്‍ ആസ്തിയുള്ള ബിസിനസുകാരനാണ് ആ നടന്‍. അദ്ദേഹത്തിന്റെ പേര് ഗിരീഷ് കുമാര്‍ എന്നാണ്. ആ കരിയറില്‍ സംഭവിച്ചത് എന്തെന്ന് നോക്കാം.
2013 ല്‍ പുറത്തിറങ്ങിയ രാമയ്യ വാസ്തവയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിരീഷ് കുമാറിന്റെ അരങ്ങേറ്റം. പ്രഭുദേവയായിരുന്നു സിനിമയുടെ സംവിധാനം. നായികയായ അഭിനയിച്ചത് ശ്രുതി ഹാസനും. തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ചിത്രം. സിനിമയിലെ പാട്ടുകള്‍ വന്‍ വിജയമായിരുന്നു. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ് അവയെല്ലാം. സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗിരീഷും കയ്യടി നേടി.
പിന്നീട് ഗിരീഷ് കുമാറിനെ കണ്ടത് ഒരു സിനിമയില്‍ മാത്രമാണ്, ലവ്വ്ഷുദ. 2016 ലാണ് ആ സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമ നിലം തൊട്ടില്ല. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഗിരീഷ് ചര്‍ച്ചയാകുന്നത് സിനിമയ്ക്ക് പുറത്തുള്ള തന്റെ വിജയത്തിന്റെ പേരിലാണ്. നിര്‍മ്മാതാവ് കുമാര്‍ എസ് തൗരാനിയുടെ മകനാണ് ഗിരീഷ്. രമേഷ് എസ് തൗരാനി കുമാറിന്റെ സഹോദരനാണ്. ഇരുവരും ചേര്‍ന്നാണ് ടിപ്‌സ് ഇന്‍ഡസ്ട്രീസ് ആരംഭിക്കുന്നത്. എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ ഭീമന്മാരാണ് തൗരാനിമാര്‍. അതായിരുന്നു ഗിരീഷിന്റെ സിനിമയിലേക്കുള്ള എന്‍ട്രി ടിക്കറ്റ്.

സിനിമ കെെവിട്ടതോടെ ഗിരീഷ് കുടുംബ ബിസിനസിലേക്ക് തിരിഞ്ഞു. അച്ഛനും അദ്ദേഹത്തിന്റെ സഹോദരനും ചേര്‍ന്ന് പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യത്തെ അതിലും ഉയര്‍ച്ചയിലെത്തിക്കാന്‍ ഗിരീഷിന് സാധിച്ചു. ഇന്ന് ടിപ്‌സ് ഇന്‍ഡസ്ട്രീസിന്റെ സിഒഒ ആണ് ഗിരീഷ്. മണി കണ്‍ട്രോളിന്റെ റിപ്പോര്‍ട്ട് പ്രകാരം 10517 കോടിയാണ് ടിപ്‌സിന്റെ മാര്‍ക്കറ്റ് വാല്യു.
സിനിമയില്‍ വിജയിച്ചില്ലെങ്കിലും ബിസിനസില്‍ ഗിരീഷ് വളര്‍ന്നു. ഗിരീഷിന്റെ മാത്രം സ്വത്ത് ഇന്ന് 2164 കോടിയാണ്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, വരുണ്‍ ധവാന്‍ തുടങ്ങിയവര്‍ മാത്രമല്ല, സാക്ഷാല്‍ ആമിര്‍ ഖാന്‍ പോലും സ്വത്തിന്റെ കാര്യത്തില്‍ ഗിരീഷിനേക്കാള്‍ പിന്നിലാണ്. ഒരിടത്ത് പരാജയപ്പെട്ടുവെന്ന് കരുതി, ജീവിതം തന്നെ പരാജയപ്പെട്ടുവെന്ന് കരുതേണ്ടതില്ലെന്നും മറ്റൊന്ന് കാലം നമുക്കായി കരുതി വച്ചിട്ടുണ്ടാകും എന്നതിന്റെ തെളിവാണ് ഗിരീഷിന്റെ ജീവിതം.


Click it and Unblock the Notifications