പ്രിയങ്ക ചോപ്രയുടെ അച്ഛനാകില്ലെന്ന് വാശി പിടിച്ച് അനില്‍ കപൂര്‍; സമ്മതിച്ചത് മകന്റെ ആ വാക്ക്!
ബോളിവുഡിലെ എവര്‍ഗ്രീന്‍ നായകന്മാരില്‍ ഒരാളാണ് അനില്‍ കപൂര്‍. ബോളിവുഡ് കണ്ട നിരവധി ഐക്കോണിക് സിനിമകളിലെ നായകന്‍. കാലത്തിനൊപ്പം സഞ്ചരിച്ചു കൊണ്ടും സ്വയം നവീകരിച്ചും അനില്‍ കപൂര്‍ ഇപ്പോഴും ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പ്രായം വെറും അക്കം മാത്രമാണെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അനില്‍ കപൂര്‍. മുത്തച്ഛനായിരിക്കുമ്പോഴും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യുവാക്കളെ പോലും അനില്‍ കപൂര്‍ പിന്നിലാക്കും.
പ്രായം 66 ലെത്തി നില്‍ക്കുമ്പോഴും അനില്‍ കപൂറിന്റെ എനര്‍ജി പുതിയ തലമുറയെ പോലും നാണിപ്പിക്കുന്നതാണ്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അനില്‍ കപൂര്‍ അപ്പ്‌ഡേറ്റഡ് ആയ നടനാണ്. അച്ഛന്‍ വേഷങ്ങളിലടക്കം അഭിനയിക്കുന്നതില്‍ അനില്‍ കപൂര്‍ മികവ് കാണിച്ചിട്ടുണ്ട്. അതേസമയം ഒരിക്കല്‍ തനിക്ക് ലഭിച്ച അച്ഛന്‍ വേഷം ചെയ്യാന്‍ അനില്‍ കപൂര്‍ നിരസിച്ചിരുന്നു.

സൂപ്പര്‍ നായിക പ്രിയങ്ക ചോപ്രയുടെ അച്ഛനായി അനില്‍ കപൂര്‍ അഭിനയിച്ച ചിത്രമായിരുന്നു ദില്‍ ദഡക്ക്‌നെ ദോ. സോയ അക്തറായിരുന്നു സിനിമയുടെ സംവിധാനം. തുടക്കത്തില്‍ ആ വേഷം ചെയ്യാന്‍ അനില്‍ കപൂര്‍ ഒരുക്കമായിരുന്നില്ല. പിന്നീട് മകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അനില്‍ കപൂര്‍ ചിത്രം ചെയ്യാന്‍ തയ്യാറാകുന്നത്. മുമ്പൊരു അഭിമുഖത്തില്‍ എന്തുകൊണ്ടാണ് താന്‍ ആ വേഷം ചെയ്യാന്‍ തയ്യാറാകാതിരുന്നത് എന്ന് അനില്‍ കപൂര്‍ വെളിപ്പെടുത്തിയിരുന്നു.
മുമ്പൊരിക്കല്‍ പ്രിയങ്ക ചോപ്രയെ തന്റെ നായികയായി നിര്‍ദ്ദേശിച്ചിരുന്നുവെന്നതായിരുന്നു അനിലിന് മുമ്പിലുണ്ടായിരുന്ന തടസം. ''എന്റെ പ്രശ്‌നം പറയാം. സത്യസന്ധമായി തന്നെ പറയാം. പ്രിയങ്ക ചോപ്രയുടെ അച്ഛനോ? ഞാനോ? ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാനിരുന്നതാണ്. റൊമാന്റിക് കപ്പിള്‍ ആയിട്ടായിരുന്നു ആ സിനിമ. രണ്‍വീര്‍ സിംഗിന്റെ അച്ഛനാകുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല, അവന്‍ പുതുമുഖമല്ലേ.'' എന്നായിരുന്നു അനില്‍ കപൂര്‍ പറഞ്ഞത്.
''ഹര്‍ഷ് എന്റെ അടുത്ത് വന്നു. നിങ്ങള്‍ ശരിക്കും പ്രിയങ്കയുടെ അച്ഛനായിട്ടല്ല അഭിനയിക്കുന്നത്. നിങ്ങള്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന് കണ്ടാല്‍ മതി എന്ന് പറഞ്ഞു. ചിലപ്പോള്‍ നമുക്ക് വിശാലമായി ചിന്തിക്കുന്നവര്‍ ചുറ്റും വേണ്ടി വരും. നമുക്ക് ബോധം പകരാന്‍. പിന്നീട് ഞാന്‍ ചിന്തിച്ചു. കാലം മാറി, ഇന്നിത് ഒരു കഥാപാത്രത്ത അവതരിപ്പിക്കുന്നത് മാത്രമാണ്. അവളുടെ അച്ഛനാവുകയല്ല'' അനില്‍ കപൂര്‍ പറയുന്നു.
മകന്‍ ഹര്‍ഷിന്റെ വാക്ക് അനില്‍ കപൂര്‍ കേട്ടു. അത് ശരിയായ തീരുമാനമായിരുന്നുവെന്ന് കാലം തെളിയിക്കുകയും ചെയ്തു. അനില്‍ കപൂറിന്റെ കരിയറിലും വേറിട്ടൊരു കഥാപാത്രമായിരുന്നു ദില്‍ ദഡക്ക്‌നെ ദോ. ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. മികച്ച വിജയമായി മാറുകയും ചെയ്തു സിനിമ. പ്രിയങ്ക ചോപ്ര, അനില്‍ കപൂര്‍ എന്നിവര്‍ക്ക് പുറമെ രണ്‍വീര്‍ സിംഗ്, അനുഷ്‌ക ശര്‍മ, ഷെഫാലി ഷാ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ദില്‍ ദഡക്ക്‌നെ ദോ.

