ഞാന്‍ പോണ്‍ താരമാണെന്ന് അച്ഛന്‍ പറഞ്ഞു നടന്നു; ബോധം കെടുന്നവരെ തല്ലി; കുട്ടിക്കാലത്തെക്കുറിച്ച് ഉര്‍ഫി
തന്റെ ബോള്‍ഡ് ഫാഷന്റെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടുന്ന താരമാണ് ഉര്‍ഫി ജാവേദ്. ടെലിവിഷന്‍ താരവും മുന്‍ ബിഗ് ബോസ് താരവുമായിരുന്ന ഉര്‍ഫിയുടെ വസ്ത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്. തീര്‍ത്തും വ്യത്യസ്തവും അസാധാരണവുമായ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഓരോ ദിവസവും ഉര്‍ഫി എത്താറുള്ളത്. ഇതിന്റെ പേരില്‍ നിരന്തരമായ സദാചാര ആക്രമണവും ഉര്‍ഫി നേരിടാറുണ്ട്.
ഇപ്പോഴിതാ യൂട്യൂബര്‍ രണ്‍വീര്‍ ആല്ലാബാദിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വരുന്ന ട്രോളുകളെക്കുറിച്ചും കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളുമെല്ലാം പങ്കുവെക്കുകയാണ് ഉര്‍ഫി ജാവേദ്. കുട്ടിക്കാലത്ത് ഒട്ടും ആത്മവിശ്വാസമില്ലാത്ത കുട്ടിയായിരുന്നു താനെന്നാണ് ഉര്‍ഫി പറയുന്നത്. കുട്ടിക്കാലത്ത് തനിക്ക് കൂട്ടുകാരില്ലായിരുന്നുവെന്നും ഉര്‍ഫി പറയുന്നുണ്ട്.

പിന്നാലെ താരം ട്രോളുകളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ചിലപ്പോള്‍ തന്നെക്കുറിച്ച് എഴുതുന്നതൊക്കെ തന്നെ ശരിയായിരിക്കാം എന്നും ഉര്‍ഫി പറയുന്നുണ്ട്. ചിലപ്പോള്‍ ആളുകള്‍ പറയുന്നത് ആയിരിക്കും ശരി. താന്‍ സമൂഹത്തിലെ കറയായിരിക്കും. യുവാക്കള്‍ക്ക് മോശം മാതൃകയായിരിക്കും എന്നാണ് ഉര്‍ഫി പറയുന്നത്.
''ചിലപ്പോള്‍ അവര്‍ പറയുന്നത് ശരിയായിരിക്കും. ഞാന്‍ നല്ലൊരു സ്ത്രീയായിരിക്കില്ല. ഞാന്‍ സമൂഹത്തിലെ കറയായിരിക്കും. യുവ തലമുറയ്ക്ക് മോശം മാതൃകയായിരിക്കും. ട്രോളുകള്‍ പറയുന്നത് പോലെ വേശ്യയായിരിക്കും. എനിക്ക് പിന്തിരിയാനാകില്ല. ഞാന്‍ നിര്‍ത്തിയാലും എല്ലാം ഇന്റര്‍നെറ്റിലുണ്ടാകും. ഞാന്‍ അത്രയ്ക്ക് മോശമായിരുന്നുവോ? ചിലപ്പോള്‍ ആരും എന്നെ അംഗീകരിക്കില്ല. ഒരു കുടുംബവും എന്നെ അംഗീകരിക്കില്ല'' എന്നാണ് താരം പറയുന്നത്.
പിന്നാലെ തന്റെ അച്ഛനെക്കുറിച്ച് മനസ് തുറക്കുകയാണ് ഉര്‍ഫി ജാവേദ്. യാഥാസ്ഥിതികനായിരുന്നു തന്റെ പിതാവ് എന്നാണ് ഉര്‍ഫി പറയുന്നത്. താന്‍ അടക്കം അഞ്ച് മക്കളേയും അമ്മ ഒറ്റയ്ക്കായിരുന്നു നോക്കിയിരുന്നത്. അച്ഛനും അമ്മയും വഴക്കിടുമ്പോള്‍ ദേഷ്യം തീര്‍ത്തിരുന്നത് തന്റെ ദേഹത്തായിരുന്നുവെന്നും താന്‍ പലപ്പോഴും അടി കൊണ്ട് ബോധം കെട്ടിട്ടുണ്ടെന്നും ഉര്‍ഫി തുറന്ന് പറയുന്നുണ്ട്.
''ഞാന്‍ അച്ഛനുമായി അടുപ്പത്തിലായിരുന്നില്ല. അച്ഛനോ അമ്മയോ അടിയുണ്ടാക്കിയാല്‍ ആ ദേഷ്യം മുഴുവന്‍ തീര്‍ത്തത് എന്നെ തല്ലിയിട്ടായിരുന്നു'' എന്നാണ് താരം പറയുന്നത്. തന്നെ ബോധം കെടുന്നത് വരെ അച്ഛന്‍ തല്ലുമായിരുന്നുവെന്നും ഉര്‍ഫി പറയുന്നുണ്ട്. ''കുട്ടികളെ എന്തെങ്കിലും ബോധ്യപ്പെടുത്താന്‍ ബോധം കെടുന്നത് വരെ തല്ലിയാല്‍ പിന്നെ അവര്‍ക്ക് എന്ത് മനസിലാകാനാണ്. അവരുടെ ദേഷ്യം കൂടുമെന്ന് കരുതി തിരികെ ഒന്നും പറയില്ല. ഒരു ഘട്ടം എത്തുമ്പോള്‍ മതിയെന്ന് തോന്നും. കുട്ടികള്‍ വലുതാകുമ്പോള്‍ അവരെ തല്ലുന്നത് ബാധിക്കുക വളരെ മോശമായ രീതിയിലായിരിക്കും'' എന്നാണ് ഉര്‍ഫി പറയുന്നത്.

