ചുവന്ന വിവാഹ വേഷത്തില്‍ വീട്ടിലേക്ക് കയറി വന്ന യുവതി; അച്ഛനും അമ്മയും ഭയന്നു പോയി: വിക്കി കൗശല്‍
ബോളിവുഡിലെ യുവനടന്മാരില്‍ മുന്‍നിരയിലാണ് വിക്കി കൗശലിന്റെ സ്ഥാനം. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള വിക്കി കൗശലിന്റെ ബോളിവുഡിന്റെ മുഖ്യധാരയിലേക്കുള്ള വളര്‍ച്ച നാളുകളുടെ യാത്രയാണ്. ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കാറുള്ള വിക്കി കൗശല്‍ ഓഫ് സ്‌ക്രീനില്‍ തന്റെ മാന്യത കൊണ്ടും എനര്‍ജി കൊണ്ടുമൊക്കെ കയ്യടി നേടാറുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് വിക്കി കൗശല്‍. താരത്തിന്റെ ഡാന്‍സ് വീഡിയോകളും അഭിമുഖങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വിക്കിയുടെ പുതിയ സിനിമയായ സാം ബഹാദൂര്‍ ബോക്‌സ് ഓഫീസിലെത്തിയിരിക്കുകയാണ്. ഇതിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് വിക്കി കൗശല്‍. ഇതിനിടെ വിക്കി പറഞ്ഞ വാക്കുകള്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്.

താരങ്ങളോടുള്ള ആരാധനമൂലം ആരാധകര്‍ ചെയ്തു കൂട്ടാറുള്ള കാര്യങ്ങള്‍ക്ക് പരിധിയില്ല. പലപ്പോഴും തങ്ങളുടെ ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന കാര്യങ്ങള്‍ ആരാധകര്‍ ചെയ്യാറുണ്ട്. തനിക്കുണ്ടായി രസകരമായൊരു അനുഭവം പങ്കുവെക്കുകയാണ് വിക്കി കൗശല്‍. മുംബൈയില്‍ ഒരു കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെയായിരുന്നു വിക്കി കൗശല്‍ രസകരമായ സംഭവത്തെക്കുറിച്ച് സംസാരിച്ചത്.
താന്‍ നേരിട്ട ഏറ്റവും അസാധാരണ ഫാനിനെക്കുറിച്ച് സംസാരിക്കാന്‍ പറഞ്ഞപ്പോഴായിരുന്നു വിക്കി മനസ് തുറന്നത്. '' സത്യസന്ധമായി പറയുകയാണെങ്കില്‍ എനിക്കങ്ങനെ അസാധാരണ അനുഭവങ്ങളൊന്നുമില്ല. മറ്റ് പലരും തങ്ങളുടെ അസാധാരണ അനുഭവങ്ങള്‍ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ഭാഗ്യവശാല്‍ എനിക്ക് അങ്ങനൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. പക്ഷെ ഒരിക്കല്‍ ഒരു സ്ത്രീ എന്റെ വീട്ടില്‍ ചുവന്ന നിറത്തിലുള്ള വിവാഹ വേഷമൊക്കെ ധരിച്ച് വന്നിട്ടുണ്ട്. ഭാഗ്യത്തിന് ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. പക്ഷെ എന്റെ അച്ഛനും അമ്മയും പേടിച്ചു പോയി'' എന്നാണ് വിക്കി പറയുന്നത്.
''പക്ഷെ അതും മനോഹരമായിരുന്നു. ടെന്‍ഷന്‍ അടിക്കേണ്ടതല്ല. ഇറ്റ് വാസ് സ്വീറ്റ്. ഇതുവരെ എനിക്ക് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അവര്‍ എന്നോട് സ്‌നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്'' എന്നാണ് വിക്കി പറയുന്നത്. അതേസമയം മികച്ച പ്രതികരണങ്ങളാണ് സാം ബഹാദൂര്‍ നേടുന്നത്. ചിത്രത്തിലെ വിക്കിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. വിക്കിയുടെ പത്‌നിയും ബോളിവുഡ് താരവുമായ കത്രീന ചിത്രത്തെ വിശേഷിപ്പിച്ചത് ക്ലാസിക്, പോയറ്റിക് എന്നൊക്കെയായിരുന്നു.

മേഘന ഗുല്‍സാര്‍ ആണ് സിനിമയുടെ സംവിധാനം. സാന്യ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം ഷാരൂഖ് ഖാന്‍ നായകനായ ഡങ്കിയാണ് വിക്കിയുടെ ഏറ്റവും പുതിയ സിനിമ. പിന്നാലെ മേരെ മെഹബൂബ് മേരെ സനം എന്നൊരു സിനിമയും അണിയറയിലുണ്ട്.
ലവ് ഷവ് തേ ചിക്കന്‍ ഖുറാനെയിലൂടെയാണ് വിക്കിയുടെ അഭിനയ അരങ്ങേറ്റം. മാസാനിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് രമണ്‍ രാഘവ്, ലവ് പേ സ്‌ക്വയര്‍ ഫൂട്ട്, റാസി, ലസ്റ്റ് സ്റ്റോറീസ്, സഞ്ജു, മന്‍മര്‍സിയാന്‍, ഉറി, സര്‍ദ്ദാര്‍ ഉദ്ദം, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഉറിയിലെ പ്രകടനത്തിനാണ് വിക്കിയെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരമെത്തുന്നത്. വിക്കിയുടേയും കത്രീന കൈഫിന്റേയും പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നു.


Click it and Unblock the Notifications











