അവരുടെ ചോദ്യം എന്നെ അസ്വസ്ഥയാക്കി, ഭർത്താവിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി; വിദ്യ ബാലൻ പറയുന്നു
ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് വിദ്യ ബാലൻ. ബോൾഡായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയിട്ടുള്ള വിദ്യ ആകർഷകമായ വ്യക്തിത്വത്തിനും ഉടമയാണ്. തെന്നിന്ത്യൻ സിനിമയിൽ ഭാഗ്യമില്ലാത്ത നായികയെന്ന് മുദ്രകുത്തപ്പെട്ട ശേഷമാണ് വിദ്യ ബോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബോളിവുഡിൽ സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു താരം.
ഇന്ന് ബോളിവുഡിലെ പകരക്കാരില്ലാത്ത താരറാണിയാണ് വിദ്യ ബാലന്‍. സ്ഥിരം നായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ വിദ്യയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം എത്തിയിട്ടുണ്ട്. എന്നാൽ ബോളിവുഡിലെ ഗ്ലാമറസ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തുക എന്നത് വിദ്യ ബാലനെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. ശരീരഭാരത്തിന്റെ പേരിലും മറ്റും പരിഹാസങ്ങൾ നേരിടുകയും സിനിമയിൽ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യമെല്ലാം ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ, ശരീര ഭാരത്തിന്റെ പേരിൽ താൻ നേരിട്ട വിമർശനങ്ങളെ കുറിച്ചും അടുത്തിടെ ഇതുകാരണം പൊട്ടിക്കരഞ്ഞതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് വിദ്യ ബാലൻ. ലൈഫ്‌സ്‌റ്റൈൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ മനസുതുറന്നത്. ഈ പരിഹാസങ്ങളെ തുടർന്ന് ഏറെ കാലം തന്റെ ശരീരത്തെ വെറുത്ത താൻ ഒടുവിൽ തന്റെ ശരീരത്തെ അതേപടി സ്വീകരിക്കാനും സ്നേഹിക്കാനും പഠിച്ചുവെന്നും വിദ്യ ബാലൻ പറഞ്ഞു.
അടുത്തിടെ മസാജിങ്ങിനിടെ മസാജ് ചെയ്യുന്നയാൾ തന്റെ ശരീരഭാരത്തെക്കുറിച്ച് അഭിപ്രായപ്പെട്ടപ്പോൾ താൻ അസ്വസ്ഥയായെന്നും പൊട്ടിക്കരഞ്ഞു എന്നുമാണ് വിദ്യ ബാലൻ പറയുന്നത്. ഈ സംഭവം തന്നെ വല്ലാതെ അസ്വസ്ഥയാക്കിയെന്നും, തനിക്ക് ഇഷ്ടമല്ലാത്തതിനാൽ തന്റെ ശരീരത്തെ കുറിച്ച് അഭിപ്രായം പറയരുതെന്ന് യുവതിയോട് പറഞ്ഞതായും വിദ്യ പങ്കുവെച്ചു.
'ഞാൻ ബോഡി മസാജ് ചെയ്യുകയായിരുന്നു. വീണ്ടും വണ്ണം വച്ചോ എന്ന് ആ സ്ത്രീ എന്നോട് ചോദിച്ചു. ഒന്നാമത്തെ കാര്യം എനിക്ക് വളരെ അടുപ്പമുള്ള ആളായിരുന്നു. എന്റെ ശരീരം മസാജ് ചെയ്യുന്ന ആളെന്ന നിലയിൽ ഞാൻ അവരെ വിശ്വസിച്ചു. ഞാൻ പോയത് മസാജ് ചെയ്യാനാണ് എന്റെ ശരീരത്തെ അവർ വിലയിരുത്താൻ വേണ്ടി ആയിരുന്നില്ല. അവരോട് എന്റെ ശരീരത്തെ കുറിച്ച് അഭിപ്രായം പറയരുത്. അത് ഞാൻ ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞു',

'അതുകഴിഞ്ഞ് ഭർത്താവ് സിദ്ധാർത്ഥിനെ കണ്ടപ്പോൾ, ഞാൻ ശരിക്കും കരഞ്ഞു പോയി, 'ആളുകൾ എന്തിനാണ് ഇത് ചെയ്യുന്നത്? എന്തിനാണ് അവർ എന്നോട് ഇത് പറയുന്നത്?' എന്ന് ചിന്തിച്ചു. വളരെ തിരക്കുള്ള ആഴ്ച ആയതിനാൽ ഞാൻ ആകെ തളർന്നിരിക്കുകയായിരുന്നു. എനിക്ക് ആവശ്യമായ മെസേജ് ആയിരുന്നു ഇത്. എന്നാൽ ആദ്യത്തെ 10 മിനിറ്റിനുള്ളിൽ ഇത് സംഭവിച്ചു. പിന്നെ എനിക്ക് റിലാക്സ് ചെയ്യാൻ കഴിഞ്ഞില്ല. അതിനാലാണ് പുറത്തുവന്ന് സിദ്ധാർത്ഥിനെ കണ്ടപ്പോൾ ഞാൻ അടക്കി പിടിച്ചിരുന്നതെല്ലാം പുറത്തുവന്നത്,' വിദ്യ ബാലൻ പറഞ്ഞു.
താൻ സോഷ്യൽ മീഡിയയിലെ കമന്റുകൾ വായിക്കാറില്ലെന്നും ജ്യോത്സ്യന്മാരെ കാണാറില്ലെന്നും നടി പറഞ്ഞു. പത്രങ്ങൾ പോലും വായിക്കാറില്ലെന്നും തന്നെ അസ്വസ്ഥയാക്കുന്ന എല്ലാത്തിൽ നിന്നും മാറി നിൽക്കാനാണ് ശ്രമിക്കാറുള്ളതെന്നും വിദ്യ വ്യക്തമാക്കി. 'ആരെങ്കിലും എനിക്ക് കംഫർട്ടബിൾ അല്ലെന്നും തോന്നുന്നുവോ ഞാൻ അവരിൽ നിന്നും മാറി നിൽക്കാനാണ് ശ്രമിക്കുക. അവരിൽ നിന്നും അകലം പാലിക്കും. അതെന്റെ ചോയ്‌സാണ്. അവരെ മാറ്റാനോ അവർ പ്രതികരിക്കുന്ന രീതി മാറ്റാനോ എനിക്ക് കഴിയില്ല. പക്ഷെ ഞാൻ എങ്ങനെ പ്രതികരിക്കുന്നു എന്ന് തീരുമാനിക്കാൻ കഴിയും', വിദ്യ ബാലൻ പറഞ്ഞു.


Click it and Unblock the Notifications