'പ്രണയം നിരസിച്ചതിന് ശ്രദ്ധ കൂട്ടുകാരെ വിട്ട് തല്ലിച്ചു'; 10-ാം വയസിലെ പ്രണയത്തെപ്പറ്റി വരുണ്‍
താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയവരാണ് വരുണ്‍ ധവാനും ശ്രദ്ധ കപൂറും. ബോളിവുഡിലെ ഐക്കോണിക് സിനിമകളില്‍ പലതും സംവിധാനം ചെയ്ത ഡേവിഡ് ധവാന്‍ ആണ് വരുണിന്റെ പിതാവ്. നടന്‍ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ കപൂര്‍. ഡേവിഡിന്റെ നിരവധി സിനിമകളില്‍ ശക്തി കപൂര്‍ അഭിനയിച്ചിട്ടുണ്ട്. ഒരേ സര്‍ക്കിളില്‍ ഉള്ളതിനാല്‍ തന്നെ കുട്ടിക്കാലം മുതല്‍ തന്നെ സുഹൃത്തുക്കളാണ് ശ്രദ്ധയും വരുണും.
ശ്രദ്ധയും വരുണും സിനിമയിലെത്തിയ ശേഷം ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. എബിസിഡി, സ്ട്രീറ്റ് ഡാന്‍സര്‍ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ശ്രദ്ധ പ്രധാന വേഷത്തിലെത്തിയ സ്ത്രീ 2വില്‍ വരുണ്‍ അതിഥി വേഷത്തിലുമെത്തിയിരുന്നു. ഇരുവരുടേയും സൗഹൃദത്തെക്കുറിച്ചുള്ള കഥകളെല്ലാം ബോളിവുഡില്‍ സജീവമാണ്.

കുട്ടിക്കാലത്ത് തനിക്ക് വരുണ്‍ ധവാനോട് ക്രഷ് തോന്നിയിരുന്നുവെന്ന് ഒരിക്കല്‍ ശ്രദ്ധ കപൂര്‍ വെളിപ്പെടുത്തിയിരുന്നു. എട്ട് വയസായിരുന്നു ശ്രദ്ധയ്ക്കും വരുണിനും അപ്പോള്‍. ഒരു നാള്‍ അച്ഛന്മാരുടെ സിനിമയുടെ ലൊക്കേഷനില്‍ വച്ച് തന്റെ ഇഷ്ടം വരുണിനോട് പറഞ്ഞതിനെക്കുറിച്ചും ശ്രദ്ധ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു മലയുടെ മുകളില്‍ കൊണ്ടു പോയ ശേഷമാണ് ശ്രദ്ധ വരുണിനോട് മനസ് തുറന്നത്.
എന്നാല്‍ ശ്രദ്ധയുടെ പ്രണയാര്‍ഭ്യര്‍ത്ഥന കേട്ട വരുണ്‍ ധവാന്‍ പേടിച്ച് അവിടെ നിന്നും ഓടിപ്പോവുകയാണ് ചെയ്തത്. വരുണ്‍ തന്റെ പ്രണയം നിരസിച്ചത് തന്റെ കുഞ്ഞ് മനസിലെ വേദനിപ്പിച്ചുവെന്നും ശ്രദ്ധ പറഞ്ഞിരുന്നു. രസകരമായ ഈ കഥ ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ ആ കഥയുടെ ബാക്കി പങ്കുവെക്കുകയാണ് വരുണ്‍ ധവാന്‍. കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തിലാണ് വരുണ്‍ ഇക്കാര്യം പറയുന്നത്.
ശ്രദ്ധയുടെ പത്താം പിറന്നാള്‍ ആഘോഷത്തിലാണ് ആ കഥയുടെ തുടര്‍ച്ചയുണ്ടാകുന്നത്. സുഹൃത്തായതിനാല്‍ വരുണിനും ക്ഷണമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ശ്രദ്ധയുടെ മറ്റ് ചില സുഹൃത്തുക്കളും എത്തിയിരുന്നു. അതില്‍ നാല് ആണ്‍കുട്ടികളുമുണ്ടായിരുന്നു. അവര്‍ക്ക് ശ്രദ്ധയെ ഇഷ്ടമായിരുന്നു. തന്നെ കണ്ടതും അവര്‍ വളഞ്ഞു. നിനക്ക് എന്തുകൊണ്ടാണ് ശ്രദ്ധയെ ഇഷ്ടമില്ലാത്തത് എന്ന് അവര്‍ വരുണിനോട് ചോദിച്ചു.

തനിക്ക് ഇഷ്ടം ഡാന്‍സിനോടാണെന്നായിരുന്നു വരുണിന്റെ മറുപടി. അത് പറ്റില്ല, അവളെ ഇഷ്ടപ്പെടണം എന്ന് കൂട്ടുകാര്‍ പറഞ്ഞു. പിന്നാലെ അവര്‍ അതും പറഞ്ഞ് തന്നെ ഇടിക്കാന്‍ തുടങ്ങിയെന്നാണ് വരുണ്‍ പറയുന്നത്. ശ്രദ്ധയുടെ പ്രണയാര്‍ഭ്യര്‍ത്ഥന നിരസിച്ചതിന് തന്നെ അവര്‍ തല്ലിയെന്നാണ് വരുണ്‍ പറയുന്നത്. എന്നിട്ടും താന്‍ ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. ആ മത്സരത്തില്‍ ശ്രദ്ധയും പങ്കെടുത്തിരുന്നു. ശ്രദ്ധയ്ക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചതെന്നും വരുണ്‍ ഓര്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം താനും ശ്രദ്ധയും വീണ്ടും സുഹൃത്തക്കളായി മാറിയെന്നാണ് വരുണ്‍ പറയുന്നത്.
അതേസമയം ബേബി ജോണ്‍ ആണ് വരുണ്‍ ധവാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴ് ചിത്രം തെറിയുടെ റീമേക്കാണ് ബേബി ജോണ്‍. സ്ത്രീ 2 ആണ് ശ്രദ്ധയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം വലിയ വിജയമായി മാറിയിരുന്നു. ബോളിവുഡിലെ തന്നെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് സ്ത്രീ 2.


Click it and Unblock the Notifications











