ഗോവിന്ദ കാരണം കരിയര്‍ തകര്‍ന്നു പോയ 'ഭാവി സൂപ്പര്‍ താരം'; ഇന്ന് കോടികളുടെ ബിസിനസുകാരന്‍!
സിനിമ എന്നത് അനശ്ചിതത്വങ്ങളുടെ ലോകമാണ്. ഒരു വെള്ളിയാഴ്ച കൊണ്ട് താരമാകാനും മറ്റൊരു വെള്ളിയാഴ്ച കൊണ്ട് വീണു പോകാനും പറ്റും. ഒരുകാലത്ത് വലിയ താരങ്ങളായിരുന്നവര്‍ പോലും പിന്നീട് ആരാലും ഓര്‍മ്മിപ്പിക്കപ്പെടാത്തവരായി മാറുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. സൂപ്പര്‍ താരമാകുന്ന പ്രതീക്ഷകള്‍ നല്‍കി വീണു പോയവരുടെ പട്ടിക എല്ലാ ഭാഷയിലും കാണും. ചിലപ്പോഴൊക്കെ ഇത്തരം തകര്‍ച്ചകളില്‍ നിന്നും തിരിച്ചു വന്നവരേയും കാണാം.
പരാജയങ്ങളുടെ കാരണം എല്ലായിപ്പോഴും സ്വന്തം കഴിവില്ലായ്മയോ മോശം തിരഞ്ഞെടുപ്പോ ആയിരിക്കില്ല. ചിലപ്പോഴൊക്കെ മറ്റുള്ളവര്‍ കാരണവും കരിയര്‍ നശിച്ചു പോകാം. ചിലതൊക്കെ ബോധപൂര്‍വ്വമുള്ള നശിപ്പിക്കലാണെങ്കില്‍ മറ്റ് ചിലപ്പോള്‍ സാഹചര്യങ്ങള്‍ പ്രതികൂലമായി വന്നതും താരങ്ങളുടെ തകര്‍ച്ചയുടെ കാരണമായി മാറാം. അത്തരത്തിലൊരു താരമാണ് സൂമീത് സെയ്ഗാള്‍.

ഒരുകാലത്ത് ബോളിവുഡില്‍ വലിയ ഓളമുണ്ടാക്കിയ നടനാണ് സൂമീത്. എന്നാല്‍ പിന്നീട് സൂമീത് അപ്രതക്ഷ്യനായി. ഇന്ന് സിനിമക്കാര്‍ക്കിടയില്‍ പോലും ആ പേരില്ല. ഒരുതരത്തില്‍ സൂമീത്തിന്റെ പരാജയത്തിന് കാരണം സൂപ്പര്‍ താരം ഗോവിന്ദയാണ്. നിര്‍ഭാഗ്യം തകര്‍ത്ത ആ കരിയറിനെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.
1987 ല്‍ പുറത്തിറങ്ങിയ ഇന്‍സാനിയത്ത് കേ ദുഷ്മന്‍ എന്ന ചിത്രത്തിലൂടെയാണ് സുമീത് കരിയര്‍ ആരംഭിക്കുന്നത്. ചിത്രം വലിയ വിജയമായില്ലെങ്കിലും സുമീത്തിനെ തേടി അവസരങ്ങള്‍ എത്തി. 1987 മുതല്‍ 1995 വരെ സുമീത് സജീവമായി തന്നെ അഭിനയ രംഗത്തുണ്ടായിരുന്നു. ഈ സമയത്തിനുള്ളില്‍ 30 സിനിമകളിലും അഭിനയിച്ചു. ഇതേസമയത്താണ് ഗോവിന്ദ ബോളിവുഡിലേക്ക് ഒരു കൊടുങ്കാറ്റ് പോലെ വരുന്നത്. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് അക്കാലത്തെ പല സൂപ്പര്‍ താരങ്ങളെ പോലും അതിവേഗം ഗോവിന്ദ പിന്നിലാക്കി.
സുമീത്തും ഗോവിന്ദയും തമ്മിലുള്ള രൂപസാദൃശ്യം വലിയ ചര്‍ച്ചയായി മാറിയ ഒന്നായിരുന്നു. ഇതോടെ സുമീത്തിന് നായക വേഷങ്ങള്‍ നഷ്ടമാകാന്‍ തുടങ്ങി. സഹനടന്‍ വേഷങ്ങളാണ് സുമീത്തിനെ തേടിയെത്തിയതില്‍ കൂടുതലും. ഈ സമയത്താണ് തമാച്ച എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ഒരുങ്ങുന്നത്. ജീതേന്ദ്ര, രജനീകാന്ത്, ഭാനുപ്രിയ, കിമി കട്ട്കര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഈ ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഗോവിന്ദയേയും സമീപിച്ചിരുന്നു.
എന്നാല്‍ കൈ നിറയെ സിനിമകളുള്ളതിനാല്‍ ഗോവിന്ദയ്ക്ക് ആ സിനിമ ചെയ്യാനായില്ല. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ ഗോവിന്ദയുടെ രൂപസാദൃശ്യമുള്ള സുമീത്തിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് ഗോവിന്ദ തിരക്കുമൂലം ഒഴിവാക്കുന്ന സിനിമകള്‍ സുമീത്തിലേക്ക് എത്താന്‍ തുടങ്ങി. ഇക്കാലത്ത് സസ്ത ഗോവിന്ദ എന്ന ഇരട്ടപേരും സുമീത്തിന് വീണു. ഇതോടെയാണ് സുമീത് ബോളിവുഡില്‍ നിന്നും അകലം പാലിക്കാന്‍ തുടങ്ങി.

1995 ല്‍ പുറത്തിറങ്ങിയ സാജന്‍ കി ബാഹോം മേന്‍ എന്ന ചിത്രത്തിലാണ് സുമീത് ഒടുവിലായി അഭിനയിച്ചത്. ഇതിന് ശേഷം സുമീത് പൂര്‍ണമായും അഭിനയം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സുമീത് നിര്‍മ്മാണ കമ്പനി ആരംഭിച്ചു. സുമീത് ആര്‍ട്ട് എന്നായിരുന്നു കമ്പനിയുടെ പേര്. സിനിമകളില്‍ പണം നിക്ഷേപിക്കുകയായിരുന്നു കമ്പനി ചെയ്തിരുന്നത്. അധികം വൈകാതെ അതും സുമീത് ഉപേക്ഷിച്ചു.
ഇപ്പോള്‍ വ്യാവസായ രംഗത്താണ് സുമീത് സജീവമായിരിക്കുന്നത്. അവിടെ സുമീത്തിന് വിജയം നേടാനായി. നടി തബുവിന്റെ സഹോദരി ഫറ ആണ് സുമീത്തിന്റെ ഭാര്യ. അതേസമയം ഗോവിന്ദ ബോളിവുഡിലെ ഐക്കോണിക് നായകനായി വളര്‍ന്നു. എന്നാല്‍ കാലം ഗോവിന്ദയ്ക്കും തിരിച്ചടികള്‍ നല്‍കി എന്നതാണ് മറ്റൊരു വസ്തുത. ഇന്ന് തന്റെ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമാണ് ഗോവിന്ദ. ഇടയ്ക്ക് തിരിച്ചുവരവ് ശ്രമങ്ങള്‍ നടത്തിയെങ്കിലും താരത്തിന് പഴയ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.


Click it and Unblock the Notifications