അതേസമയം, ഒരിടയ്ക്ക് താന്‍ പണത്തിന് വേണ്ടി മാത്രം ചില സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും അനില്‍ കപൂര്‍ വെളിപ്പെടുത്തിയിരുന്നു. ''ഞാന്‍ പണത്തിന് വേണ്ടി മാത്രം സിനിമ ചെയ്തിട്ടുണ്ട്. പേരു വരെ പറയാം. അന്ദാസും ഹീര്‍ രാഞ്ജയും. രൂപ് കി റാണി ചോറോം കാ രാജയ്ക്ക് ശേഷം കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മുന്നോട്ട് പോകാന്‍ ഞങ്ങളോരോരുത്തരും സാധ്യമാകുന്നതൊക്കെ ചെയ്തു. ഉത്തരവാദിത്തം എന്ന നിലയിലായിരുന്നു. അത് സമ്മതിക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല. രൂപ് കി റാണി ചോറോം ക രാജ ഇറങ്ങാന്‍ വൈകിയിരുന്നു. അത് വലിയ പരാജയമായി മാറുകയും ചെയ്തു'' എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം വേണമെങ്കില്‍ ഒരിക്കല്‍ കൂടെ അങ്ങനെ സിനിമകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ലെന്നും അനില്‍ കപൂര്‍ പറയുന്നുണ്ട്. ''ഈ ബിസിനസില്‍ സര്‍വൈസ് ചെയ്യണമെങ്കിലും എന്തിനും തയ്യാറാകണം. തകര്‍ച്ചകള്‍ നമ്മളെ തടയാനോ പിടിച്ചു നിര്‍ത്താനോ പാടില്ല. എല്ലാ വെല്ലുവിളികളേയും നേരിടണം. ധീരതയും ആത്മവിശ്വാസവും വേണം പിടിച്ചു നില്‍ക്കാന്‍'' എന്നാണ് അനില്‍ കപൂര്‍ പറഞ്ഞത്.


Click it and Unblock the Notifications











