ഓരോ തവണയും സർപ്രൈസ് നൽകുന്ന സൽമാൻ; അദ്ദേഹത്തിന്റെ ആ രീതിയാണ് കാര്യങ്ങൾ ആവേശകരമാക്കുന്നത്: കത്രീന
ബോളിവുഡിൽ സൂപ്പർ താര പദവി നേടിയിട്ടുള്ള നായികയാണ് കത്രീന കൈഫ്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ പിന്തുണയോ ഗോഡ്ഫാദർമാരോ ഇല്ലാതെ ആരംഭിച്ച കരിയർ ഇന്ന് ഇരുപതാം വർഷത്തിൽ എത്തി നിൽക്കുകയാണ്. അഭിനേത്രിയെന്ന നിലയിൽ ഈ കാലയളവിനിടയിൽ കത്രീന ഒരുപാട് വളർന്നു. എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിച്ചു. ബോൡവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറി.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ടൈഗർ 3 യിയെ പ്രകടനത്തിലൂടെ ബോളിവുഡിലെ ഏറ്റവും മികച്ച ആക്ഷൻ താരങ്ങളിൽ ഒരാളായും മാറിയിരിക്കുകയാണ് കത്രീന. കഴിഞ്ഞ ആഴ്ച തിയേറ്ററിൽ എത്തിയ മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. അതിനിടെ സിനിമയിലെ തന്റെ 20 വർഷത്തെ യാത്രയെക്കുറിച്ചും ടൈഗർ 3 സഹനടൻ സൽമാൻ ഖാനുമായുള്ള സൗഹൃദത്തെ കുറിച്ചുമൊക്കെ മനസുതുറന്നിരിക്കുകയാണ് കത്രീന കൈഫ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

"ടൈഗർ എനിക്ക് വളരെ പ്രിയപ്പെട്ട ഫ്രാഞ്ചൈസിയാണ്, ടൈഗർ 3യ്‌ക്ക് വേണ്ടി സൽമാനൊപ്പം സ്‌ക്രീനിൽ തിരിച്ചെത്തുന്നത് ശരിക്കും സന്തോഷം നൽകുന്ന കാര്യമാണ്. അതൊരു ദീപാവലി സമയത്ത് ആയത് അതിലും സന്തോഷം. ഓരോ തവണയും ടൈഗർ സിനിമയെ പുതിയൊരു തലത്തിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഒരിക്കൽ കൂടി ടൈഗറിൽ ഒന്നിക്കുമ്പോൾ ഞാനും സൽമാനും ഒരുപോലെ ആകാംഷയിലായിരുന്നു," കത്രീന പറഞ്ഞു.
കത്രീനയും സൽമാനും പതിനെട്ട് വർഷത്തിനിടയിൽ ഏഴ് സിനിമകൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കത്രീനയുടെ കരിയറിലെ പ്രധാന സിനിമകളാണ് ഇവയിൽ പലതും. അടുത്ത സുഹൃത്തുക്കളുമാണ് ഇരുവരും. ഇത്രയും വർഷങ്ങൾക്ക് ശേഷവും ഓരോ തവണയും തന്നെ അത്ഭുതപ്പെടുത്തുന്ന നടനായണ് സൽമാനെ കത്രീന വിശേഷിപ്പിക്കുന്നത്.
"കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്യുന്നത്. ഈ വർഷങ്ങൾക്കിടയിൽ ഞങ്ങൾ എങ്ങനെ വികസിച്ചു എന്നത് രസകരമാണ്. ഞാൻ ആദ്യമായി അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുമ്പോൾ ഞാനൊരു പുതുമുഖവും അദ്ദേഹം വലിയൊരു താരവുമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ ഏക് താ ടൈഗറിൽ വീണ്ടും ഒന്നിച്ചു, അന്ന് എനിക്ക് അൽപം അനുഭവസമ്പത്ത് കൈവന്നു. ഒരു നടിയെന്ന നിലയിൽ ഞാൻ എന്റെ ഇടം കണ്ടെത്തുകയായിരുന്നു. അപ്പോഴും അദ്ദേഹം അവിടെയുണ്ട്.
ടൈഗർ 3 ലേക്ക് എത്തുമ്പോൾ ഞങ്ങൾക്കിടയിൽ പരസ്പര ധാരണ ഉണ്ടായിരുന്നു. അത് കാര്യങ്ങൾ എളുപ്പമാക്കി. അതേ സമയം, സൽമാന് ഇപ്പോഴും നമ്മളെ ആശ്ചര്യപ്പെടുത്താൻ കഴിയും, അപ്രതീക്ഷിതമായ എന്തെങ്കിലും കൊണ്ടുവരിക, അതാണ് അദ്ദേഹത്തിന്റെ പ്രവചനാതീതത, അതാണ് കാര്യങ്ങൾ ആവേശഭരിതമാക്കുന്നത്," കത്രീന വാചാലയായി.

തുടർന്ന് അഭിനേത്രിയെന്ന നിലയിലുള്ള തന്റെ യാത്രയെക്കുറിച്ചും കത്രീന സംസാരിച്ചു, "ഇതൊരു അവിശ്വസനീയമായ യാത്രയാണ്, എനിക്ക് ജോലി ചെയ്യാൻ കിട്ടിയ ആളുകളാണ് ഇത് മനോഹരമാക്കിയത്... ഞാൻ കൂടെ പ്രവർത്തിച്ച സംവിധായകർ ഒരു കലാകാരനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും എനിക്ക് വളരെയധികം കാര്യങ്ങൾ തന്നു. ഞാൻ എന്നെക്കുറിച്ച് തന്നെ ഒരുപാട് പഠിച്ചു. ഞാൻ ചെയ്ത സിനിമകൾ ഒരു വ്യക്തിയെന്ന നിലയിൽ പുരോഗമിക്കാൻ എന്നെ സഹായിച്ചു,"
"20 വർഷം മുൻപുണ്ടായിരുന്ന വ്യക്തിയെ അല്ല ഞാൻ. അതെല്ലാം സ്ക്രീനിലും പ്രതിഫലിക്കും. ഒരു മനുഷ്യനെന്ന നിലയിൽ നിങ്ങൾ പുരോഗമിക്കുമ്പോൾ അത് ജോലിയിലും കാണാൻ കഴിയും. അതാണ് എന്റെയും ഉദ്ദേശം. ഇന്ന് ഞാൻ എന്താണോ അതിനനുസരിച്ചുള്ള തിരഞ്ഞെടുപ്പുകൾ നടത്തി, ഞാൻ എന്താണെന്നത് തന്നെ സ്‌ക്രീനിൽ കൊണ്ടുവരാനും ശ്രമിക്കുകയാണ്," കത്രീന പറഞ്ഞു. അതേ സമയം വിജയ് സേതുപതി നായകനാകുന്ന മേരി ക്രിസ്മസ് ആണ് കത്രീനയുടെ ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. 2024 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.


Click it and Unblock the Notifications