'വിവാഹം കഴിക്കാൻ വരട്ടെ, രണ്ടു വർഷം ലിവിങ് ടുഗതർ നോക്കൂ'; അമ്മ നൽകിയ ഉപദേശത്തെ കുറിച്ച് ട്വിങ്കിൾ ഖന്ന
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരപത്നിയാണ് അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന. അമ്മ ഡിംപിള്‍ കപാഡിയയുടെയും അച്ഛന്‍ രാജേഷ് ഖന്നയുടെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയെങ്കിലും വളരെ കുറച്ചു കാലം മാത്രമാണ് ട്വിങ്കിൾ അഭിനയത്തിൽ തുടർന്നത്. ഏതാനും സിനിമകള്‍ ചെയ്ത ശേഷം താരം സിനിമ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മാധ്യമ പ്രവര്‍ത്തകയായും എഴുത്തുകാരിയായുമായാണ് ട്വിങ്കിൾ തിളങ്ങിയത്.
2001 ജനുവരി 17 ന് ആണ് ട്വിങ്കിൾ ഖന്നയും അക്ഷയ് കുമാറും വിവാഹിതരാകുന്നത്. ഫിലിം ഫെയര്‍ മാഗസിന്റെ ഫോട്ടോ ഷൂട്ടിനിടയിലാണ് ഇരുവരും പരിചയത്തിലാകുന്നത്. സുല്‍മി, ഇന്റര്‍നാഷണൽ ഖിലാഡി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ജോഡികളായി അഭിനയിക്കുകയും ചെയ്തിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. കഴിഞ്ഞ 22 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. ആരവ്, നിതാര എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്.

വീട്ടുകാരുടെ എതിർപ്പുകൾ ഒന്നുമില്ലാതെ നടന്ന വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ വിവാഹം കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ അമ്മ ഡിംപിൾ കപാഡിയ മകൾക്ക് ഒരു ഉപദേശം നൽകിയിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ട്വിങ്കിൾ.
വിവാഹം കഴിക്കുന്നതിന് മുമ്പ് രണ്ട് വർഷം അക്ഷയ്‌ക്കൊപ്പം ലിവിങ് റിലേഷനിൽ കഴിയാൻ അമ്മ നിർദേശിച്ചിരുന്നു എന്ന് ട്വിങ്കിൾ വെളിപ്പെടുത്തി. വിവാഹം കഴിക്കുന്നത് സംബന്ധിച്ച് രണ്ടുപേർക്കും 100% ഉറപ്പ് ഉണ്ടാകണമെന്നാണ് അമ്മ ആഗ്രഹിച്ചതെന്നും ട്വിങ്കിൾ പറഞ്ഞു. മസാബ ഗുപ്തയുമായി നടത്തിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
"എന്റെ ഭർത്താവ് എന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ, 'അത് വേണ്ട, നിങ്ങൾ രണ്ട് വർഷം ഒരുമിച്ചു ജീവിക്കുന്നു, അത് ശരിയായാൽ നിങ്ങൾ വിവാഹം കഴിക്കൂ', എന്നാണ് അമ്മ എന്നോട് പറഞ്ഞത്. 'ഞാൻ വിവാഹം കഴിച്ചതാണ്, എങ്ങനെയാകുമെന്ന് എനിക്ക് അറിയാം' എന്നും അമ്മ പറഞ്ഞു. അമ്മയുടെ അനുഭവം കാരണം പറഞ്ഞതാകാം," ട്വിങ്കിൾ പറഞ്ഞു.
അതേസമയം അച്ഛനും അമ്മയും ഒരുമിച്ചായിരുന്നെങ്കിൽ തനിക്ക് ഇങ്ങനെ ജോലി ചെയ്യേണ്ടി വരില്ലായിരുന്നുവെന്നും ട്വിങ്കിൾ ഇതേ അഭിമുഖത്തിൽ പറയുകയുണ്ടായി. അമ്മയാണ് തന്നെ കൂടുതൽ വളർത്തിയതെന്നും അതുകൊണ്ട് തന്നെ ഒരു സമയം വരെ ഇതൊരു പുരുഷാധിപത്യ സമൂഹമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ട്വിങ്കിൾ വ്യക്തമാക്കി. ട്വിങ്കിളിന്റെ വാക്കുകൾ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു.

നേരത്തെ തനിക്ക് നടിയാകാൻ ഇഷ്ടമുണ്ടായിരുന്നില്ലെന്നും അമ്മയെ സഹായിക്കാനാണ് താൻ സിനിമയിലേക്ക് വന്നതെന്നും ട്വിങ്കിൾ പറഞ്ഞിട്ടുണ്ട്. സിനിമയായിരുന്നു വേഗം പണം സമ്പാദിക്കാനുള്ള മാർഗം. സിംഗിൾ മദറായ അമ്മയെ സഹായിക്കാനും പിന്തുണയ്ക്കാനും വേണ്ടിയാണ് താൻ നടിയായത് എന്നാണ് ട്വിങ്കിൾ പറഞ്ഞത്.
മകൾ തന്നെ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിച്ചതിനെ കുറിച്ച് ഡിംപിളും മുൻപൊരിക്കൽ വാചാലയായിട്ടുണ്ട്. ഇനി അഭിനയിക്കണോ എന്നൊരിക്കൽ ചോദിച്ചപ്പോൾ നിങ്ങൾക്ക് പൈസ വേണമെന്ന് ഉണ്ടെങ്കിലും മടി മാറ്റിവെച്ച് ജോലി ചെയ്യാൻ നോക്കൂ എന്ന മുഖമടച്ച മറുപടിയാണ് ട്വിങ്കിൾ നൽകിയതെന്നാണ് ഡിംപിൾ കപാഡിയ പറഞ്ഞത്. ആ വാക്കുകൾ വലിയ മൂർച്ചയായിരുന്നു എന്നും ഡിംപിൾ പറയുകയുണ്ടായി.


Click it and Unblock the Notifications











