ഒരേസമയം ഞങ്ങള്‍ രണ്ടുപേരേയും പ്രണയിച്ചു; മുന്‍കാമുകിയെപ്പറ്റി വരുണ്‍, അവളൊരു കില്ലാഡി തന്നെ!
ബോളിവുഡിലെ മുന്‍നിര നടന്മാരാണ് അര്‍ജുന്‍ കപൂറും വരുണ്‍ ധവാനും. ഇരുവരും സിനിമാ പാരമ്പര്യം മുതലാക്കി സിനിമയിലെത്തിയവരാണ്. തിരക്കുള്ള നടന്മാരായ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. ഓണ്‍ സ്‌ക്രീനില്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഓഫ് സ്‌ക്രീനില്‍ വളരെ അടുത്ത സൗഹൃദം ഇരുവര്‍ക്കുമിടയിലുണ്ട്. രസകരമായ ഒരുപാട് അനുഭവങ്ങള്‍ ഇരുവരും പങ്കിട്ടിട്ടുണ്ട്.
ബാരി ജോണിന്റെ കീഴില്‍ അഭിനയം പഠിക്കുന്ന കാലത്താണ് വരുണും അര്‍ജുനും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ഒരിക്കല്‍ തങ്ങള്‍ക്കിടയിലൊരു പെണ്‍കുട്ടി വന്നതിനെക്കുറിച്ച് വരുണും അര്‍ജുനും മനസ് തുറന്നിരുന്നു. രണ്ടു പേര്‍ക്കും ഇഷ്ടമുണ്ടായിരുന്ന പെണ്‍കുട്ടിയെക്കുറിച്ചാണ് ഇരുവരും മനസ് തുറന്നത്.

''അവള്‍ അര്‍ജുനുമായി സംസാരിച്ചിരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. അവള്‍ ഞങ്ങള്‍ രണ്ടുപേരേയും കറക്കിക്കളഞ്ഞു. ഇവന്‍ ക്ലാസില്‍ എന്നും മിണ്ടാതെയാണ് ഇരുന്നിരുന്നത്. ഞാന്‍ കരുതിയത് എന്നോട് മാത്രമാണ് സംസാരിച്ചിരുന്നത് എന്നാണ്. ക്ലാസില്‍ ഇവന്റെ ഏക കൂട്ടുകാരന്‍ ഞാനാണെന്നാണ് ഞാന്‍ കരുതിയത്. ആ പെണ്‍കുട്ടി എന്നെയൊരു ആഫ്റ്റര്‍ പാര്‍ട്ടിയ്ക്ക് കൊണ്ടു പോയി. മദ്യപിച്ചു. ഡാന്‍സ് ചെയ്തു. ഞാന്‍ കരുതി അവള്‍ക്ക് എന്നെ ഇഷ്ടമാണെന്ന്' വരുണ്‍ പറയുന്നു.
''നല്ല പൂസായിരുന്നതിനാല്‍ സത്യം പുറത്ത് വന്നു. എനിക്കും അര്‍ജുനുമിടയില്‍ ഒരു സംഭവമുണ്ടായെന്ന് അവള്‍ പറഞ്ഞു. പക്ഷെ ഞാന്‍ സീരിയസല്ലെന്നും എനിക്ക് നിന്നെയാണ് ഇഷ്ടമെന്നും പറഞ്ഞു'' എന്നാണ് വരുണ്‍ പറയുന്നത്. ഇത് കേട്ടതും താനാകെ തകര്‍ന്നു പോയെന്നാണ് വരുണ്‍ ഓര്‍ക്കുന്നത്. അവന് ഇത് എന്നോട് പറയുകയെങ്കിലും ചെയ്യാമായിരുന്നു. എന്നാല്‍ വരുണ്‍ എല്ലാ പെണ്‍കുട്ടികളോടും പഞ്ചാരയടിക്കും, ഗരം മസാല സിനിമ വരുണിന്റെ ജീവിതമാണെന്നായിരുന്നു അര്‍ജുന്റെ പ്രതികരണം.
എന്തായാലും ആ സംഭവം ഇരുവരുടേയും സൗഹൃദത്തെ തകര്‍ത്തില്ല. ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പരസ്പരം ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം കൈമാറാറുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങളും എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.
സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനായ വരുണ്‍ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് അരങ്ങേറിയത്. അതേസമയം നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകനായ അര്‍ജുന്റെ അരങ്ങേറ്റ ചിത്രം ഇഷഖ്‌സാദെയായിരുന്നു. ഇരുവരുടേയും തുടക്കം വിജയത്തോടെ തന്നെയായിരുന്നു. പിന്നീട് കരിയറില്‍ മുന്നോട്ട് കുതിക്കുകയായിരുന്നു വരുണും അര്‍ജുനും.

മേം തേരാ ഹീറോ, ബദ്‌ലാപൂര്‍, ഹംറ്റി ശര്‍മ കി ദുല്‍ഹനിയ, എബിസിഡി 2, ഒക്ടോബര്‍, സ്ട്രീറ്റ് ഡാന്‍സര്‍ തുടങ്ങി നിരവധി ഹിറ്റുകളിലെ നായകനായി എത്തിയാണ് വരുണ്‍ ധവാന്‍ താരമാകുന്നത്. ഭേഡിയ ആണ് വരുണിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. അതേസമയം ബവാല്‍ ആണ് വരുണിന്റെ പുതിയ സിനിമ. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക.
പിന്നാലെ ഒടിടിയിലേക്കും ചുവടുവെക്കുകയാണ് വരുണ്‍ ധവാന്‍. റൂസോ സഹോദരന്മാര്‍ ഒരുക്കിയ സിറ്റഡലിന്റെ ഹിന്ദി പതിപ്പിലാണ് വരുണ്‍ അഭിനയിക്കുന്നത്. സമാന്തയാണ് നായിക. രാജും ഡികെയുമാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്. ആമസോണ്‍ പ്രൈം സീരീസായ സിറ്റഡലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.


Click it and Unblock the Notifications











