'അതെനിക്ക് വളരെ സ്പെഷ്യലായിരുന്നു'; സൽമാൻ ഖാനൊപ്പം അഭിനയിച്ച നാളുകൾ വീണ്ടുമോർത്ത് ഐശ്വര്യ റായ്!
ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും മികച്ച നടിമാരിൽ ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. തമിഴിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നായികയായിട്ടാണ് ഐശ്വര്യയെ വിശേഷിപ്പിച്ചിരുന്നത്. നിരവധി യുവാക്കളുടെ ഹൃദയം കീഴടക്കിയ ഐശ്വര്യ ബോളിവുഡിലെ ചില നടന്മാരുടെയും ഹൃദയം കീഴടക്കിയിരുന്നു.
ഐശ്വര്യയുടെ പല പ്രണയങ്ങളും പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായതും വലിയ വിവാദമായി മാറിയതുമായിരുന്നു സൽമാൻ ഖാനുമായുള്ളത്. 1999 ല്‍ പുറത്തിറങ്ങിയ ഹം ദില്‍ ദേ ചുക്കേ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സല്‍മാനും ഐശ്വര്യയും അടുപ്പത്തിലാകുന്നത്. അന്നിത് വലിയ ചർച്ചയായിരുന്നു. കാരണം സൽമാൻ അന്നും ബി ടൗണിലെ ബാഡ് ബോയ് ഇമേജുള്ള നടനായിരുന്നു. ഐശ്വര്യയാവട്ടെ ലോകത്ത് തന്നെ അറിയപ്പെടുന്ന താര സുന്ദരിയും.

ഐശ്വര്യയെ ഈ ബന്ധം കരിയറിനെ തന്നെ ബാധിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. തുടർന്ന് ഇവർ വേർപിരിയുകയായിരുന്നു. സൽമാൻ ഖാന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഐശ്വര്യ ബന്ധം വേർപിരിഞ്ഞത്. മദ്യപാനം, വഴക്ക്, മോശം പെരുമാറ്റം, ബഹുമാനക്കുറവ് തുടങ്ങി പല കാര്യങ്ങളാണ് ഐശ്വര്യ ആരോപിച്ചത്.
ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയും ചെയ്യുന്നതാണ് താനും ചെയ്തതെന്നാണ് വേർപിരിഞ്ഞ ശേഷം ഐശ്വര്യ റായ് പ്രതികരിച്ചത്. പിന്നീടൊരിക്കലും സൽമാനെക്കുറിച്ചോ പഴയ ബന്ധത്തെക്കുറിച്ചോ ഐശ്വര്യ റായ് എവിടെയും സംസാരിച്ചിട്ടില്ല. പിന്നീട് ഇരുവരും ഒരിക്കൽ പോലും ഒരു സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടിമില്ല. സൽമാന്റെ സാന്നിധ്യമുള്ള എല്ലാ ഇടങ്ങളിൽ നിന്നും ഐശ്വര്യ മാറി നിൽക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നടൻ അഭിഷേക് ബച്ചനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഐശ്വര്യ. സൽമാൻ ഇപ്പോഴും അവിവാഹിതനാണ്
എന്നാൽ ഇപ്പോഴിതാ, സൽമാൻ ഖാനൊപ്പം അഭിനയിച്ച, ഇരുവരും പരസ്‌പരം പ്രണയത്തിലായ ആ സിനിമയെ കുറിച്ചും അതിലെ വേഷത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഐശ്വര്യ റായ്. ഹം ദിൽ ദേ ചുകേ സനം ആണ് ആ ചിത്രത്തിൽ. നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. പ്രേക്ഷക മനസ്സിൽ ഐശ്വര്യ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത വേഷമായിരുന്നു അത്. ഇപ്പോൾ, തന്റെ പുതിയ ചിത്രമായ പൊന്നിയിൻ സെൽവനിലും നന്ദിനി എന്ന കഥാപാത്രമായാണ് ഐശ്വര്യ എത്തുന്നത്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ്മീറ്റിൽ വീണ്ടും നന്ദിനിയാവുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പഴയ ഓർമകളെ കുറിച്ചും ഐശ്വര്യ പറഞ്ഞത്. യാദൃശ്ചികമായി സംഭവിച്ചതാണ് ഇതെന്നാണ് ഐശ്വര്യ പറഞ്ഞത്. എന്നിരുന്നാലും ഹം ദിൽ ദേ ചുകേ സനത്തിലെ നന്ദിനി അവിസ്മരണീയമായ കഥാപാത്രമാണെന്നും ആ ഓർമ്മകൾ അവിസ്മരണീയമായതാണെന്നുമാണ് ഐശ്വര്യ പറഞ്ഞത്. ഹം ദിൽ ദേ ചുകേ സനം തനിക്ക് എന്നും സ്പെഷ്യലാണെന്നും ഐശ്വര്യ പറഞ്ഞു.
രണ്ടു ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞതിലെ സന്തോഷവും ഐശ്വര്യ പങ്കുവച്ചു. നന്ദിനി ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടെന്ന് അറിയുമ്പോൾ സന്തോഷം. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവളാണ്. അന്ന് സഞ്ജയ് ബൻസാലി ജിയോടൊപ്പമായിരുന്നുവെങ്കിൽ ഇന്ന് എന്റെ ഗുരു മാണി സാറിനൊപ്പമാണ് എനിക്ക് നന്ദിനിയായി അഭിനയിക്കാൻ കഴിഞ്ഞത്.

ഇത്തരത്തിലുള്ള ശക്തരായ, ഒരുപാട് ലയറുകളുള്ള സ്ത്രീകളെയും, നിരവധി സ്ത്രീകളുടെ ജീവിതത്തെ സ്പർശിക്കുന്ന സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചത് ഒരു വലിയ അനുഗ്രഹമാണ്. അതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ് എന്ന് പറഞ്ഞാണ് ഐശ്വര്യ നിർത്തിയത്.
അടുത്തിടെ, നിത മുകേഷ് അംബാനി കൾച്ചർ സെന്ററിന്റെ ഉദ്ഘാടനത്തിന് എത്തിയ താരങ്ങളിൽ ഐശ്വര്യയും സൽമാനും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തില്ലെങ്കിലും രണ്ട് പേരും ഒരു ഫ്രെയ്മിൽ കുടുങ്ങിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഷാരൂഖ്, നിത അംബാനി തുടങ്ങിയവർക്കൊപ്പം സൽമാൻ പോസ് ചെയ്യവേ പിന്നിലോടെ നീങ്ങിയ ഐശ്വര്യ അതിൽ പെടുകയായിരുന്നു. ഇത് ആരാധകരും ഏറ്റെടുത്തിരുന്നു.


Click it and Unblock the Notifications