പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് പൊട്ടിക്കരഞ്ഞ പയ്യന്‍; അമ്മയ്ക്ക് വേണ്ടി സൂപ്പര്‍ താരമാകാന്‍ തീരുമാനിച്ച ഗോവിന്ദ
ബോളിവുഡിന്റെ എക്കാലത്തേയും വലിയ താരങ്ങൡ ഒരാളാണ് ഗോവിന്ദ. യാതൊരു പരിചയപ്പെടുത്തലുകളും ഗോവിന്ദയ്ക്ക് ആവശ്യമില്ല. കോമഡി കൈകാര്യം ചെയ്യാന്‍ ഗോവിന്ദയോളം മിടുക്കുള്ള മറ്റൊരാളില്ലെന്ന് തന്നെ പറയാം. അസാധ്യ ഡാന്‍സര്‍ കൂടിയായിരുന്നു ഗോവിന്ദ. തന്റെ പ്രതാഭകാലത്ത് പരാജയം എന്നത് എന്തെന്ന് പോലും ഗോവിന്ദയ്ക്ക് അറിയില്ലായിരുന്നു. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു ഗോവിന്ദ.
ഇന്ന് അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും ഒരുകാലത്ത് ഗോവിന്ദയോളം ജനപ്രീതിയുണ്ടായിരുന്ന മറ്റൊരു താരവുമില്ല. ബോളിവുഡിലെ ജനപ്രീയ സിനിമകളുടെ മുഖമായിരുന്നു ഗോവിന്ദ. ഇന്നത്തെ തലമുറയിലെ മിക്ക താരങ്ങള്‍ക്കും പ്രചോദനമായി മാറിയത് ഗോവിന്ദയായിരുന്നു. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും വ്യത്യസ്തനായിരുന്നു ഗോവിന്ദ.

പൊതുവെ ചിരിച്ച മുഖത്തോടെ മാത്രമേ ഗോവിന്ദയെ കാണാറുള്ളൂ. അപൂര്‍വ്വം ചില ഘട്ടങ്ങളില്‍ മാത്രമാണ് ഗോവിന്ദ വികാരഭരിതനായി സംസാരിച്ചു കണ്ടിട്ടുള്ളത്. അത്തരത്തില്‍ ഒരു അവസരമായിരുന്നു സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖം. തന്റെ അമ്മ നിര്‍മ്മല ദേവിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഗോവിന്ദ. അമ്മയുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് ഗോവിന്ദ. താന്‍ നടനാകാന്‍ തീരുമാനിച്ചതിന് പിന്നിലെ സംഭവത്തെക്കുറിച്ചും അന്ന് ഗോവിന്ദ മനസ് തുറന്നിരുന്നു.
തുടക്കകാലത്തുണ്ടായ ഒരു സംഭവമാണ് നടന്‍ എന്ന നിലയില്‍ വിജയിക്കണം എന്ന തീരുമാനത്തിലേക്ക് ഗോവിന്ദയെ എത്തിച്ചത്. ഒരിക്കല്‍ അമ്മയുടെ കൂടെ ഗോവിന്ദ റെയില്‍വെ സ്‌റ്റേഷനിലെത്തി. അതിയായ തിരക്കുണ്ടായിരുന്നു. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ പോലും അന്ന് അമ്മയ്ക്ക് ഇരിപ്പിടം കിട്ടിയില്ല. ട്രെയിന് അകത്തേക്ക് കയറാന്‍ പോലും സാധിച്ചില്ല. ഇതോടെ അടുത്ത ട്രെയിനിനായി ഗോവിന്ദയും അമ്മയും പ്ലാറ്റ്‌ഫോമില്‍ കാത്തു നിന്നു. എന്നാല്‍ തിരക്കു കുറഞ്ഞ ഒരു ട്രെയിന്‍ പോലും വന്നില്ല.

അഞ്ച് ട്രെയിനുകളാണ് അന്ന് ഗോവിന്ദയേയും അമ്മയേയും കടന്നു പോയത്. പ്രായമായ അമ്മയ്ക്ക് യുവാക്കളോട് മത്സരിച്ച് ട്രെയിനിന് ഉള്ളിലേക്ക് കയറാന്‍ പോലും സാധിച്ചിരുന്നില്ല. അമ്മയ്ക്ക് ട്രെയിനില്‍ ഒരു ഇരിപ്പിടം പോലും കണ്ടെത്താന്‍ സാധിക്കാതെ പ്ലാറ്റ്‌ഫോമില്‍ ഇരിക്കേണ്ടി വന്ന അവസ്ഥ ഗോവിന്ദയെ തളര്‍ത്തി. നിറകണ്ണുകളോടെ ഗോവിന്ദ തന്റെ മാമന്റെ അരികിലെത്തി. അടുത്ത തന്നെയായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ പക്കല്‍ നിന്നും പണം വാങ്ങി അമ്മയ്ക്ക് ഫസ്റ്റ് ക്ലാസില്‍ ഒരു ടിക്കറ്റ് എടുത്തു നല്‍കുകയായിരുന്നു ഗോവിന്ദ.
ഈ സംഭവത്തോടെ ജോലി എന്നതും പണം എന്നതും എത്ര പ്രധാനപ്പെട്ടതാണെന്ന് ഗോവിന്ദയ്ക്ക് ബോധ്യപ്പെട്ടു. അതോടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും ഒരുനാള്‍ ബോളിവുഡിലെ ഏറ്റവും സമ്പന്നനായ നടനായി മാറുമെന്നും ഗോവിന്ദ തീരുമാനിച്ചു. അങ്ങനെ അമ്മയ്ക്ക് ട്രെയിനില്‍ സീറ്റു കിട്ടാതെ വന്നതില്‍ നിന്നും ഗോവിന്ദ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറി. തന്റെ ആദ്യ ഹിറ്റിന് പിന്നാലെ എണ്‍പതോളം സിനിമകളിലാണ് ഗോവിന്ദ ഒരുമിച്ച് സൈന്‍ ചെയ്തത്. ഇതില്‍ മിക്കതും സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു.


Click it and Unblock the Notifications