മുസ്ലീമായതിനാല്‍ വീട് തരില്ല, വേശ്യയെന്ന് വിളിച്ച് ഇറക്കിവിട്ടു; ദുരനുഭവം വെളിപ്പെടുത്തി ഉര്‍ഫി
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഉര്‍ഫി ജാവേദ്. തന്റെ അസാധാരണമായ ഫാഷന്‍ ചോയ്‌സും, തുറന്ന് സംസാരവുമാണ് ഉര്‍ഫിയെ സോഷ്യല്‍ മീഡിയയിലെ താരമാക്കുന്നത്. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉര്‍ഫി യാതൊരു മറയുമില്ലാതെ തുറന്ന് സംസാരിക്കാറുണ്ട്. പതിനാറാം വയസില്‍ നിന്നും വീട്ടില്‍ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നതിനെക്കുറിച്ചും ബന്ധുക്കളും വീട്ടുകാരുമൊക്കെ അകന്നതിനെക്കുറിച്ചുമൊക്കെ ഉര്‍ഫി സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മുംബൈയിലെത്തിയ സമയത്ത് തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് ഉര്‍ഫി മനസ് തുറക്കുകയാണ്. മുസ്ലീം ആയതിന്റെ പേരില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചാണ് ഉര്‍ഫി സംസാരിക്കുന്നത്. മുസ്ലിം ആയതിനാല്‍ വീട് കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നാണ് ഉര്‍ഫി പറയുന്നത്. ''മുസ്ലിം ആയതിനാല്‍ ഭയങ്കര കഷ്ടപ്പാടായിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു'' എന്നാണ് ഉര്‍ഫി പറയുന്നത്.

''ഞാന്‍ എപ്പോള്‍ വീട് അന്വേഷിച്ച് ഇറങ്ങിയാലും ആദ്യ പറയുക നീ സിംഗിളാണ്, മുസ്ലീമാണ്, നടിയാണ് എന്നാകും. ഈ മൂന്നും വലിയ റെഡ് ഫ്‌ളാഗുകളായിരുന്നു'' എന്നാണ് ഉര്‍ഫി പറയുന്നത്. ''ഒരാള്‍ എനിക്ക് വീട് തരാമെന്ന് സമ്മതിച്ചു. കരാറില്‍ ഒപ്പിടാന്‍ നേരം ഞാന്‍ എന്റെ ആദാര്‍ ഐഡി നല്‍കി. അപ്പോണ് എന്റെ പേര് ഉര്‍ഫിയാണെന്ന് അയാള്‍ കാണുന്നത്. അതെ എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ കരുതി ഉര്‍വ്വശി എന്നാണെന്നായിരുന്നു അയാളുടെ മറുപടി '' ഉര്‍ഫി പറയുന്നു.
താന്‍ മുസ്ലീം ആണെന്ന് അറിഞ്ഞപ്പോള്‍ തന്നെ അയാള്‍ ആ കരാറില്‍ ഒപ്പിടാന്‍ കൂട്ടാക്കാതെ പോയെന്നാണ് ഉര്‍ഫി പറയുന്നത്. ഒരിക്കല്‍ തന്നെ ഒരു വീട്ടുടമ വേശ്യ എന്ന് വിളിച്ചിട്ടുണ്ടെന്നും ഉര്‍ഫി വെളിപ്പെടുത്തുന്നു. ബോളിവുഡ് ബബ്ബിളിന്റെ പോഡ്കാസ്റ്റിലായിരുന്നു ഉര്‍ഫിയുടെ തുറന്ന് പറച്ചില്‍. തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും താന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതിനെക്കുറിച്ചുമൊക്കെ ഉര്‍ഫി മനസ് തുറക്കുന്നുണ്ട്.
ഈ ഇന്‍ഡസ്ട്രിയില്‍ നിറയെ മൃഗങ്ങളാണ്. അതിനാല്‍ നമുക്ക് ആറ്റിട്ട്യൂഡ് വേണ്ടി വരും. നോ പറയണം. അല്ലെങ്കില്‍ ആളുകള്‍ നമ്മളെ ചൂഷണം ചെയ്യുമെന്നാണ് ഉര്‍ഫി പറയുന്നത്. അതേസമയം, നോ പറയേണ്ട എന്നാല്‍ പറയാന്‍ പറ്റാതെ പോയ ഒരുപാട് സാഹചര്യങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഉര്‍ഫി വെളിപ്പെടുത്തുന്നു.

''ഒരു സംവിധായകന്‍ വിളിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഓഡിഷന് വരാന്‍ പറഞ്ഞു. അവിടെ ക്യാമറയുണ്ടായിരുന്നില്ല. നീ എന്റെ കാമുകിയെ പോലെ അഭിനയിക്കണം. ഓടി വന്ന് എന്നെ കെട്ടിപ്പിടിക്കണം എന്ന് അയാള്‍ പറഞ്ഞു. ഇതെന്തതരം ഓഡിഷനാണ്, ക്യാമറ എവിടെ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. പക്ഷെ നോ പറയേണ്ടതിന് പകരം ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു. സാര്‍ ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞു.'' എന്നാണ് ഉര്‍ഫിയുടെ വെളിപ്പെടുത്തല്‍.
അത്തരം അനുഭവങ്ങളിലൂടെ ജീവിതത്തിലെ ചില പ്രധാനപ്പെട്ട പാടങ്ങള്‍ താന്‍ പഠിച്ചുവെന്നും ഉര്‍ഫി പറയുന്നുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഉര്‍ഫി ശ്രദ്ധ നേടുന്നത്. പിന്നീട് ബിഗ് ബോസ് ഒടിടി ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായും എത്തി. ബിഗ് ബോസ് വീട്ടില്‍ വച്ചു തന്നെ തന്റെ അസാധാരണമായ വസ്ത്രധാരണത്തിലൂടെ ഉര്‍ഫി ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഉര്‍ഫി. ആരും ചിന്തിക്കാത്ത തരത്തില്‍, അസാധാരണ വസ്തുക്കളില്‍ നിന്നു പോലും വസ്ത്രങ്ങളുണ്ടാക്കി അത് ധരിച്ചെത്തി ഉര്‍ഫി ഞെട്ടിക്കാറുണ്ട്. ഈയ്യടുത്ത് ബിഗ് ബോസ് ഒടിടി സീസണ്‍ 2വില്‍ അതിഥിയായും ഉര്‍ഫി എത്തിയിരുന്നു.


Click it and Unblock the Notifications