പ്രായം 37, കരിയറില്‍ പീക്കില്‍; ഞെട്ടിച്ച് വിക്രാന്ത് മാസിയുടെ വിരമിക്കല്‍; പിആര്‍ സ്റ്റണ്ട് ആണോയെന്ന് ആരാധകർ
ആരാധകരെ ഞെട്ടിച്ചു കൊണ്ട് നടന്‍ വിക്രാന്ത് മാസി. 37-ാം വയസില്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന വിക്രാന്ത് ആരാധകരേയും സിനിമാ ലോകത്തേയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 20 വര്‍ഷം നീണ്ട കരിയറില്‍ സിനിമകളിലും ഒടിടി സീരീസുകളിലും മിന്നും പ്രകടനം കാഴ്ചവച്ചിട്ടുള്ള വിക്രമാന്ത് മാസി ഈ തലമുറയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ട്വല്‍ത്ത് മാനിലെ നായകന്‍ ആണ് വിക്രാന്ത് മാസി. പിന്നാലെ വന്ന സെക്ടര്‍ 36 ലും തന്റെ പ്രകടനത്തിലൂടെ വിക്രാന്ത് മാസി അമ്പരപ്പിച്ചിരുന്നു. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ വിക്രാന്ത് മാസി വിരമിക്കല്‍ പ്രഖ്യാപിച്ചത് എന്തിനെന്നാണ് ആരാധകര്‍ ഒരേശബ്ദത്തില്‍ ചോദിക്കുന്നത്. കമ്മിറ്റ് ചെയ്തിരിക്കുന്ന രണ്ട് സിനിമകള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം അഭിനയം നിര്‍ത്തുമെന്നാണ് വിക്രാന്ത് മാസി പറയുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിക്രാന്ത് മാസി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ''കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് എല്ലാവരോടും നന്ദി പറയുന്നു. പക്ഷെ ഇത് വീട്ടിലേക്ക് തിരികെ പോകേണ്ട സമയമാണ് എന്ന് തിരിച്ചറിയുന്നു. ഭര്‍ത്താവ് എന്ന നിലയിലും, അച്ഛന്‍ എന്ന നിലയിലും, മകന്‍ എന്ന നിലയിലും, നടന്‍ എന്ന നിലയിലും. അതിനാല്‍ 2025ല്‍ ഒരിക്കല്‍ കൂടി അവസാനമായി നമ്മള്‍ കാണും. സമയം ശരിയാകുന്നത് വരെ. അവസാനത്തെ രണ്ട് സിനിമകളും ഒരുപാട് വര്‍ഷങ്ങളുടെ ഓര്‍മ്മകളും ബാക്കിയാക്കി. ഒരിക്കല്‍ കൂടി നന്ദി പറയുന്നു. എല്ലാത്തിനും. എന്നെന്നും കടപ്പെട്ടിരിക്കുന്നു'' എന്നാണ് താരം കുറിച്ചത്.
താരത്തിന്റെ പ്രഖ്യാപനം ആരാധകരിലും സിനിമാ ലോകത്തും വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. സിനിമയില്‍ വേരുകളൊന്നുമില്ലാതെ കടന്നു വന്ന നടനാണ് വിക്രാന്ത് മാസി. സ്വന്തമായൊരു ഇടം കണ്ടെത്താനും വര്‍ഷങ്ങള്‍ വേണ്ടി വന്നു. അങ്ങനെയുള്ളപ്പോള്‍ കരിയറില്‍ ഏറ്റവും മികച്ച സമയത്തിലെത്തി നില്‍ക്കെ എന്തിനാണ് വിരമിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം വിക്രാന്ത് മാസി ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരികെ വരുമെന്നാണ് ചിലരുടെ വിലയിരുത്തല്‍. വിക്രാന്തിനെ പോലൊരു പ്രതിഭയ്ക്ക് അത്രകാലം മാറി നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് ചിലര്‍ പറയുന്നത്. അതേസമയം ഇതൊരു പിആര്‍ സ്റ്റണ്ട് ആണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്തായാലും അഭിനയിക്കാത്ത കാലം വിക്രാന്ത് മാസിയെ മിസ് ചെയ്യുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

സബര്‍മതി എക്‌സ്പ്രസ് ആണ് വിക്രാന്ത് മാസിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരം ഇപ്പോള്‍ രണ്ട് സിനിമകളിലാണ് അഭിനയിക്കുന്നത്. യാര്‍ ജിഗ്രിയും ആംഗോന്‍ കി ഗുസ്താക്കിയാനും. ടെലിവിഷനിലൂടെയാണ് വിക്രാന്ത് മാസി സിനിമയിലെത്തുന്നത്. ഡെത്ത് ഇന്‍ ദ ഗഞ്ച്, ലൂട്ടേര, ഛപാക്, ഹസീന്‍ ദില്‍രുബ, ഫോറന്‍സിക്, 12ല്‍ത്ത് ഫെയില്‍, സെക്ടര്‍ 36, ഫിര്‍ ആയി ഹസീന്‍ ദില്‍രുബ, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 12ല്‍ത്ത് ഫെയില്‍ 2023 ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു.


Click it and Unblock the Notifications