ദേശസ്‌നേഹം ഇങ്ങനേയും പറയാം! ഈ സ്വാതന്ത്ര്യ ദിനത്തില്‍ കാണാം ഈ സിനിമകള്‍
പോപ്പുലര്‍ സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണ് ദേശീയത എന്നത്. രാജ്യ സ്‌നേഹം തുളുമ്പുന്ന സിനിമകള്‍ക്ക് ബോളിവുഡില്‍ എല്ലാ കാലത്തും ആരാധകരുണ്ട്. രാജ്യത്തോടുള്ള സ്‌നേഹത്തെക്കുറിച്ചും എങ്ങനെയാണ് രാജ്യത്തെ കാക്കേണ്ടതെന്നുമൊക്കെ പറയുന്ന സിനിമകള്‍ ഒരുപാടുണ്ടായിട്ടുണ്ട്. പലപ്പോഴും ഫോര്‍മുല സിനിമകളായി മാറാവുന്ന ജോണര്‍ കൂടിയാണിത്. എന്നാല്‍ എണ്ണം പറഞ്ഞ, എക്കാലത്തും നിലനില്‍ക്കുന്ന ദേശ സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട്.
ഇന്ത്യ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കുകയാണ്. ഈ അവസരത്തില്‍ കാണാന്‍ പറ്റുന്ന ചില ബോളിവുഡ് സിനിമകള്‍ പരിചയപ്പെടാം.

സര്‍ദ്ദാര്‍ ഉദ്ദം
വിക്കി കൗശല്‍ നായകനായ സര്‍ദ്ദാര്‍ ഉദ്ദം സംവിധാനം ചെയ്തിരിക്കുന്നത് ഷൂജിത് സിര്‍കാര്‍ ആണ്. ആമസോണ്‍ പ്രൈം റിലീസായ സിനിമ വലിയ ജനപ്രീതി നേടിയിരുന്നു. വിക്കിയുടെ അഭിനയവും ഷൂജിത്തിന്റെ മേക്കിംഗും അവിസ്മരണീയമായൊരു സിനിമയാണ് സമ്മാനിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമരസേനാനിയായ സര്‍ദ്ദാര്‍ ഉദ്ദം സിംഗിന്റെ കഥ പറയുന്ന സിനിമ സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്നു കൂടിയാണ്.
ബോര്‍ഡര്‍
ബോളിവുഡിന്റെ ഒ.ജി ദേശ സ്‌നേഹ സിനിമയാണ് ബോര്‍ഡര്‍. സണ്ണി ഡിയോള്‍, അക്ഷയ് ഖന്ന, സുനില്‍ ഷെട്ടി, ജാക്കി ഷ്രോഫ് തുടങ്ങി വലിയൊരു താരനിര അണിനിരന്ന സിനിമ. ജെപി ദത്തയാണ് സംവിധആനം. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തെ പശ്ചാത്തലമാക്കിയൊരുക്കിയ സിനിമ എക്കാലത്തും ജനപ്രീയമാണ്. ചിത്രത്തിലെ പാട്ടുകളും ഐക്കോണിക്കായി മാറിയിരുന്നു.
റാസി
ആലിയ ഭട്ടിനെ നായികയാക്കി മേഘ്‌ന ഗുല്‍സാര്‍ ഒരുക്കിയ സിനിമ. വിക്കി കൗശലാണ് ചിത്രത്തിലെ നായകന്‍. നാളിതുവരെ കണ്ടിട്ടുള്ള ഇന്ത്യ-പാക് കഥ പറഞ്ഞ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊന്നായിരുന്നു റാസി. നല്ലവര്‍-വില്ലന്മാര്‍ എന്ന ബൈനറിയില്ലാതെ ഒരുക്കിയ സിനിമ ആലിയയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. പാക്കിസ്ഥാനികളെക്കുറിച്ചുള്ള ബോളിവുഡ് ക്ലീഷേകളെ ബ്രേക്ക് ചെയ്യുന്നതുമായിരുന്നു റാസി.
ദ ലെജന്റ് ഓഫ് ഭഗത് സിംഗ്
അജയ് ദേവ്ഗണ്‍ പ്രധാന വേഷത്തിലെത്തിയ സിനിമ. രാജ്കുമാര്‍ സന്തോഷിയായിരുന്നു സിനിമയുടെ സംവിധാനം. ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരിലൂടെ കഥ പറയുന്ന സിനിമ അജയ് ദേവ്ഗണിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. ബോളിവുഡിന്റെ ജിങ്കോയിസ്റ്റിക് സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ദ ലെജന്റ് ഓഫ് ഭഗത് സിംഗ്.
രംഗ് ദേ ബസന്ദി
മറ്റ് ദേശ സ്‌നേഹ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് രംഗ് ദേ ബസന്ദി. ഇന്ത്യ-പാക് പ്രശ്‌നങ്ങളോ സ്വാതന്ത്ര്യ സമരകാലത്തെക്കുറിച്ചോ അല്ല രംഗ് ദേ ബസന്ദി സംസാരിക്കുന്നത്. മറിച്ച് രാജ്യത്തിന് അകത്തുള്ള പ്രശ്‌നങ്ങളും രാജ്യത്തിലെ പൗരന്മാരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചുമാണ്. സിനിമ എന്ന നിലയിലും രംഗ് ദേ ബസന്ദി ഒരു ബെഞ്ച് മാര്‍ക്ക് തന്നെയാണ് സൃഷ്ടിച്ചത്. ആമിര്‍ ഖാന്‍, മാധവന്‍, സോഹ അലി ഖാന്‍, സിദ്ധാര്‍ത്ഥ്, ഷര്‍മന്‍ ജോഷി, കുണാല്‍ കപൂര്‍ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ടായിരുന്നു. രാകേഷ് ഓംപ്രകാശ് മിശ്രയാണ് സംവിധാനം.
സ്വദേശ്
ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായാണ് സ്വദേശിനെ കണക്കാക്കുന്നത്. നാസയിലെ ജോലിക്കാരനായ ഭാര്‍ഘവ് നാട്ടിലേക്ക് തിരികെവരുന്നതും ഇന്ത്യയുടെ ആത്മാവ് തൊട്ടറിയുന്നതുമാണ് സിനിമ. ആഷുതോഷ് ഗൊവാരിക്കര്‍ സംവിധാനം ചെയ്ത സിനിമ സ്ഥിരം ഷാരൂഖ് സിനിമകളില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ്. അതിനാല്‍ ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കള്‍ട്ട് ക്ലാസിക്കായി മാറുകയായിരുന്നു.
ചക് ദേ ഇന്ത്യ
ബോളിവുഡിലെ എക്കാലത്തേയും മികച്ച സ്‌പോര്‍ട്‌സ് സിനിമകളില്‍ ഒന്നാണ് ചക്‌ദേ ഇന്ത്യ. സ്‌പോര്‍ട്‌സ് സിനിമകളില്‍ ബെഞ്ച് മാര്‍ക്ക് ആയ ചിത്രം. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ കഥ പറഞ്ഞ സിനിമ ഷാരൂഖ് ഖാന്റെ കരിയറിലേയും ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. ഷാരൂഖിന്റെ സിനിമകളുടെ ഫോര്‍മുലകളൊന്നും പിന്തുടരാതെ ഒരുക്കിയ സിനിമ. ഷിമിത് അമിന്‍ ഒരുക്കിയ ചക്‌ദേ ഇന്ത്യ ഇന്നും പല സംവിധായകര്‍ക്കും പ്രചോദനമായി നിലനില്‍ക്കുന്നു. ചിത്രത്തിലെ ഓരോ രംഗങ്ങളും സിനിമാ പ്രേമികളുടെ മനസില്‍ എക്കാലവും നിലനില്‍ക്കുന്നതാണ്.

