അവന്‍ എന്റെ മകനല്ലാതായി, കത്തി കിട്ടിയിരുന്നേല്‍ എന്നെ കുത്തി കൊന്നേനെ! വരുണിനെക്കുറിച്ച് അമ്മ
ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് വരുണ്‍ ധവാന്‍. സിനിമാ കുടുംബത്തില്‍ നിന്നുമാണ് വരുണ്‍ സിനിമയിലെത്തുന്നത്. ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍. കരണ്‍ ജോഹര്‍ ഒരുക്കിയ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ആയിരുന്നു വരുണിന്റെ ആദ്യത്തെ സിനിമ. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടാന്‍ വരുണിന്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഇന്ന് ബോളിവുഡിലെ തിരക്കുള്ള നടനാണ് വരുണ്‍ ധവാന്‍. തുടക്കത്തില്‍ പലരും വരുണിനെ കോമഡിയും റൊമാന്‍സും മാത്രം ചെയ്യാന്‍ സാധിക്കുന്ന നടന്‍ എന്ന രീതിയിലായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ തന്നിലെ അഭിനേതാവിനെ വരുണ്‍ കാണിച്ചു തന്ന സിനിമകളായിരുന്നു ബദ്‌ലാപൂരും ഒക്ടോബറും.

ബദ്‌ലാപൂരിലെ നെഗറ്റീവ് ഷെയ്ഡുള്ള രഘു എന്ന കഥാപാത്രം വരുണിന്റെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ഈ സിനിമ വിലയിരുത്തപ്പെടുന്നത്. ചിത്രത്തിലെ കഥാപാത്രമായി മാറുന്നതായി വളരെയധികം ഹോം വര്‍ക്കും കഠിനാധ്വാനവും വരുണിന് ചെയ്യേണ്ടി വന്നിരുന്നു.
വരുണിന്റെ തയ്യാറെടുപ്പ് കാരണം അമ്മ ഭയന്നു പോവുക വരെ ചെയ്തിരുന്നുവെന്നതാണ് സത്യം. 2015 ല്‍ പുറത്തിറങ്ങിയ ബദ്‌ലാപൂര്‍ വരുണിനെക്കുറിച്ചുള്ള കടുത്ത ആരാധകരുടെ പോലും കാഴ്ചപ്പാട് മാറ്റുന്നതായിരുന്നു. വയലന്‍സ് നിറഞ്ഞ കഥാപാത്രവും സിനിമയും വരുണിന്റെ പ്രകടനത്തിന്റെ പേരിലാണ് കയ്യടി നേടുന്നതും വലിയ വിജയമായി മാറുന്നത്. ചിത്രത്തിന് വേണ്ടി വരുണ്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് അമ്മ കരുണ ധവാന്‍ വെളിപ്പെടുത്തുകയുണ്ടായി.
ബദ്‌ലാപൂരിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വരുണിന്റെ അമ്മ മനസ് തുറന്നത്. ''ഇത് എന്റെ മകന്‍ അല്ലെന്ന് പോലും എനിക്ക് തോന്നിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അവന്റെ കൈയ്യിലൊരു കത്തിയുണ്ടായിരുന്നുവെങ്കില്‍ എന്നെ കുത്തിയേനെ എന്ന് തോന്നി. അവന്റെ സ്വഭാവത്തിലുണ്ടായ മാറ്റം എന്നെ ഭയപ്പെടുത്തുന്നതായിരുന്നു. പക്ഷെ അവന്റെ നല്ലതിന് വേണ്ടിയാണെന്ന് എനിക്കറിയാമായിരുന്നു'' എന്നാണ് അവര്‍ പറഞ്ഞത്.
ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബദ്‌ലാപൂര്‍. നവാസുദ്ദീന്‍ സിദ്ധീഖിയായിരുന്നു ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയത്. ഹുമ ഖുറേഷി, രാധിക ആപ്‌തെ, യാമി ഗൗതം, ദിവ്യ ദത്ത തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു.
വരുണ്‍ ധവാന്റെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ജുഗ് ജുഗ് ജിയോ ആണ് വരുണിന്റെ പുതിയ സിനിമ. രാജ് മെഹ്തയാണ് സിനിമയുടെ സംവിധാനം. കിയാര അദ്വാനി, അനില്‍ കപൂര്‍, നീതു സിംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ട്രെയിലറും പാട്ടുമൊക്കെ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











