11 പടങ്ങള്‍ നിരയായി പൊട്ടി, അഭിനയം നിര്‍ത്താന്‍ ഒരുങ്ങി; ബച്ചനെ ആംഗ്രി യങ മാന്‍ ആക്കിയ ജയയുടെ തീരുമാനം
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അമിതാഭ് ബച്ചന്‍. ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചന്‍. അദ്ദേഹം തന്നെ പറഞ്ഞത് പോലെ ലൈന്‍ തുടങ്ങുന്നത് തന്നെ ബച്ചനില്‍ നിന്നാണ്. മിക്കവരും വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന പ്രായത്തിലും തന്നിലെ അഭിനേതാവിനെ മെച്ചപ്പെടുത്തി കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് അമിതാഭ് ബച്ചന്‍.
എന്നാല്‍ ബച്ചന്റെ കരിയര്‍ എല്ലാകാലത്തും ഉയരത്തിലായിരുന്നില്ല പറന്നിരുന്നത്. പലവട്ടം കരിയറില്‍ പതര്‍ച്ചകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. കരിയര്‍ എന്നന്നേക്കുമായി തന്നെ നശിച്ചുവെന്ന് വരെ കരുതപ്പെട്ടിരുന്നു ഒരുകാലത്ത്. ഇപ്പോഴിതാ ബച്ചന്റെ കരിയറിനെ തകര്‍ച്ചയുടെ വക്കില്‍ നിന്നും ഭാര്യ ജയ ബച്ചന്‍ രക്ഷിച്ചെടുത്ത കഥ പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് സലീം ഖാന്‍.

ബച്ചന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്ന സഞ്ജീറിന്റെ തിരക്കഥാകൃത്താണ് സലീം ഖാന്‍. മകന്‍ അര്‍ബാസ് ഖാന്‍ അവതാരകനായുള്ള ചാറ്റ് ഷോയിലാണ് സലീം ഖാന്‍ മനസ് തുറക്കുന്നത്. നേരത്തെ സൂപ്പര്‍ താരങ്ങളായ ധര്‍മ്മേന്ദ്ര, ദേവ് ആനന്ദ്, ദിലീപ് കുമാര്‍ എന്നിവര്‍ നിരസിച്ച ശേഷമാണ് ചിത്രം അമിതാഭ് ബച്ചനിലേക്ക് എത്തുന്നതെന്നാണ് സലീം ഖാന്‍ പറയുന്നത്.
''അത് വിധിയായിരുന്നു. കാരണം ഡയലോഗ് അടക്കം തിരക്കഥ തയ്യാറായിരുന്നു. ഞങ്ങളുടെ മനസില്‍ ഉണ്ടായിരുന്നത് ധര്‍മ്മേന്ദ്രയായിരുന്നു. പക്ഷെ അദ്ദേഹം നിരസിച്ചു. എനിക്കതില്‍ എന്നും സങ്കടമുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ദേവും നിരസിച്ചു. ദിലീപ് കുമാറിനോടും ചോദിച്ചിരുന്നു. പിന്നീട് തനിക്ക് ചെയ്യാന്‍ സാധിക്കാതെ പോയതില്‍ കുറ്റബോധമുള്ള സിനിമയേതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സഞ്ജീര്‍ എന്നായിരുന്നു'' സലീം ഖാന്‍ പറയുന്നു.

11 സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനാല്‍ അമിതാഭ് ബച്ചന്‍ ബോളിവുഡ് തന്നെ ഉപേക്ഷിക്കാന്‍ ആലോചിക്കുകയായിരുന്നു. അന്ന് ബച്ചന്‍ തുടക്കകാരനാണ്. പക്ഷെ സലീം ബച്ചനില്‍ വിശ്വസിച്ചു. മറ്റ് നായികമാരൊക്കെ നിരസിച്ചതിനാല്‍ ജയ ബച്ചന്‍ അദ്ദേഹത്തിന്റെ നായികയാകണമെന്ന് സലീം തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ബച്ചന്റെ കരിയര്‍ ജയ ബച്ചന്‍ രക്ഷിക്കുന്നതെന്നാണ് സലീം പറയുന്നത്.
''അദ്ദേഹം നല്ല നടനാണെന്നതില്‍ സംശയമില്ല. പക്ഷെ അദ്ദേഹവും അന്ന് തുടക്കകാരനാണ്. നല്ല ശബ്ദവും വ്യക്തിത്വവുമുണ്ട്. സിനിമകള്‍ പരാജയപ്പെടാന്‍ കാരണം അതൊക്കെ മോശം സിനിമകളായിരുന്നുവെന്നതാണ്. അതിന്റെ പഴി നടന്മാര്‍ക്ക് കേള്‍ക്കേണ്ടി വരുന്നതാണ്. പതിനൊന്ന് സിനിമകള്‍ പരാജയപ്പെട്ടു. അദ്ദേഹം സിനിമ തന്നെ ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചതാണ്. നടിമാരും പിന്മാറി. ഒടുവില്‍ ഞാന്‍ ജയയുടെ പേര് നിര്‍ദ്ദേശിച്ചു. അവര്‍ അദ്ദേഹത്തിന് വേണ്ടിയത് ചെയ്യുമായിരുന്നു'' എന്നാണ് സീലം പറയുന്നത്.

''ഞാന്‍ കഥ പറഞ്ഞപ്പോള്‍ ഇതില്‍ എനിക്കൊന്നും ചെയ്യാനില്ലെന്നാണ് ജയ പറഞ്ഞത്. ഇതില്‍ കാര്യമായൊന്നുമല്ല. പക്ഷെ ഇത് അമിതാഭ് ബച്ചനുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിലൊരു സ്‌ഫോടനം തന്നെയാകും എന്ന് ഞാന്‍ പറഞ്ഞു'' എന്നും സലീം പറയുന്നു. ബോളിവുഡിലെ ഐക്കോണിക് തിരക്കഥകൃത്ത് ജോഡിയായ സലീം-ജാവേദിന്റെ ആദ്യ സിനിമയായിരുന്നു സഞ്ജീര്‍. ചിത്രം വന്‍ വിയമായി. ഇതോടെ ബച്ചന്റെ കരിയറും കുതിച്ചുയര്‍ന്നു. ഇന്നും ബോളിവുഡിലെ ക്ലാസിക്കുകളിലൊന്നായാണ് സഞ്ജീറിനെ കാണുന്നത്. ഇതോടെയാണ് ബച്ചന്‍ ബോളിവുഡിലെ ആംഗ്രി യങ് മാന്‍ ആയി മാറുന്നത്.

ബോളിവുഡ് സിനിമകളുടെ തലവര തന്നെ മാറ്റിയെഴുതിയ ചിത്രമായിരുന്നു സഞ്ജീര്‍. തുടര്‍ന്നിങ്ങോട്ടുള്ള പോലീസ് കഥാപാത്രങ്ങളുടെയെല്ലാം ഏകദേശ രൂപം സഞ്ജീറിലെ ബച്ചന്റേതായിരുന്നു. അതോടെ അമിതാഭ് ബച്ചന്‍ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഊഞ്ചായ് ആണ് അമിതാഭ് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബ്രഹ്‌മാസ്ത്ര 2 അടക്കം നിരവധി സിനിമകള്‍ അദ്ദേഹത്തിന്റേതായി അണിയറയിലുണ്ട്.


Click it and Unblock the Notifications