അനില്‍ കപൂറിന്റെ നായികയാക്കാം, രാത്രി ഹോട്ടലിലേക്ക് വരണം; സംവിധായകന്റെ ഓഫറിനെപ്പറ്റി ഉപാസന
ഹിന്ദിയിലും പഞ്ചാബിയിലും നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള നടിയാണ് ഉപാസന സിംഗ്. ടെലിവിഷന്‍ രംഗത്തും വളരെ സജീവമാണ് ഉപാസന സിംഗ്. അനില്‍ കപൂറും ശ്രീദേവിയും പ്രധാന വേഷത്തിലെത്തിയ ജുദായ് എന്ന സിനിമയിലെ വേഷമാണ് ഉപസാനയെ താരമാക്കുന്നത്. പിന്നീട് ലോഫര്‍, മുജ്‌സെ ഷാദി കരോഗി തുടങ്ങി നിരവധി ഹിറ്റുകളുടെ ഭാഗമായി. കോമഡി വിത്ത് കപില്‍ ശര്‍മയിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് താരമായി മാറുന്നത്.
തന്റെ കരിയറില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഉപസാനയ്ക്ക്. ഇപ്പോഴിതാ ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് ഉപസാന സിംഗ്. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവം ഉപസാന തുറന്ന് പറയുന്നുണ്ട്.

അനില്‍ കപൂറിന്റെ നായികയാക്കാം എന്ന വാഗ്ദാനം നല്‍കി ഒരു തെന്നിന്ത്യന്‍ സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ഉപസാന പറയുന്നത്. ആ സമയത്ത് തനിക്ക് 17 വയസായിരുന്നു പ്രായമെന്നും ഉപാസന പറയുന്നുണ്ട്. സംവിധായകന്‍ തന്നോട് രാത്രി ഹോട്ടല്‍ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഉപാസന പറയുന്നത്.
''ഞാന്‍ സിനിമകള്‍ ഉപേക്ഷിച്ചിട്ടുണ്ട്. പേര് പറയാനാഗ്രഹിക്കുന്നില്ല. സൗത്തില്‍ നിന്നുള്ളൊരു സംവിധായകന്‍ എന്ന അനില്‍ കപൂറിന്റെ നായികയാക്കി സിനിമ ചെയ്യാന്‍ തയ്യാറായിരുന്നു. ഞാന്‍ ഇക്കാര്യം വീട്ടിലും ബന്ധുക്കളോടും പറഞ്ഞു. പിന്നീട് സംവിധായകന്‍ വിളിച്ച് സിറ്റിംഗിന് ഹോട്ടലിലേക്ക് വരാന്‍ പറഞ്ഞു. എനിക്കന്ന് 17 വയസാണ്, വെറും പാവമായിരുന്നു. അടുത്ത ദിവസം വരാമെന്നും പക്ഷെ വരാന്‍ വണ്ടിയില്ലെന്നും പറഞ്ഞപ്പോള്‍ കാര്‍ അയക്കാമെന്ന് സംവിധായകന്‍ പറഞ്ഞു'' ഉപാസന പറയുന്നു.
''നിനക്ക് സിറ്റിംഗിന്റെ അര്‍ത്ഥം മനസിലായില്ലേ എന്ന് അദ്ദേഹം ചോദിച്ചു. സിനിമയില്‍ വരണമെങ്കില്‍ സിറ്റിംഗ് ചെയ്യേണ്ടി വരും എന്നും അയാള്‍ പറഞ്ഞു'' എന്നും ഉപാസന തുറന്ന് പറയുന്നു. സംവിധായകന്റെ വാക്കുകളുടെ അര്‍ത്ഥം മനസിലായതും താന്‍ അയാളെ ചീത്തവിളിച്ചുവെന്നാണ് ഉപാസന പറയുന്നത്. അതോടെ അനില്‍ കപൂറിന്റെ നായികയായി അഭിനയിക്കാനുള്ള സുവര്‍ണ്ണാവസരം തനിക്ക് നഷ്ടമായെന്നും താന്‍ ആകെ തകര്‍ന്നു പോയെന്നും ഉപാസന പറയുന്നു. താന്‍ ഒരാഴ്ചയോളം മുറിയില്‍ അടച്ചിരുന്നുവെന്നുമാണ് താരം പറയുന്നത്.

''എനിക്ക് നല്ല ദേഷ്യം വന്നു. അയാള്‍ക്ക് എങ്ങനെ അങ്ങനെ ചോദിക്കാന്‍ തോന്നി? ഞാന്‍ അയാളുടെ ഓഫീസില്‍ വച്ച് തന്നെ അയാളോട് ദേഷ്യപ്പെട്ടു. നിങ്ങള്‍ക്ക് എന്റെ അച്ഛന്റെ പ്രായമുണ്ടല്ലോ, എങ്ങനെയാണ് എന്നെക്കുറിച്ച് ഇങ്ങനെ ചിന്തിക്കാനാകുന്നത് എന്ന് ചോദിച്ചു. കുറേ കരയുകയും ചെയ്തു. ബാന്ദ്രയിലെ ഫുഡ്പാത്തിലൂടെ കരഞ്ഞു കൊണ്ട് നടന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ആളുകള്‍ എന്ത് ചിന്തിക്കുമെന്നായിരുന്നു ചിന്ത. അനില്‍ കപൂറിന്റെ നായികയാകാന്‍ പോകുന്നുവെന്ന് അവരോട് പറഞ്ഞതാണ്. ഏഴ് ദിവസം ഞാന്‍ വീട് വിട്ട് പുറത്ത് പോയില്ല. പക്ഷെ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് അമ്മയാണ് ആത്മവിശ്വാസം നല്‍കിയത്'' ഉപാസന പറയുന്നു.
''പല സിനിമകളില്‍ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്. ഒരിക്കല്‍ നായകന്‍ തന്നെ ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് കഴിവുണ്ടെന്നും ഒരുനാള്‍ വിജയിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു. എന്തിനാണ് 21-ാം വയസില്‍ ജുദായ് ചെയ്തതെന്ന്, നായികയാകാമായിരുന്നല്ലോ എന്നോട് ആളുകള്‍ ചോദിക്കാറുണ്ട്. ഞാന്‍ തിയ്യറ്റര്‍ ചെയ്തിട്ടുണ്ട്. ചെറിയ സിനിമകളില്‍ നായികയാകുന്നതിന് പകരം വലിയ സിനിമകളില്‍ സപ്പോര്‍ട്ടിംഗ് റോളുകള്‍ ചെയ്യാമെന്ന് കരുതി. എനിക്ക് വേണ്ടി റെക്കമന്റ് ചെയ്യാന്‍ ആരുമില്ല. കാണിക്കാന്‍ എന്റെ വര്‍ക്ക് മാത്രമേയുള്ളൂ'' എന്നും താരം പറയുന്നുണ്ട്.


Click it and Unblock the Notifications