''എനിക്ക് 15 വയസായിരുന്നപ്പോള്‍ ആരോ എന്റെ ഫോട്ടോ ഒരു പോണ്‍ സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്തു. വളരെ നോര്‍മല്‍ ആയൊരു ചിത്രമായിരുന്നു അത്. ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്ത് എടുത്തതായിരന്നു. മോര്‍ഫൊന്നും ചെയ്യാതെയാണ് ഇട്ടത്. അത് ആരോ കണ്ടിട്ട് എന്നോട് നിന്റെ ചിത്രം പോണ്‍ സൈറ്റില്‍ ഉണ്ടല്ലോ എന്ന് പറഞ്ഞു. എല്ലാവരും എന്നെ കുറ്റപ്പെടുത്തി. ഞാനൊരു പോണ്‍ താരമാണെന്ന് പറഞ്ഞു'' എന്ന് മുമ്പൊരിക്കല്‍ ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉര്‍ഫി പറഞ്ഞിരുന്നു.
''എന്റെ അച്ഛന്‍ തന്നെ പറഞ്ഞിട്ടുണ്ട് ഞാനൊരു പോണ്‍ താരമാണെന്ന്. പോണ്‍ സൈറ്റിലെ ആളുകള്‍ എന്നോട് 50 ലക്ഷം ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ആളുകളുടെ സിമ്പതി നേടാന്‍ ശ്രമിക്കുകയായിരുന്നു അച്ഛന്‍. അങ്ങനെയായിരുന്നു അച്ഛന്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. പക്ഷെ തല്ല് ഭയന്ന് ഞാന്‍ മിണ്ടാതിരുന്നു. ഞാനാണ് ഇര. തല്ലുന്നത് പക്ഷെ എന്നെയാണ്. അവര്‍ എന്നെ വിശ്വസിക്കുന്നില്ലായിരുന്നു'' എന്നും ഉര്‍ഫി പറഞ്ഞിരുന്നു.


Click it and Unblock the Notifications