1971
മനോജ് ബാജ്പായും രവി കിഷനും പ്രധാന വേഷങ്ങളിലെത്തിയ 1971 ബോക്‌സ് ഓഫീസില്‍ വിജയം നേടിയിരുന്നില്ല. ബോളിവുഡിലെ സ്ഥിരം രാജ്യ സ്‌നേഹ സിനിമകളുടെ പാത പിന്തുടരാത്ത, സമാന്തര സിനിമയായിരുന്നു 1971, എല്ലാ അര്‍ത്ഥത്തിലും. പാക് തടവില്‍ നിന്നും രക്ഷപ്പെട്ടു വരുന്ന ഇന്ത്യന്‍ പട്ടാളക്കാരുടെ കഥയായിരുന്നു സിനിമ പറഞ്ഞത്. അമ്രിത് സാഗര്‍ ആണ് സിനിമയുടെ സംവിധാനം. മനോജ് ബാജ്‌പേയുടെ മികച്ച പ്രകടനവും സിനിമയുടെ ഹൈലൈറ്റാണ്.
ലക്ഷ്യ
ഒരുപാട് പേരെ ഇന്ത്യന്‍ മിലിറ്ററില്‍ ചേരാന്‍ പ്രേരിപ്പിച്ച സിനിമയാണ് ലക്ഷ്യ. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഹൃത്വിക് റോഷനും പ്രീതി സിന്റയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. അലസനായൊരു യുവാവ് പട്ടാളക്കാരനാകുന്നതിന്റെ കഥ പറഞ്ഞ സിനിമ പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. പക്ഷെ പിന്നീട് കള്‍ട്ട് ക്ലാസിക്കായി മാറുകയായിരുന്നു. ദില്‍ ചാഹ്താ ഹേയ്ക്ക് ശേഷം ഫര്‍ഹാന്‍ ഒരുക്കിയ സിനിമ അദ്ദേഹത്തിന്റെ സംവിധാന കരിയറില്‍ വേറിട്ടു നില്‍ക്കുന്നൊരു സിനിമയാണ്.


Click it and Unblock the Notifications











