അരങ്ങേറ്റ സിനിമ സൂപ്പര്‍ഹിറ്റ്, ഒരേസമയം ഗൊവിന്ദ കരാര്‍ ഒപ്പിട്ടത് 70 സിനിമകള്‍ക്ക്! പിന്നെ സംഭവിച്ചത്
ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് ഗോവിന്ദ. കോമഡി രംഗങ്ങളിലെ ടൈമിംഗ് കൊണ്ടും തന്റെ അസാധ്യമായ നൃത്ത പാടവും കൊണ്ട് ഒരുപാട് പേരുടെ ആരാധനാപാത്രമായി മാറുകയായിരുന്നു ഗോവിന്ദ. ഗോവിന്ദയോടൊപ്പമായിരുന്നു ഒരു കാലത്തെ ഇന്ത്യന്‍ യുവത്വം നൃത്തം ചെയ്തത്. ഇന്നും ഗോവിന്ദയുടെ പാട്ടുകളില്ലാതെ ആഘോഷ പരിപാടികള്‍ പൂര്‍ത്തിയാക്കാനാകില്ല. എന്റര്‍ടെയ്ന്‍മെന്റ് എന്നതിന്റെ മറുവാക്കായിരുന്നു ഗോവിന്ദയുടെ സിനിമകള്‍. ഇന്നും ആരാധകരെ പിടിച്ചിരുത്താന്‍ ഗോവിന്ദയുടെ സിനിമകള്‍ക്ക് സാധിക്കുന്നുണ്ട്. ഗോവിന്ദയ്ക്ക് തുല്യന്‍ ഗോവിന്ദ മാത്രമാണെന്ന് നിസംശയം പറയാം.
ഒരുകാലത്ത് ഏറ്റവും തിരക്കേറിയ നടനായിരുന്നു ഗോവിന്ദ. തിരക്കെന്ന് പറഞ്ഞാല്‍ ചില്ലറ തിരക്കൊന്നുമായിരുന്നില്ല. ഒരേ സമയം 70 സിനിമകള്‍ വരെയുണ്ടായിരുന്നു ഗോവിന്ദയുടെ പോക്കറ്റില്‍. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് ഒരു വര്‍ഷം തികയും മുമ്പ് മാത്രമായി ഒന്നും രണ്ടും മൂന്നുമൊന്നുമല്ല എഴുപത് സിനിമകളിലായിരുന്നു ഗൊവിന്ദ കരാറില്‍ ഒപ്പിട്ടത്. 198 6 ലായിരുന്നു ഗോവിന്ദയുടെ അരങ്ങേറ്റം. മാസ് ആക്ഷന്‍ ഹീറോകളുടെ കാലത്ത് ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷമായി മാറുകയായിരുന്നു ഗോവിന്ദയുടെ സിനിമകള്‍. ലവ് 86 ആയിരുന്നു ഗോവിന്ദയുടെ ആദ്യത്തെ സിനിമ. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു.

ആദ്യ ചിത്രം തന്നെ വന്‍ വിജയമായി മാറിയതോടെ പിന്നെ ഗോവിന്ദയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അടുത്ത നാല് വര്‍ഷത്തിനിടെ പുറത്തിറങ്ങിയ 40 സിനിമകളിലായിരുന്നു ഗോവിന്ദ നായകനായി അഭിനയിച്ചത്. താന്‍ ആദ്യ വര്‍ഷം തന്നെ 70 സിനിമകളില്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും അതില്‍ 40 സിനിമകള്‍ മാത്രമേ തീയേറ്ററിലേക്ക് എത്തിയുള്ളൂവെന്നാണ് ഗോവിന്ദ തന്നെ പിന്നീട് വെളിപ്പെടുത്തിയത്. ആദ്യം പലരും വെറും ഗോസിപ്പ് ആണെന്നായിരുന്നു ഈ അക്കത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ പിന്നീട് ഗോവിന്ദ തന്നെ ഒരു അഭിമുഖത്തില്‍ ഇത് സ്ഥിരീകരിക്കുകയായിരുന്നു. ''എനിക്ക് 70 സിനിമകളുണ്ടായിരുന്നു'' എന്നായിരുന്നു ഗോവിന്ദയുടെ വെളിപ്പെടുത്തല്‍.

''എന്നാല്‍ പിന്നെ എട്ട് പത്ത് സിനിമകള്‍ താനെ നിന്നു പോയി. അതോ അഞ്ചോ ആറോ. നാലഞ്ചെണ്ണം ഡേറ്റില്ലാത്തതിനാല്‍ ഞാന്‍ തന്നെ ഉപേക്ഷിച്ചു'' എന്നും ഗോവിന്ദ പറഞ്ഞിരുന്നു. ''ഇതൊരു നേട്ടമൊന്നുമല്ല. സംഭവിച്ചു പോയതാണ്. ചിലപ്പോള്‍ ചിലരുടെ സമയം നന്നായിരിക്കും എന്നാണ് എന്റെ ധാരണ'' എന്നും ഗോവിന്ദ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് താന്‍ അത്രയും സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ തീരുമാനിച്ചതെന്നതിനെക്കുറിച്ചും ഗോവിന്ദ മനസ് തുറക്കുന്നുണ്ട്. ''ലവ് 86 ആയിരുന്നു ആദ്യത്തെ റിലീസ്. അതൊരു റൊമാന്റിക് കോമഡിയായിരുന്നു. ഡാന്‍സുമുണ്ടായിരുന്നു. ഇല്‍സാമില്‍ എന്റെ കഥാപാത്രം വൈകാരികത നിറഞ്ഞതായിരുന്നു. പിന്നെ പ്യാര്‍ കര്‍കെ ദേക്കോയെന്ന ചിത്രത്തില്‍ വളരെ ലൗഡ് ആയിട്ടുള്ള കോമഡിയായിരുന്നു. പിന്നെ വന്ന സിന്ദൂറും നീലവും സാമൂഹിക വിഷയം പറഞ്ഞ, കുടുംബ കഥകളായിരുന്നു''. എന്നായിരുന്നു ഗോവിന്ദ പറഞ്ഞത്.
Recommended Video

തൊണ്ണൂറുകളിലെ സൂപ്പര്‍താരമാണ് ഗോവിന്ദ. 165 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഗോവിന്ദയെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തിയിട്ടുണ്ട്. കൂലി നമ്പര്‍ 1, ഹീറോ നമ്പര്‍ 1, സാജന്‍ ചലേ സസുരാല്‍, കിസ്മത്ത്, ആഗ്, ലോഹ, ദീവാസ മസ്താന, ദുല്‍ഹെ രാജ, ബഡേ മിയാ ചോട്ടേ മിയാ, തുടങ്ങി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഗോവിന്ദ രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പിന്നീട് സിനിമയില്‍ നിന്നും ഗോവിന്ദ പതിയെ വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ തന്നെ ചിലര്‍ ബോധപൂര്‍വ്വം തന്നെ ഒതുക്കുകയായിരുന്നുവെന്ന് ഗോവിന്ദ പിന്നീട് പറഞ്ഞിട്ടുണ്ട്. രംഗീല രാജയാണ് ഗോവിന്ദയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











