'ഷാരൂഖ് അന്ന് 200 രൂപ തന്നു; ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളായിരുന്നു അത്': പ്രിയാമണി പറയുന്നു
മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം നേടിയിട്ടുള്ള നടിയാണ് പ്രിയാമണി. തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള താരം ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തിരക്കഥ, പ്രാഞ്ചിയേട്ടൻ, ഗ്രാന്റ് മാസ്റ്റർ എന്നിങ്ങനെ പ്രിയാമണി മലയാളത്തിൽ ചെയ്ത സിനിമകൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നവയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സിനിമകളിൽ സജീവമാണ് താരം. അതിനിടെ ദേശീയ പുരസ്‌കാരങ്ങൾ അടക്കം നിരവധി നേട്ടങ്ങളും പ്രിയാമണി സ്വന്തമാക്കി.
തെലുങ്ക് സിനിമയിലൂടെ ആയിരുന്നു പ്രിയാമണിയുടെ അരങ്ങേറ്റം പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കുമെല്ലാം എത്തുകയായിരുന്നു. രാവൺ എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിൽ സാന്നിധ്യം അറിയിക്കുന്നത്. എന്നാൽ ചെന്നൈ എക്സ്പ്രസിലെ സൂപ്പർഹിറ്റ് ഗാനത്തിൽ ഡാൻസറായി എത്തിയതോടെയാണ് കൂടുതൽ ശ്രദ്ധനേടുന്നത്. പിന്നീട് ഫാമിലി മാൻ ഉളപ്പടെയുള്ള വെബ് സീരീസുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

പ്രിയാമണിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു ചെന്നൈ എക്സ്പ്രസിലെ ഗാനരംഗം. ഇപ്പോഴിതാ ആ ഗാനരംഗത്തിൽ ചുവടുവയ്ക്കാനായുള്ള അവസരം തന്നെ തേടിയെത്തിയതിനെ കുറിച്ച് ഓർക്കുകയാണ് പ്രിയമണി. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് പ്രിയ ഓർമ്മ പങ്കുവച്ചത്.
ബംഗ്ലൂരിലുള്ള സമയത്താണ് രോഹിത് ഷെട്ടിയുടെ ഓഫീസിൽ നിന്ന് ഒരു ഫോൺ കോൾ വരുന്നത്. ആദ്യം കേട്ടപ്പോൾ ആരോ പറ്റിയ്ക്കുകയാണെന്ന് തോന്നിയെങ്കിലും മാനേജറുടെ സഹായത്തോടെ കോൾ വ്യാജമല്ലെന്ന് സ്ഥിരീകരിച്ചു. ഷാരൂഖ് ഖാനൊപ്പമുള്ള ഗാനരംഗത്തിനായാണ് തന്നെ സമീപിച്ചെന്ന് മനസ്സിലാക്കിയപ്പോൾ ഇരട്ടി സന്തോഷത്തിലായെന്ന് പ്രിയ പറയുന്നു.
അങ്ങനെ ഷാരൂഖിനെ നേരിട്ടു കാണുക എന്ന ആഗ്രഹം സഫലീകരിക്കാനായി ഉടൻ തന്നെ മുംബൈലിലേക്ക് പുറപ്പെട്ടു. രോഹിത് ഷെട്ടിയുടെ ഓഫീസിൽ നല്ല സ്വീകരണമാണ് ലഭിച്ചത്. ഗാനരംഗത്തെ കുറിച്ച് വളരെ വ്യക്തമായി തന്നെ സംവിധായകൻ വിശദീകരിച്ച് നൽകിയെന്നും താരം ഓർക്കുന്നു. ഷാരൂഖിനൊപ്പം 'വൺ ടൂ ത്രീ ഫോർ' എന്ന ഗാനത്തിലാണ് പ്രിയ വേഷമിട്ടത്.
'വളരെയധികം വിനയമുള്ള മനുഷ്യനാണ് ഷാരൂഖ് ഖാൻ. ലോകത്തിലെ ഏറ്റവും സ്വീറ്റായ വ്യക്തി ഒരുപക്ഷെ അദ്ദേഹമായിരിക്കും. ഗാനരംഗത്തിലെ ചില സീനുകളിൽ തുടച്ചയായി ചെയ്യേണ്ട സ്റ്റെപ്പുകളുണ്ടായിരുന്നു. അത് പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ അദ്ദേഹം എന്നോട് വിശ്രമിച്ചോളാൻ പറയും. നൃത്തം എനിക്ക് ഇഷ്ടമാണ് അതുകൊണ്ട് എത്ര തവണ വേണമെങ്കിലും ചെയ്യാം, ഒരു പ്രശ്നമില്ലെന്നാണ് ഞാൻ അന്ന് അദ്ദേഹത്തോട് പറഞ്ഞത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അഞ്ച് ദിവസങ്ങളായിരുന്നത്,' പ്രിയമണി പറഞ്ഞു.

ഷൂട്ടിങ്ങ് സമയത്തെ രസകരമായ നിമിഷങ്ങളെ കുറിച്ചും പ്രിയ പറയുകയുണ്ടായി. 'അങ്ങനെ ഒരുപാട് നേരം ഇരുന്ന് സംസാരിക്കുകയൊന്നും ചെയ്തിരുന്നില്ല, പക്ഷെ ഇടയ്ക്ക് അദ്ദേഹത്തിന്റെ ഐപാഡിൽ കോൻ ബനേഗാ ക്രോർപതി കളിച്ചു. അദ്ദേഹം എനിക്കങ്ങനെ 200 രൂപ തന്നു. ഞാൻ പറഞ്ഞ ഉത്തരങ്ങൾ ശരിയായത് കൊണ്ടാണ് 200 രൂപ സമ്മാനമായി നൽകിയത്',
ജോലിയോട് വളരെ ആത്മാർത്ഥത കാണിക്കുന്ന ആളാണ് ഷാരൂഖ് ഖാൻ എന്നും പ്രിയാമണി പറഞ്ഞു. രാവിലെ രണ്ടു മണിക്കോ, ആറു മണിക്കോ ആണ് ജോലി കഴിയുന്നതെങ്കിൽ നമ്മളൊക്കെ പോയി ഉറങ്ങും. പക്ഷെ അദ്ദേഹം പാക്കപ്പ് കഴിഞ്ഞാലും റൂമിൽ ചെന്ന് പ്രാക്റ്റീസ് ചെയ്യുന്ന വ്യക്തിയാണെന്നാണ് പ്രിയാമണി പറഞ്ഞത്. അതേസമയം, ഷാരൂഖിന്റെ പുതിയ ചിത്രം ജവാനിൽ പ്രിയമാണി അഭിനയിക്കുന്നുണ്ട്. ആറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നയൻതാര, വിജയ് സേതുപതി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.


Click it and Unblock the Notifications