ഏറ്റവും പ്രിയപ്പെട്ട അയാളാണ് ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്, ഇറങ്ങിപ്പോരേണ്ടി വന്നു; തുറന്നടിച്ച് വിദ്യ
തന്റെ കരിയറിലെ വെല്ലുവിളികള്‍ക്കൊപ്പം നിരന്തരം ബോഡി ഷെയ്മിംഗ് പോലുള്ള അധിക്ഷേപണങ്ങളും വിദ്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ കരിയറിലുടനീളം ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യ ബാലന്.
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് വിദ്യ ബാലന്‍. നൂറ് കോടി ക്ലബ്ബും സൂപ്പര്‍ ഹിറ്റുകളുമൊക്കെ പുരുഷ താരങ്ങളുടെ മാത്രം കുത്തകയാണെന്ന ധാരണ തിരുത്തിയ താരം. തീയേറ്ററില്‍ ആളു കയറാന്‍ നടന്മാരുടെ മുഖം പോസ്റ്ററില്‍ വേണ്ടെന്ന് കാണിച്ചു തന്ന സൂപ്പര്‍ നായിക. ബോളിവുഡിലെ വേരുകളൊന്നുമില്ലാതെയാണ് വിദ്യ ബാലന്‍ തന്റേതായൊരു ഇടം കണ്ടെത്തുന്നത്. തുടക്കം മുതല്‍ക്കു തന്നെ തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്.
മലയാളത്തിലൂടെയായിരുന്നു വിദ്യ ബാലന്‍ അരങ്ങേറാനിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയ ശേഷവും അല്ലാതെയുമൊക്കെയായി മുടങ്ങിപ്പോയ പതിമൂന്ന് ചിത്രങ്ങളില്‍ ഒന്നായിമാറി വിദ്യയുടെ ആദ്യ മലയാള ചിത്രവും. തുടര്‍ന്ന് പരിനീത എന്ന ചിത്രത്തിലൂടെ വിദ്യ ബാലന്‍ ബോളിവുഡിലെത്തി. ടെലിവിഷനിലൂടെയാണ് വിദ്യ ബാലന്‍ ശ്രദ്ധ നേടുന്നത്. മ്യൂസിക് വീഡിയോകളിലും അഭിനയിച്ചു. തുടര്‍ന്നാണ് ബോളിവുഡ് എന്‍ട്രി കിട്ടുന്നത്.

തന്റെ കരിയറിലെ വെല്ലുവിളികള്‍ക്കൊപ്പം നിരന്തരം ബോഡി ഷെയ്മിംഗ് പോലുള്ള അധിക്ഷേപണങ്ങളും വിദ്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ കരിയറിലുടനീളം ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യ ബാലന്. അതേസമയം ഏറ്റവും വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായിട്ടുള്ളത് അടുപ്പമുള്ളവരില്‍ നിന്നാണെന്നാണ് വിദ്യ ബാലന്‍ പറയുന്നത്. അത്തരത്തില്‍ ഒരാളില്‍ നിന്നും താന്‍ അകലം പാലിച്ചതിനെക്കുറിച്ചാണ് വിദ്യ ഇപ്പോള്‍ മനസ് തുറന്നിരിക്കുന്നത്.
വേണ്ടപ്പെട്ടവരില്‍ ഒരാളായിരുന്നുവെങ്കിലും കുടുംബത്തിലുള്ളയാളല്ലെന്നാണ് വിദ്യ ബാലന്‍ പറയുന്നത്. എന്നാല്‍ ആരാണ് ആ വ്യക്തിയെന്ന് മാത്രം വിദ്യ ബാലന്‍ വ്യക്തമാക്കിയില്ല. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിദ്യ ബാലന്‍ മനസ് തുറന്നത്. ഒരിക്കല്‍ ഈ വ്യക്തി നടത്തിയൊരു പരാമര്‍ശം തന്നെ വല്ലാതെ അലട്ടിയെന്നാണ് താരം ഫറയുന്നത്. ബോഡി ഷെയ്മിംഗിന് എതിരേയും അവനവനെ അംഗീകരിക്കുന്നതിനെക്കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കാറുള്ള താരമാണ് വിദ്യ ബാലന്‍.
''എപ്പോഴും ഏറ്റവും അടുപ്പമുള്ളവരായിരിക്കും ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക. ഞാന്‍ കുടുംബത്തിലുള്ളവരെക്കുറിച്ചല്ല പറയുന്നത് എന്ന് മാത്രം പറയാം. ഇപ്പോള്‍ ആ വ്യക്തി ആരെന്നത് അപ്രസക്തമാണ്. നമ്മള്‍ക്ക് വളരെ വേണ്ടപ്പെട്ടവര്‍, നമ്മളെക്കുറിച്ച് മോശം വാക്കുകള്‍ പറയുമ്പോഴും നമ്മളെ ബോഡി ഷെയിം ചെയ്യുമ്പോഴും, അവര്‍ പിന്തുണയ്ക്കാത്തപ്പോഴും നല്ലതല്ല. നമുക്ക് ചെയ്യാനുള്ള ഒരേയൊരു കാര്യം മാറിപ്പോവുക എന്നത് മാത്രമാണ്. ഞാനത് ചെയ്തു. ഞാനത് ചെയ്തതില്‍ ഒരുപാട് സന്തോഷിക്കുന്നുണ്ട്. ആ വ്യക്തിയെ വിധിക്കുകയല്ല. പക്ഷെ എനിക്ക് ഇതിലും നല്ലത് വരാനുണ്ടെന്ന തോന്നലായിരുന്നു'' എന്നാണ് വിദ്യ ബാലന്‍ പറഞ്ഞത്.

ഇതേ അഭിമുഖത്തില്‍ കാസ്റ്റിംഗ് കൗച്ചില്‍ നിന്നും താന്‍ കഷ്ടിച്ച് രക്ഷപ്പെട്ടതിനെക്കുറിച്ചും വിദ്യ ബാലന്‍ സംസാരിക്കുന്നുണ്ട്. ''എനിക്ക് മനസിലായില്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു. പക്ഷെ ഞാന്‍ ബുദ്ധിപരമായൊരു കാര്യം ചെയ്തു. മുറിയിലേക്ക് ചെന്നപ്പോള്‍ ഞാന്‍ വാതില്‍ തുറന്നിട്ടു. അതോടെ തനിക്കുള്ള ഒരേയൊരു വഴി പുറത്തേക്കുള്ളതാണെന്ന് അയാള്‍ക്ക് മനസിലായി. അതിനാല്‍ എനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. ഒന്നും ആവശ്യപ്പെടുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. അത് എനിക്ക് തോന്നിയൊരു വൈബായിരുന്നു. ഞാന്‍ അതിനോട് പ്രതികരിച്ചു. ഒരു സ്ത്രീയുടെ ഉള്‍പ്രേരണയാണത്. അതിന് ശേഷം എന്നെ ആ സിനിമയില്‍ നിന്നും പുറത്താക്കി'' എന്നാണ് വിദ്യ പറയുന്നത്.
അതേസമയം ജല്‍സയാണ് വിദ്യയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രെെമിലൂടെയായിരുന്നു സിനിമയുടെ റിലീസ്. ഷഫാലി ഷായായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. നീയത്ത് ആണ് വിദ്യയുടെ അണിയറയിലുള്ള സിനിമ. ധാരാളം ചിത്രങ്ങളും വിദ്യയുടേതായി വേറേയും ഒരുങ്ങുന്നുണ്ട്. പേരിടാത്തൊരു ചിത്രവും അണിയറയിലുണ്ട്.


Click it and Unblock the Notifications